വീട്ടില്‍ ജപ്‌തി നോട്ടീസ്‌ പതിച്ചതിനു പിന്നാലെ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്‌തു

0

വീട്ടില്‍ ജപ്‌തി നോട്ടീസ്‌ പതിച്ചതിനു പിന്നാലെ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്‌തു. ശൂരനാട്‌ തെക്ക്‌ തൃക്കുന്നപ്പുഴ വടക്ക്‌ അജി ഭവനില്‍ അജിയുടെയും ശാലിനിയുടെയും മകള്‍ അഭിരാമി(19) യാണ്‌ മരിച്ചത്‌. ചെങ്ങന്നൂര്‍ എരമല്ലിക്കര ശ്രീ അയ്യപ്പാ കോളജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്‌.
ഇന്നലെ വൈകിട്ട്‌ 4.30 ന്‌ കോളജില്‍നിന്നു മടങ്ങിയെത്തിയ അഭിരാമിയെ തൊട്ടുപിന്നാലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവ സമയം അമ്മൂമ്മ ശാന്തമ്മ മാത്രമാണ്‌ വീട്ടിലുണ്ടായിരുന്നത്‌. ഇവരുടെ നിലവിളി കേട്ട്‌ ഓടിയെത്തിയവര്‍ അഭിരാമിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജപ്‌തി നോട്ടീസ്‌ കണ്ട അഭിരാമി മനംനൊന്ത്‌ ജീവനൊടുക്കുകയായിരുന്നെന്നു കരുതുന്നു.
കേരള ബാങ്കിന്റെ പതാരം ശാഖയില്‍ നിന്ന്‌ അജി എടുത്ത വായ്‌പയുടെ തിരിച്ചടവ്‌ മുടങ്ങിയിരുന്നു. ഇന്നലെ രാവിലെ 11 ന്‌ ബാങ്ക്‌ മാനേജരും പോലീസും ഉള്‍പ്പെടെയുള്ളവര്‍ വീട്ടിലെത്തി നോട്ടീസ്‌ പതിപ്പിച്ച്‌ മടങ്ങി. ഈ സമയം വീട്ടില്‍ അഭിരാമിയുടെ മുത്തശ്ശി മാത്രമാണുണ്ടായിരുന്നത്‌. വൈകിട്ടോടെ മാതാപിതാക്കള്‍ ബാങ്കിലേക്കു പോയി. ബാങ്ക്‌ മാനേജരുമായി സംസാരിക്കുന്നതിനിടെയാണ്‌ അഭിരാമി ജീവനൊടുക്കിയ വിവരം അറിയുന്നത്‌.
വായ്‌പാ കുടിശികയായ ഭൂമി ബാങ്കിന്റെ അധീനതയിലാണെന്ന്‌ കാട്ടി നോട്ടീസ്‌ പതിപ്പിക്കുന്ന ആദ്യഘട്ട നടപടിയാണ്‌ നടന്നതെന്നു ബാങ്ക്‌ അധികൃതര്‍ വിശദീകരിക്കുന്നു. ഇതിനു ശേഷം പത്രപരസ്യവും നല്‍കിയ ശേഷമാണ്‌ ജപ്‌തി നടപ്പാക്കുന്നതെന്നും ഇവര്‍ പറയുന്നു. ശാസ്‌താംകോട്ട ഡിവൈ.എസ്‌.പി: ഷെരീഫിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ്‌ സംഘം സ്‌ഥലത്ത്‌ എത്തിയിരുന്നു. ശാസ്‌താംകോട്ട താലൂക്കാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം അനന്തര നടപടികള്‍ക്കായി കൊല്ലം പാരിപ്പള്ളി ഗവ.മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ മാറ്റും.

LEAVE A REPLY

Please enter your comment!
Please enter your name here