സിംബാബ്‌വേയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പരയില്‍ ഇന്ത്യക്ക്‌ സമ്പൂര്‍ണ ജയം

0

സിംബാബ്‌വേയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പരയില്‍ ഇന്ത്യക്ക്‌ സമ്പൂര്‍ണ ജയം. മൂന്നാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ അവര്‍ 13 റണ്ണിനാണു ജയിച്ചത്‌. സിംബാബ്‌വേക്കെതിരേ ഇന്ത്യയുടെ തുടര്‍ച്ചയായ 15-ാം ജയം കൂടിയാണിത്‌.
ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ എട്ട്‌ വിക്കറ്റിന്‌ 289 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത സിംബാബ്‌വേ കളി തീരാന്‍ മൂന്ന്‌ പന്തുകള്‍ ശേഷിക്കേ 276 റണ്ണിന്‌ ഓള്‍ഔട്ടായി. സികന്ദര്‍ റാസയുടെ സെഞ്ചുറി (95 പന്തില്‍ മൂന്ന്‌ സിക്‌സറും ഒന്‍പത്‌ ഫോറുമടക്കം 115) സിംബാബ്‌വേയെ ജയത്തിനു തൊട്ടരികിലാക്കി. ശാര്‍ദൂല്‍ ഠാക്കൂര്‍ എറിഞ്ഞ 49-ാം ഓവറിലെ നാലാം പന്തില്‍ റാസ പുറത്തായതു സിംബാബ്‌വേയ്‌ക്കു തിരിച്ചടിയായി. അതോടെ അവര്‍ ഒന്‍പതിന്‌ 275 റണ്ണെന്ന നിലയിലായി. ആവേശ്‌ ഖാന്‍ അവസാന ഓവര്‍ എറിയാനെത്തുമ്പോള്‍ സിംബാബ്‌വേയ്‌ക്ക് ജയിക്കാന്‍ വേണ്ടത്‌ 15 റണ്‍. വിക്‌ടര്‍ ന്യായുചിയെ (0) ആവേശ്‌ ഖാന്‍ ബൗള്‍ഡാക്കിയതോടെ ഇന്ത്യയുടെ ജയം സമ്പൂര്‍ണമായി.
റാസയ്‌ക്കും സീന്‍ വില്യംസിനും (46 പന്തില്‍ 45) മാത്രമാണു മുന്‍നിരയില്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാനായത്‌. വാലറ്റത്ത്‌ ബ്രാഡ്‌ ഇവാന്‍സ്‌ (36 പന്തില്‍ 28) വിജയ പ്രതീക്ഷ നല്‍കി. ഇന്ത്യക്കു വേണ്ടി ആവേശ്‌ ഖാന്‍ 9.3 ഓവറില്‍ 66 റണ്‍ വഴങ്ങി മൂന്ന്‌ വിക്കറ്റെടുത്തു. ദീപക്‌ ചാഹാറും കുല്‍ദീപ്‌ യാദവും അക്ഷര്‍ പട്ടേലും രണ്ട്‌ വിക്കറ്റ്‌ വീതമെടുത്തു.
ശുഭ്‌മന്‍ ഗില്ലിന്റെ കന്നി ഏകദിന സെഞ്ചുറിയാണ്‌ ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്‌. 97 പന്തില്‍ ഒരു സിക്‌സറും 15 ഫോറുമടക്കം 130 റണ്ണെടുക്കാന്‍ ഗില്ലിനായി. പരമ്പരയിലാദ്യമായി തിളങ്ങിയ ഇഷാന്‍ കിഷന്‍ (61 പന്തില്‍ 50) അര്‍ധ സെഞ്ചുറി നേടി. സിംബാബ്‌വേയ്‌ക്കു വേണ്ടി ബ്രാഡ്‌ ഇവാന്‍സ്‌ 54 റണ്‍ വഴങ്ങി അഞ്ച്‌ വിക്കറ്റെടുത്തു. ഇവാന്‍സിന്റെ പ്രകടനം ഇന്ത്യയെ 300 റണ്‍ കടക്കുന്നതു തടഞ്ഞു. ടോസ്‌ നേടിയ നായകന്‍ ലോകേഷ്‌ രാഹുല്‍ ഇത്തവണ ആദ്യം ബാറ്റ്‌ ചെയ്യാന്‍ തീരുമാനിച്ചു. ശിഖര്‍ ധവാനൊപ്പം (68 പന്തില്‍ 40) രാഹുല്‍ (46 പന്തില്‍ ഒരു സിക്‌സറും ഫോറുമടക്കം 30) തന്നെ ഓപ്പണറായി. ഒന്നാം വിക്കറ്റ്‌ 63 റണ്‍ കൂട്ടിച്ചേര്‍ത്ത ശേഷമാണു പിരിഞ്ഞത്‌. രാഹുലിനെ ഇവാന്‍സ്‌ ബൗള്‍ഡാക്കി. രാഹുലിന്റെ പ്രകടനം ഭേദപ്പെട്ടെങ്കിലും പ്രതീക്ഷക്കൊത്തുയര്‍ന്നില്ല.
