മലിനജലം കുടിച്ച് പന്ത്രണ്ടുകാരൻ മരിച്ചു; അമ്പതോളം ഗ്രാമവാസികൾ രോഗബാധിതരായെന്ന് റിപ്പോർട്ട്; 11 പേരുടെ നില ഗുരുതരം

0

കൊൽക്കത്ത: മലിനജലം കുടിച്ച് പന്ത്രണ്ടുവയസുകാരൻ മരിച്ചു. അമ്പതോളം ഗ്രാമവാസികൾ രോഗബാധിതരായെന്നാണ് റിപ്പോർട്ട്. ഇതിൽ 11 പേരുടെ നില ഗുരുതരമാണ്. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ മതുവാപൂരിലാണ് സംഭവം.

ആറാം ക്ലാസ് വിദ്യാർഥിയായ ശുഭദീപ് ഹാൽദർ ആണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. ശനിയാഴ്ച സ്കൂളിൽ നിന്നും മടങ്ങിയത്തിയ കുട്ടി വെള്ളം കുടിക്കുകയായിരുന്നു. തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ബന്ധുക്കൾ കുട്ടിയെ ഗ്രമത്തിലെ ഡോക്ടറുടെ അടുത്ത് എത്തിച്ചു. കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് ശക്തിനഗർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗ്രാമത്തിൽ പലർക്കും ഡയേറിയ പിടിപെട്ടിരുന്നു. 11 ഗ്രാമവാസികളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാൽ കുട്ടിയുടെ മരണത്തോടെയാണ് സംഭവം പുറംലോകം അറിയുന്നത്. കുട്ടിയുടെ മരണത്തെ തുടർന്ന് മെഡിക്കൽ സംഘം എത്തി. ഗ്രാമവാസികൾ ഉപയോഗിക്കുന്ന കുടിവെള്ളത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. മലിന ജലമാകാം കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് അധികൃതർ പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്

LEAVE A REPLY

Please enter your comment!
Please enter your name here