സ്‌കൂളിലേക്ക് പോയ കുട്ടി വൈകുന്നേരമായിട്ടും തിരികെയെത്തിയില്ല; പതിനഞ്ചുകാരിയുടെ മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ച നിലയിൽ

0

മുംബൈ: കാണാതായ പെൺകുട്ടിയുടെ മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അന്ധേരി സ്വദേശിനിയായ വൻഷിത കനയ്യലാൽ റാത്തോഡ് ആണ് മരിച്ചത്. പാൽഖറിലെ നായ്‍ഗാവ് റെയിൽവേ സ്റ്റേഷന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് മുംബൈ അന്ധേരി നിവാസിയായ കുട്ടിയെ കാണാതായത്. രാവിലെ സ്‌കൂളിലേക്ക് പോയ കുട്ടി വൈകുന്നേരമായിട്ടും തിരികെ വീട്ടിലെത്തിയില്ല. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ഇന്നലെ വൈകീട്ടോടെയാണ് പാൽഘർ നായിഗാവ് റെയിൽവേ സ്റ്റേഷനിൽ റെയിൽവേ ട്രാക്കിന് 600 മീറ്റർ അകലെ നിന്നും സ്യൂട്ട് കേസിൽ മൃതദേഹം കണ്ടെത്തിയത്.

ശരീരം പുതപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു. കുത്തേറ്റ പരിക്കുകൾ ശരീരത്തിലുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന് വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് പറഞ്ഞു.

മൃതദേഹം അടങ്ങിയ ബാഗ് ട്രെയിനിൽ നിന്നും വലിച്ചെറിഞ്ഞതല്ലെന്നും, അവിടെ കൊണ്ടു വെച്ചതാണെന്നുമാണ് പൊലീസിന്റെ നിഗമനം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിൽ നിന്നും കൊലയാളിയെ കണ്ടെത്താനുള്ള സൂചന ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ

Leave a Reply