ജലീലിന്റെ വീട്ടിലേക്ക്‌ ബി.ജെ.പി. മാര്‍ച്ച്‌ നടത്തി , എം.എല്‍.എയുടെ ഓഫീസില്‍ കരിഓയില്‍ ഒഴിച്ച മൂന്ന്‌ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍

0


മലപ്പുറം: രാജ്യദ്രോഹ പരാമര്‍ശം നടത്തിയെന്നാരോപിച്ച്‌ കെ.ടി. ജലീല്‍ എംഎല്‍എയുടെ എടപ്പാളിലെ ഓഫീസിലേക്കു യുവമോര്‍ച്ച നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ ഓഫീസില്‍ കരിഓയില്‍ ഒഴിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്‌റ്റില്‍. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റും പുഴക്കാട്ടിരി സ്വദേശിയുമായ ഏലായില്‍ സജേഷ്‌(31), മാങ്ങാട്ടിരി സ്വദേശി കദളിയില്‍ സുബിത്ത്‌(27), മൂതൂര്‍ സ്വദേശി കോതകുളങ്ങര സുധന്‍(30) എന്നിവരെയാണ്‌ അന്വേഷണസംഘം അറസ്‌റ്റ്‌ ചെയ്‌തത്‌. ഓഫീസിന്‌ പുറത്തെ എം.എല്‍.എ ഓഫീസ്‌ എന്ന ബോര്‍ഡിലും അടച്ചിട്ട ഓഫീസിന്റെ ഷട്ടറലുമാണ്‌ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ചത്‌.
ഇതിന്‌ പുറമെ കശ്‌മീര്‍ ഇന്ത്യയുടേത്‌, യുവമോര്‍ച്ച പ്രതിഷേധം എന്ന എഴുതിയ പോസ്‌റ്ററും ഷട്ടറില്‍ പതിച്ചു. ഇതിന്റെ വീഡിയോകള്‍ പുറത്തുവന്നിരുന്നു.
തുടര്‍ന്നാണ്‌ വീഡിയോയില്‍ കാണുന്ന മൂന്നുപ്രതികളെ ചങ്ങരംകുളം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. പിടിയിലായ പ്രതികളെ പൊന്നാനി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കി.
അതേസമയം, രാജ്യദ്രോഹ പരാമര്‍ശം നടത്തിയ കെ.ടി. ജലീല്‍ എം.എല്‍.എ. സ്‌ഥാനം രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ ബി.ജെ.പി പ്രവര്‍ത്തകര്‍ ഇന്നലെ വളാഞ്ചേരിയിലുള്ള ജലീലിന്റെ വീട്ടിലേക്കും മാര്‍ച്ച്‌ നടത്തി.
ജലീലിനെ കാത്തിരിക്കുന്നത്‌ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന മദനിയുടെ അവസ്‌ഥയാണെന്ന്‌ ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌ത്‌ ബി.ജെ.പി. ജില്ലാ പ്രസിഡന്റ്‌ രവി തേലത്ത്‌ പറഞ്ഞു.

Leave a Reply