കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന റിപ്പോർട്ടുകളെ തള്ളാതെ ശശി തരൂർ

0

തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന റിപ്പോർട്ടുകളെ തള്ളാതെ ശശി തരൂർ. കാത്തിരിക്കൂവെന്നും താൻ മത്സരിക്കുമോ ഇല്ലയോ എന്നത് മൂന്നാഴ്ചയ്ക്കുള്ളിൽ അറിയാമെന്നും തരൂർ വ്യക്തമാക്കി. കൂടിയാലോചനകൾ ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിൽ പരിഷ്കരണം ആവശ്യപ്പെട്ട് രംഗത്തെത്തിയ ജി23 നേതാക്കളിൽ ഉൾപ്പെട്ടയാളാണ് തരൂർ. മാതൃഭൂമി ഡോട്ട് കോമിൽ എഴുതിയ ലേഖനത്തിലൂടെയാണ് തരൂർ മത്സരിക്കാനുള്ള സാധ്യത പരോക്ഷമായി സൂചിപ്പിച്ചത്. ഇത് ദേശീയ തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു.

‘സെപ്റ്റംബർ 22നാണ് വിജ്ഞാപനം ഇറങ്ങുന്നത്. മൂന്നാഴ്ച ഇനിയും ഉണ്ട്. അതിനുള്ളിൽ എല്ലാം മനസ്സിലാക്കി ആളുകളുമായി സംസാരിച്ച് തീരുമാനം എടുക്കണം. വിജ്ഞാപനം ഇറങ്ങാത്തതിനാൽ പെട്ടെന്ന് തീരുമാനം എടുക്കാനാകില്ല. അതുവരെ കാത്തിരിക്കൂ’ ഇന്ന് തിരുവനന്തപുരത്ത് തരൂർ മാധ്യമങ്ങളോട് പ്രതികരിച്ചു.
താൻ മത്സരിക്കുമോ ഇല്ലയോ എന്നത് പറയാനാവില്ല. ഒരു ജനാധിപത്യ പാർട്ടിയിൽ മത്സരം നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദിമേഖലയിൽ നിന്നുള്ള ആൾ അധ്യക്ഷ സ്ഥാനത്തേക്ക് എന്ന ചോദ്യത്തിന് തനിക്ക് ഹിന്ദിയും വഴങ്ങുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഹിന്ദിയിൽ തന്നെയായിരുന്നു തരൂർ മറുപടി നൽകിയത്. ‘ആ മേഖലയിൽ നിന്നുള്ള ആൾ വേണമെങ്കിൽ തിരഞ്ഞെടുപ്പിലൂടെ വരട്ടെ. ഇന്ത്യക്കാരൻ ആകുകയാണ് പ്രധാനം’ ഹിന്ദിയിൽ തരൂർ മറുപടി നൽകി.
ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മത്സരിക്കാൻ തരൂർ യോഗ്യനാണെന്നായിരുന്നു കെപിസിസി അധ്യക്ഷൻ സുധാകരന്റെ മറുപടി. മത്സരിക്കാൻ സുധാകരനും തരൂരിനും അവകാശമുണ്ട്. ശശി തരൂർ മത്സരിക്കാൻ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അതിനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. ജനാധിപത്യ പ്രക്രിയയിലൂടെ തങ്ങളതിന് പരിഹാരം കാണുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

Leave a Reply