മൂന്നാം വിക്കറ്റില്‍ ഗില്ലും ഇഷാന്‍ കിഷനും ചേര്‍ന്ന്‌ ഇന്ത്യക്ക്‌ അടിത്തറ പാകി. 140 റണ്ണിന്റെ കൂട്ടുകെട്ടിലേക്കെത്തവെ ഇഷാന്‍ മുന്‍യോങയുടെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടായി. മോശം ഫോമിലായിരുന്ന ഇഷാന്‍ നിലയുറപ്പിക്കാന്‍ പാടുപെട്ടു. ദീപക്‌ ഹൂഡയും (ഒന്ന്‌) അക്ഷര്‍ പട്ടേലും (ഒന്ന്‌) നിരാശപ്പെടുത്തി. ഹൂഡയെ ഇവാന്‍സ്‌ക്ല ീന്‍ബൗള്‍ഡാക്കി. വൈകാതെ മിന്നും ഫോമിലുള്ള ഗില്‍ കരിയറിലെ ആദ്യ ഏകദിന സെഞ്ചുറി പൂര്‍ത്തിയാക്കി. 51 പന്തില്‍ അര്‍ധ സെഞ്ചുറിയും 82 പന്തില്‍ സെഞ്ചുറിയും കുറിക്കാന്‍ താരത്തിനായി. സിംബാബ്‌വേയില്‍ സെഞ്ചുറിയടിക്കുന്ന പ്രായം കുറഞ്ഞ ഇന്ത്യക്കാരനെന്ന നേട്ടവും 22 വയസുകാരനായ ഗില്‍ സ്വന്തമാക്കി. ഗില്ലിനൊപ്പം സഞ്‌ജു സാംസണ്‍ ക്രീസിലെത്തിയതോടെ അതിവേഗം റണ്ണുയര്‍ന്നു. തുടര്‍ച്ചയായി രണ്ട്‌ സിക്‌സറടിച്ച സഞ്‌ജു പ്രതീക്ഷ നല്‍കിയെങ്കിലും ജോങ്‌വീ പുറത്താക്കി. 13 പന്തില്‍ രണ്ട്‌ സിക്‌സറടക്കം 15 റണ്ണുമായാണു സഞ്‌ജു മടങ്ങിയത്‌. മധ്യനിര നിരാശപ്പെടുത്തിയത്‌ ഇന്ത്യയുടെ വമ്പന്‍ സ്‌കോര്‍ പ്രതീക്ഷയ്‌ക്കു തിരിച്ചടിയായി. ഇവാന്‍സ്‌ എറിഞ്ഞ അവസാന ഓവറിന്റെ ആദ്യ പന്തില്‍ ഗില്ലിനെ നഷ്‌ടമായി. അതേ ഓവറിന്റെ മൂന്നാം പന്തില്‍ ശാര്‍ദുല്‍ ഠാക്കൂറിനെയും (ആറ്‌ പന്തില്‍ ഒന്‍പത്‌) ഇവാന്‍സ്‌ മടക്കി. വിക്‌ടര്‍ ന്യൂച്ചി, ലൂക്‌ ജോങ്‌വി എന്നിവര്‍ ഓരോ വിക്കറ്റ്‌ വീതമെടുത്തു.
ആതിഥേയരുടെ മുന്‍നിര ബാറ്റര്‍മാര്‍ മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തി. സ്‌കോര്‍ ബോര്‍ഡില്‍ ഏഴ്‌ റണ്ണുള്ളപ്പോള്‍ ഓപ്പണര്‍ ഇന്നസെന്റ്‌ കായയെ (ആറ്‌) ദീപക്‌ ചാഹാര്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി. താകുഡ്വാന്‍ഷി കെയ്‌ത്താനോയെ (13) കുല്‍ദീപ്‌ യാദവിന്റെ പന്തില്‍ വിക്കറ്റ്‌ കീപ്പര്‍ ഇഷാന്‍ കിഷന്‍ സ്‌റ്റമ്പ്‌ ചെയ്‌തു. സീന്‍ വില്യംസ്‌ വെല്ലുവിളിയാവുമെന്ന്‌ തോന്നിച്ചെങ്കിലും അക്ഷര്‍ പട്ടേല്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി. മൂന്നാം മത്സരത്തില്‍ അവസരം ലഭിച്ച ടോണി മുന്യോന്‍ഗയ്‌ക്കും (15) കാര്യമായൊന്നും ചെയ്യാനായില്ല. ആവേശ്‌ ഖാനാണ്‌ താരത്തെ മടക്കിയത്‌. സികന്ദര്‍ റാസ ഒരുവശത്ത്‌ പിടിച്ചുനിന്നപ്പോഴും മറുവശത്ത്‌ വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നു. സെഞ്ചുറിയുമായി തിളങ്ങിയ ഗില്ലാണു മത്സരത്തിലെ താരം. മൂന്ന്‌ കളികളിലായി 245 റണ്ണെടുത്ത ഗില്‍ തന്നെയാണു പരമ്പരയിലെ താരവും

Leave a Reply