ഇ.ഡി. ഇരുട്ട്‌ മുറിയില്‍ അടച്ചെന്ന്‌ റാവുത്ത്‌: എ.സി. മുറി നല്‍കിയെന്നു മറുപടി

0

മുംബൈ: കള്ളപ്പണം വെളിപ്പിക്കല്‍ കേസില്‍ അറസ്‌റ്റിലായ ശിവസേനാ നേതാവ്‌ സഞ്‌ജയ്‌ റാവുത്ത്‌ എം.പി. എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റി(ഇ.ഡി.) നെതിരേ ഗുരുതര ആരോപണവുമായി രംഗത്ത്‌.
കസ്‌റ്റഡിയിലെടുത്തശേഷം ജനലുകളോ വെന്റിലേഷനോ ഇല്ലാത്ത മുറിയില്‍ അടച്ചതായാണ്‌ അദ്ദേഹം പ്രത്യേക കോടതിയെ അറിയിച്ചത്‌. അദ്ദേഹത്തിന്റെ ഇ.ഡി. കസ്‌റ്റഡി കോടതി ഈ മാസം എട്ടുവരെ പ്രതേ്യക കോടതി ജഡ്‌ജി എം.ജി. ദേശ്‌പാണ്ഡേ ദീര്‍ഘിപ്പിച്ചു.
പത്ര ചാള്‍ കെട്ടിട പുനര്‍നിര്‍മാണ കുംഭകോണവുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ ഞായറാഴ്‌ച പാതിരാത്രിയിലാണ്‌ സഞ്‌ജയ്‌ റാവുത്തിനെ ഇ.ഡി. അറസ്‌റ്റ്‌ ചെയ്‌തത്‌. കേസുമായി ബന്ധപ്പെട്ട്‌ സഞ്‌ജയ്‌ റാവുത്തിന്റെ ഭാര്യ വര്‍ഷ റാവത്തും ഇ.ഡിയുടെ നിരീക്ഷണത്തിലാണ്‌. കേസിന്റെ വാദം കേള്‍ക്കുമ്പോള്‍ ഇ.ഡിയെക്കുറിച്ച്‌ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ എന്ന്‌ ആരാഞ്ഞപ്പോഴാണ്‌ അദ്ദേഹം പരാതി നല്‍കിയത്‌. തുടര്‍ന്ന്‌ കോടതി ഇ.ഡിയോട്‌ വിശദീകരണം തേടി.
റാവുത്തിനെ എ.സി. മുറിയിലാണ്‌ പാര്‍പ്പിച്ചതെന്നു ഇ.ഡിക്കു വേണ്ടി കോടതിയില്‍ ഹാജരായ സ്‌പെഷല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ ഹിറ്റന്‍ വേണുഗോപാല്‍ അറിയിച്ചു. എന്നാല്‍ എ.സി. അവിടെ ഉണ്ടായിരുന്നെങ്കിലും ആരോഗ്യ കാരണങ്ങളാല്‍ താന്‍ അത്‌ ഉപയോഗിച്ചില്ലെന്ന്‌ റാവുത്ത്‌ പറഞ്ഞു. അദ്ദേഹത്തെ വായൂ സഞ്ചാരമുള്ള മുറിയില്‍ പാര്‍പ്പിക്കുമെന്ന്‌ ഇ.ഡി. കോടതിയില്‍ ഉറപ്പുനല്‍കി. രാജ്യസഭാംഗമായ റാവുത്ത്‌ ശിവസേന അധ്യക്ഷന്‍ ഉദ്ധവ്‌ താക്കറെയുടെ അടുത്ത അനുയായിയും പാര്‍ട്ടിയുടെ മുഖ്യവക്‌താവും, പാര്‍ട്ടി മുഖപത്രമായ സാമ്‌നയുടെ എക്‌സിക്യൂട്ടീവ്‌ എഡിറ്ററുമാണ്‌.

വര്‍ഷയ്‌ക്കും ഇ.ഡി. നോട്ടീസ്‌

മുംബൈ: പത്ര ചാള്‍ കെട്ടിട പുനര്‍നിര്‍മാണ കുംഭകോണക്കേസില്‍ ശിവസേന രാജ്യസഭാംഗം സഞ്‌ജയ്‌ റാവുത്തിന്റെ ഭാര്യ വര്‍ഷ റാവുത്തിനെയും ചോദ്യം ചെയ്യാനായി വിളിപ്പിച്ച്‌ ഇ.ഡി.
കുംഭകോണക്കേസുമായി ബന്ധപ്പെട്ട്‌ വര്‍ഷ റാവുത്തിന്റെ പേര്‍ ഇ.ഡി. പലതവണ പരാമര്‍ശിച്ചിരുന്നു. വര്‍ഷയുടെ പേരിലുള്ള ചില സ്വത്തുക്കള്‍ക്ക്‌ ഈ കേസുമായി ബന്ധമുണ്ടെന്നാണ്‌ ആരോപണം

LEAVE A REPLY

Please enter your comment!
Please enter your name here