മകനെ മര്‍ദ്ദിക്കുന്നത് ചോദ്യം ചെയ്തു; ആലങ്ങാട്ടെ മധ്യവയസ്ക​ന്റെ മരണത്തിൽ രണ്ടുപേർ കസ്റ്റഡിൽ

0

കൊച്ചി: ആലങ്ങാട് മർദ്ദനത്തിനിടെ മധ്യവയസ്കൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ. ആലങ്ങാട് സ്വദേശികളായ നിധിൻ, തൗഫീഖ് എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. മകനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് ഇരുവരും അച്ഛൻ വിമൽ കുമാറിനെ മർദ്ദിച്ചത്. സംഭവത്തിൽ കൊലക്കുറ്റം, തടഞ്ഞ് വച്ച് ആക്രമിക്കല്‍ എന്നീ വകുപ്പുകളിലാണ് പ്രതികൾക്കെതിരം കേസെടുത്തിരിക്കുന്നത്.

ആലങ്ങോട് കൈപ്പടി ക്ഷേത്രത്തിന് സമീപം ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. കൊല്ലംപറമ്പില്‍ വീട്ടില്‍ വിമല്‍ കുമാർ (54 ) ആണ് മരിച്ചത്. മകനെ മര്‍ദ്ദിക്കുന്നത് ചോദ്യം ചെയ്തതോടെയാണ് അക്രമി സംഘം വിമല്‍ കുമാറിനെ മര്‍ദ്ദിച്ചത്. ലഹരി മാഫിയയാണ് ഇയാളെ മർദ്ദിച്ചത് എന്നാണ് ആരോപണം. ആലങ്ങാട് സ്വദേശികളായ നിധിനും തൗഫീഖുമാണ് വിമല്‍ കുമാരിന്‍റെ മകൻ രോഹിനെ മര്‍ദ്ദിച്ചത്. ഇരുവരും മദ്യ ലഹരിയിലായിരുന്നുവെന്ന് രോഹിൻ പറയുന്നു.

മകനെ മര്‍ദ്ദിക്കുന്നത് കണ്ട് പിടിച്ചുമാറ്റാനായി വീട്ടില്‍ നിന്നും ഓടിയെത്തിയതാണ് വിമല്‍. ഇതിനിടെ യുവാക്കൾ വിമലിനെയും മർദ്ദിക്കുകയായിരുന്നു. അടിയേറ്റ് കുഴഞ്ഞ് വീണ വിമല്‍ കുമാറിനെ ഉടൻ തന്നെ പറവൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിമല്‍ കുമാറിന് നേരത്തെ അസുഖമൊന്നുമില്ലായിരുന്നുവെന്ന് കുടുംബം പറയുന്നു. അതേസമയം, ആലങ്ങാട് പ്രദേശത്ത് ലഹരി സംഘങ്ങൾ സജീവമാണെന്നും യാതൊരു കാരണവുമില്ലാതെയാണ് വിമൽ കുമാറിനും മകനുമെതിരെ ആക്രമണം നടന്നതെന്നും നാട്ടുകാര്‍ പറയുന്നു.

വര്‍ക്ക് ഷോപ്പ് ജീവനക്കാനരായിരുന്നു അമ്പത്തിനാലുകാരനായ വിമല്‍കുമാര്‍. ഭാര്യയും വിദ്യാര്‍ത്ഥികളായ രണ്ട് മക്കളുമുണ്ട്. ആലങ്ങാട് പ്രദേശത്ത് അടുത്തകാലത്തായി മദ്യ-മയക്ക് മരുന്ന് മാഫിയയുടെ പ്രവര്‍ത്തനം കൂടിവരികയാണ്. ഇത് സംബന്ധിച്ച് നിരവധി തവണ നാട്ടുകാര്‍ ആലങ്ങാട് പൊലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here