പോലീസിനും നാട്ടുകാര്‍ക്കും നേരേ തോക്ക് ചൂണ്ടി രക്ഷപ്പെട്ട മോഷ്ടാക്കളെ തിരിച്ചറിഞ്ഞു; സം​ഘത്തിൽ യുവതിയും

0

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ പോലീസിനും നാട്ടുകാർക്കും നേരേ തോക്ക് ചൂണ്ടി രക്ഷപ്പെട്ട മോഷ്ടാക്കളെ തിരിച്ചറിഞ്ഞു. ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് മോനിഷും ഇയാളുടെ കൂട്ടാളിയുമാണ് നഗരമധ്യത്തിൽ തോക്ക് ചൂണ്ടി മോഷണം നടത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇവർക്ക് പിന്നിൽ വൻ സംഘമുണ്ടെന്നും മോനിഷിനൊപ്പം ഒരു യുവതി താമസിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ യുവതിയുടെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു.

‌പ്രതികളെ കണ്ടെത്താനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. തോക്ക് ചൂണ്ടി രക്ഷപ്പെട്ട രണ്ടുപേർക്ക് പുറമേ, ഒപ്പമുള്ള യുവതിക്ക് വേണ്ടിയും ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനാണ് പോലീസിന്റെ തീരുമാനം. മോനിഷ് അടക്കമുള്ള ആറംഗ മോഷണസംഘം ഒരുമാസത്തോളമായി തിരുവനന്തപുരത്ത് തമ്പടിച്ചിരുന്നതായാണ് പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞമാസം 24-നാണ് ഉത്തർപ്രദേശിൽനിന്നുള്ള സംഘം തിരുവനന്തപുരത്ത് എത്തിയത്.

തുണിവില്പ്പനക്കാരെന്ന വ്യാജേനയാണ് ഇവർ നഗരത്തിൽ വീട് വാടകയ്‌ക്കെടുത്ത് താമസിച്ചിരുന്നത്. മോനിഷും യുവതിയും വഞ്ചിയൂരിലെ വാടക വീട്ടിലായിരുന്നു താമസം. പകൽ സമയത്ത് തുണിവില്പ്പനയ്ക്കിറങ്ങുന്ന സംഘം ആളില്ലാത്ത വീടുകൾ കണ്ടുവെച്ച് പിന്നീട് കവർച്ച നടത്തുന്നതായിരുന്നു രീതി. നഗരത്തിൽ അടുത്തിടെ നടന്ന പല മോഷണങ്ങൾക്കും പിന്നിലും ഇവരാണെന്നാണ് പോലീസിന്റെ സംശയം.

കഴിഞ്ഞദിവസം മോനിഷും യുവതിയും താമസിച്ചിരുന്ന വാടകവീട്ടിൽ പോലീസ് പരിശോധന നടത്തിയിരുന്നു. ഇവിടെനിന്ന് കമ്പിപ്പാര, സ്‌ക്രൂ ഡ്രൈവറുകൾ, വ്യാജ നമ്പർ പ്ലേറ്റുകൾ, ആധാർ കാർഡ് എന്നിവ പോലീസ് കണ്ടെത്തി. അതേസമയം, കഴിഞ്ഞദിവസത്തെ സംഭവത്തിന് പിന്നാലെ യുവതി അടക്കമുള്ള സംഘാംഗങ്ങളെല്ലാം ഒളിവിൽപോയിരിക്കുകയാണ്. ഇവർ തിരുവനന്തപുരം നഗരത്തിലോ അയൽജില്ലകളിലോ ഉണ്ടാകുമെന്നാണ് പോലീസിന്റെ നിഗമനം.

തിങ്കളാഴ്ചയാണ് നഗരത്തിൽ രണ്ടുപേർ സ്‌കൂട്ടറിൽ കറങ്ങിനടന്ന് മോഷണം നടത്തിയത്. ആറ്റുകാലിലെ വീട്ടിൽ നിന്ന് സ്വർണവും പണവും മോഷ്ടിച്ച സംഘം പിന്നീട് ഇടപ്പഴഞ്ഞിയിൽ എത്തി. ഇവിടെ ആളില്ലാത്ത വീട് കുത്തിത്തുറക്കുന്നതിനിടെ സമീപവാസികളുടെ കണ്ണിൽപ്പെട്ടു. ഇതോടെയാണ് തോക്ക് ചൂണ്ടി രണ്ടുപേരും രക്ഷപ്പെട്ടത്. പിന്നീട് പോലീസ് ഇവരെ പിന്തുടർന്നെത്തി പിടികൂടാൻ ശ്രമിച്ചെങ്കിലും പോലീസിന് നേരേയും തോക്ക് ചൂണ്ടി പ്രതികൾ കടന്നുകളയുകയായിരുന്നു.

പ്രതികൾ ഉപയോഗിച്ചിരുന്ന സ്‌കൂട്ടർ കഴിഞ്ഞദിവസം പി.എം.ജിക്ക് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കോവളം സ്വദേശിയായ ഓട്ടോ ഡ്രൈവറിൽനിന്നാണ് ഇവർ സ്‌കൂട്ടർ വാടകയ്ക്ക് എടുത്തതെന്നും പിന്നീട് നമ്പർ പ്ലേറ്റ് മാറ്റി ഉപയോഗിച്ചതാണെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here