രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നാളെ എറണാകുളം ജില്ലയിൽ പര്യടനമാരംഭിക്കും

0

കൊച്ചി : രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നാളെ എറണാകുളം ജില്ലയിൽ പര്യടനമാരംഭിക്കും. ആലപ്പുഴ ജില്ലയിലെ യാത്രയുടെ സമാപനത്തിനു ശേഷം ചൊവ്വാഴ്ച രാത്രി ഏഴിന് അരൂരിലെത്തുന്ന രാഹുലിന് ഫിഷറീസ് സർവകലാശാലാ അങ്കണത്തിൽ കണ്ടെയ്നറിലാണ് രാത്രി വിശ്രമം. ബുധനാഴ്ച രാവിലെ 6.30-ന് കുമ്പളം ടോൾ പ്ലാസയിലാണ് ജില്ലയിലെ പര്യടനം ആരംഭിക്കുക. 10.30-ന് ഇടപ്പള്ളി സെയ്‌ന്റ് ജോർജ് പള്ളി പാരിഷ് ഹാളിൽ യാത്ര എത്തും. ജാഥാംഗങ്ങൾ, മുൻ മുഖ്യമന്ത്രിമാർ, മുൻ കേന്ദ്രമന്ത്രിമാർ, ദേശീയ നേതാക്കൾ, എം.പി.മാർ, എം.എൽ.എ.മാർ എന്നിവർക്കൊപ്പം അവിടെ പ്രഭാത ഭക്ഷണം. ഒരു മണി മുതൽ മൂന്നുവരെ സാമൂഹിക, സാംസ്കാരിക പ്രമുഖർ, മതമേലധ്യക്ഷർ എന്നിവരുമായി കൂടിക്കാഴ്ച. നാലിന് ഇടപ്പള്ളി ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന യാത്ര രാത്രി ഏഴിന് ആലുവ സെമിനാരിപ്പടിയിലെത്തും. അവിടെ പൊതുയോഗത്തിൽ രാഹുൽ പ്രസംഗിക്കും. തുടർന്ന് രാത്രി യു.സി. കോളേജ് അങ്കണത്തിൽ. വ്യാഴാഴ്ച രാവിലെ 6.30-ന് ആലുവ ദേശം ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന പദയാത്ര 10.30-ന് കറുകുറ്റിയിലെത്തും. ഉച്ചയ്ക്ക് രണ്ടുമുതൽ മൂന്നുവരെ പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികളുമായി സംവാദം. തുടർന്ന് യാത്ര തൃശ്ശൂർ ജില്ലയിലേക്ക് കടക്കും.

12 നിയോജക മണ്ഡലങ്ങളിൽനിന്നായി അര ലക്ഷം പ്രവർത്തകർ യാത്രയിൽ പങ്കെടുക്കുമെന്ന് ഡി.സി.സി. അധ്യക്ഷൻ മുഹമ്മദ് ഷിയാസ് പത്രസമ്മേളനത്തിൽ അറിയിച്ചു.

ഇന്ന് അരൂരിൽ

അരൂർ : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത ഐക്യയാത്ര ചൊവ്വാഴ്ച അരൂർ നിയോജകമണ്ഡലത്തിലെത്തിച്ചേരും. 90 കിലോമീറ്ററുള്ള ആലപ്പുഴ ജില്ലയിലാണ് കേരളത്തിൽ ഏറ്റവും അധികം ദിവസം യാത്ര നടന്നത്.

ചൊവ്വാഴ്ച രാവിലെ 8.30-ന് ദേശീയപാതയോരത്ത് പട്ടണക്കാട് മിൽമ ഫാക്ടറിക്ക് സമീപമാണ് അരൂർ മണ്ഡലത്തിലേക്കുള്ള യാത്രയുടെ തുടക്കം. തുറവൂർ ക്ഷേത്ര മൈതാനിയിൽ വരവേല്പ് നൽകും. പെരുവനം കുട്ടൻ മാരാരുടെ പഞ്ചാരിമേളവും നിലവിളക്കും നിറപറയും ഒരുക്കും. മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ താലപ്പൊലിയുമുണ്ടാകും. പത്ത് മണിയോടെ കുത്തിയതോട്ടിൽ യാത്ര എത്തിച്ചേരും.

ഭക്ഷണം, വിശ്രമം എന്നിവയ്ക്കുശേഷം വൈകീട്ട് നാലിന് ജില്ലാ അതിർത്തിയിലേക്കുള്ള യാത്രയാരംഭിക്കും.

25,000-നു മേൽ പ്രവർത്തകർ യാത്രയെ അനുഗമിക്കും. മണ്ഡലത്തിലെ 183 ബൂത്തുകളിൽ നിന്നുള്ളവരും ഇടുക്കി ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിൽനിന്നുള്ള പ്രവർത്തകരും ലക്ഷദ്വീപിൽനിന്നുള്ള സംഘവും അണിചേരും. യാത്ര കടന്നുപോകുന്ന ദേശീയപാതയാകെ കമാനങ്ങളും പതാകകളും ഒരുക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here