ഹാൾ വിട്ടുനൽകിയില്ല, കോതമംഗലത്ത് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്‌മുറ്റത്ത് കുടുംബശ്രീയുടെ ഓണാഘോഷം

0

കോതമംഗലം : ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഹാൾ വിട്ടുനൽകാത്തതിനാൽ കുടുംബശ്രീ യോഗവും ഓണാഘോഷവും അലങ്കോലപ്പെട്ടതായി പരാതി. ചില ജീവനക്കാരുടെ പിടിവാശിയും അനാസ്ഥയുമാണ് ഇതിന്‌ പിന്നിലെന്നാണ് ആരോപണം. ഹാൾ കിട്ടാതെവന്നപ്പോൾ മുറ്റത്ത് ആഘോഷം നടത്തേണ്ടിവന്നു.

നഗരസഭ രണ്ടാം വാർഡിലാണ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് സ്ഥിതിചെയ്യുന്നത്. ഈ ഓഫീസ് മന്ദിരത്തിലെ ഹാളിലാണ് രണ്ടാംവാർഡുമായി ബന്ധപ്പെട്ട പരിപാടികൾ വർഷങ്ങളായി നടത്തുന്നത്. ഇത്രയുംകാലം എതിർപ്പില്ലാതെ ഹാൾ വിട്ടുനൽകി. എന്നാൽ, ഞായറാഴ്ച കുടുംബശ്രീ വാർഷികവും ഓണാഘോഷവും നടത്താൻ ഹാൾ നൽകാൻ അധികൃതർ തയ്യാറായില്ലെന്ന് വാർഡ് കൗൺസിലർ അഡ്വ. ജോസ് വർഗീസ് പറഞ്ഞു.

ഹാൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ഡി.ഒ.യ്ക്ക് കത്ത് നൽകിയിരുന്നതാണെന്നും ജോസ് വർഗീസ് ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥരുടെ നടപടിയിൽ അദ്ദേഹം പ്രതിഷേധിച്ചു. ഹാൾ തുറന്നുകിട്ടിയില്ലെങ്കിലും മുൻകൂട്ടി നിശ്ചയിച്ച ആഘോഷപരിപാടികൾ നടത്തിയാണ് കുടുംബശ്രീക്കാർ മടങ്ങിയത്. ഹാളിന്റെ മുറ്റത്തായിരുന്നു പരിപാടികൾ. മത്സരങ്ങളും കലാപരിപാടികളും ഉണ്ടായിരുന്നു. സി.ഡി.എസ്. ചെയർപേഴ്‌സൺ സാലി വർഗീസ്, ഗീത മണി, റോസിലി ജോസ്, ഡെയ്‌സി ജോയി, ചിത്ര സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here