നികുതിയുടെ കാണാപ്പുറങ്ങള്‍; ബമ്പറടിച്ച അനൂപിന് ലഭിക്കുക പാതി തുക മാത്രം

0

ബമ്പറടിച്ച ആവേശത്തില്‍ ആഘോഷങ്ങള്‍ തുടങ്ങുംമുമ്പ് നികുതിയുടെ കാണാപ്പുറങ്ങള്‍ കുരുക്കാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ധനകാര്യവിദഗ്ധര്‍. ഞായറാഴ്ച 25 കോടിയുടെ ബമ്പറടിച്ച തിരുവനന്തപുരം സ്വദേശി അനൂപിന് യഥാര്‍ഥത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുക 12.89 കോടിയോളം രൂപ മാത്രമാണ്. എന്നാല്‍, ഏജന്റ് കമ്മിഷനും നികുതിയും കഴിച്ച് 15.75 കോടി രൂപ ലഭിക്കുമെന്നാണ് പലരും കരുതുന്നത്.

25 കോടിയുടെ 10 ശതമാനം ഏജന്റ് കമ്മിഷനും 30 ശതമാനം നികുതിയും കുറച്ചാല്‍ കിട്ടുന്ന തുകയാണ് 15.75 കോടി. ഈ തുക ബന്പര്‍ ജേതാവിന്റെ അക്കൗണ്ടില്‍ വരുമെന്നത് ശരിയാണ്. ഏജന്റ് കമ്മിഷനും ടി.ഡി.എസും ചേര്‍ന്ന തുക മാത്രമാണ് ലോട്ടറിവകുപ്പ് നേരിട്ട് പിടിക്കുന്നത് എന്നതുകൊണ്ടാണിത്.

ഈ തുകയ്ക്കു പുറമേ ജേതാവ് നേരിട്ട് വേറെയും നികുതി അടയ്‌ക്കേണ്ടതുണ്ട്. സമ്മാനത്തുക അക്കൗണ്ടിലെത്തുന്നതോടെ അഞ്ചുകോടി രൂപയ്ക്കു മുകളില്‍ വരുമാനമുള്ളയാളായി മാറുന്ന ഭാഗ്യവാന്‍ നികുതിയുടെ 37 ശതമാനം സര്‍ചാര്‍ജ് അടയ്ക്കണം. ഇതിനു പുറമേ നികുതിയും സെസ് ചാര്‍ജും ചേര്‍ന്ന തുകയുടെ നാലുശതമാനം ആരോഗ്യ-വിദ്യാഭ്യാസ സെസ് ആയും അടയ്ക്കണം.

അതായത് 25 കോടിയുടെ ബന്പര്‍ നേടിയ ആള്‍ക്ക് 10 ശതമാനം ഏജന്റ് കമ്മിഷന്‍ കഴിഞ്ഞ് കിട്ടുന്ന തുകയ്ക്ക് ആകെയുള്ള നികുതിബാധ്യത 9,61,74,000 രൂപയാണ്. പണം അക്കൗണ്ടിലെത്തി രണ്ടുമാസത്തിനുള്ളില്‍ ബാക്കി തുക അടയ്ക്കണം. വൈകിയാല്‍ ഓരോ മാസവും ഈ തുകയുടെ ഒരു ശതമാനം പിഴത്തുകയും അടയ്ക്കണം.

ഭാഗ്യവാന്മാരില്‍ ഭൂരിപക്ഷത്തിനും സര്‍ചാര്‍ജിനെക്കുറിച്ചും സെസ്സിനെക്കുറിച്ചും ധാരണയില്ല. അതുകൊണ്ട് ഈ തുക അവര്‍ അടയ്ക്കാറുമില്ല. വര്‍ഷാവസാനം വരുമാനനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്ന സമയത്ത് ഈ തുകയും പിഴയും ചേര്‍ത്ത് അടയ്‌ക്കേണ്ടിവരുമ്പോഴേക്കും പലരും അക്കൗണ്ടിലെത്തിയ പണം ചെലവഴിച്ചുതുടങ്ങിയിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here