ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് വ്യാജ മദ്യത്തിന്റെ ഉത്പ്പാദനവും വിപണനവും തടയുന്നതിന് എക്സൈസിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ പരിശോധന ശക്തമാക്കി

0

ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് വ്യാജ മദ്യത്തിന്റെ ഉത്പ്പാദനവും വിപണനവും തടയുന്നതിന് എക്സൈസിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ പരിശോധന ശക്തമാക്കി. കേരള- കർണ്ണാടക അതിർത്തിയായ കൂട്ടുപുഴ, ആറളം ഫാമിന്റെ വിവിധ ഭാഗങ്ങൾ വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് പരിശോധന.

ഇരിട്ടി എക്സൈസ് റെയിഞ്ചിന്റെ നേതൃത്വത്തിൽ ആറളം ഫാമിൽ നടത്തിയ പരിശോധനയിൽ വ്യാജചാരായത്തിനായി തയ്യാറാക്കിയ 50 ലിറ്റർ വാഷ് പിടികൂടി നശിപ്പിച്ചു. ഫാം ഒന്മ്പതാം ബ്ലോക്കിൽ നിന്നാണ് വാഷും ഉപകരണങ്ങളും കണ്ടെടുത്തത്. പരിശോധനയ്ക്ക് പ്രിവന്റീവ് ഓഫീസർ കെ. ഉമ്മർ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.കെ. ബിജു, പി.കെ. സജേഷ്, ഷൈബി കുര്യൻ, ജി.ദൃശ്യ, എക്സൈസ് ഡ്രൈവർ ടി.എം. കേശവൻ എന്നിവർ നേതൃത്വം നൽകി.

വരും ദിവസങ്ങളിലും മേഖലയിൽ പരിശോധന കർശനമാക്കും. ഓണം ആഘോഷത്തിന്റെ മറവിൽ കർണ്ണാടകത്തിൽ നിന്നും വൻതോതിൽ കർണ്ണാക വിദേശ മദ്യം കടത്താനുള്ള സാധ്യത കണക്കിലെടുത്താണ് അതിർത്തിയിൽ പരിശോധന ശക്തമാക്കിയത്. മാക്കൂട്ടം- ചുരം പാതയിറങ്ങി വരുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കും. ഇതിനായി പ്രത്യേക സ്‌ക്വാഡിനേയും നിയോഗിച്ചിട്ടുണ്ട്.

വ്യാജ മദ്യത്തിനൊപ്പം വൻതോതിൽ മയക്കുമരുന്നുകളും അതിർത്തി കടന്ന് എത്തുന്നുണ്ട്. ബെംഗളൂരു, മൈസൂരു ഭാഗങ്ങളിൽ നിന്നാണ് എം ഡി എം എ ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ എത്തുന്നത്. ഇതു തടയുന്നതിനായി കേരളത്തിന്റെയും കർണ്ണാടകത്തിന്റെയും ആർ ടിബസ്സുകളും സ്വകാര്യ ടൂറിസ്റ്റ് ബസ്സുകളും ഉൾപ്പെടെ മുഴുവൻ വാഹനങ്ങളും പരിശോധിക്കും.

മാക്കൂട്ടം ചുരം റോഡ് വഴി എത്തുന്ന വാഹനങ്ങൾ പരിശോധിക്കാൻ കിളിയന്തറയിൽ എക്സൈസിന്റെ ചെക്ക് പോസ്റ്റ് ഉണ്ടെങ്കിലും കിളിയന്തറ വഴി പോകാതെ കച്ചേരിക്കടവ് പാലം വഴിയും പേരട്ട , ഉളിക്കൽ വഴിയും സാധനങ്ങൾ കടത്താനുള്ള സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് ഇവിടങ്ങളിലും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. അതിർത്തിയിൽ പൊലീസിന്റെ സ്ഥിരം പരിശോധനാ സംവിധാനം ഒന്നും ഇല്ല.

പരിശോധനയ്ക്ക് എത്തുന്നവർക്ക് പ്രാധമികാവശ്യങ്ങൾക്ക് പോലും ഏറെ പ്രയാസം നേരിടുകയാണ്. വളവുപാറ റോഡിൽ കെ എസ് ടി പിയുടെ അധീനതയിലുള്ള നിരവധി സ്ഥലങ്ങൾ ഉണ്ടെങ്കിലും ഇവിടങ്ങളിൽ പൊലീസ് എയിഡ് പോസ്റ്റ് അനുവദിക്കണമെന്ന ആവശ്യം ഇതുവരെ അധികൃതർ ചെവിക്കൊണ്ടിട്ടില്ല.

Leave a Reply