വൈദികർക്ക് തുറന്ന കത്തുമായി ബിഷപ് ആന്റണി കരിയിൽ

0

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിൽ, സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ, വൈദികർക്ക് തുറന്ന കത്തുമായി ബിഷപ് ആന്റണി കരിയിൽ. അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പാക്കാൻ സിനഡ് വാശി പിടിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. അതിരൂപതയ്ക്ക് കീഴിൽ ചില രൂപതകളിൽ ഏകീകൃത കുർബാന നടപ്പാക്കിയെങ്കിലും ഐക്യം ഉണ്ടായിട്ടില്ല. അതിരൂപതയിൽ കുർബാന പരിഷ്‌കാരം നടപ്പാക്കിയാൽ വലിയ പ്രത്യാഘാതം ഉണ്ടാകുമായിരുന്നു. പ്രശ്‌നം ഉണ്ടാകാതിരിക്കാനാണ് താൻ ശ്രമിച്ചതെന്നും ബിഷപ്പ് പറയുന്നു.

ചാലക്കുടി ആശ്രമത്തിൽ നിന്നാണ് കത്ത് എഴുതിയത്. തന്നെ അനുസരണ ഇല്ലാത്തവനായി സിനഡ് ചിത്രീകരിച്ചുവെന്ന് അദ്ദേഹം വിമർശിക്കുന്നു. സിനഡിനെ അനുസരിച്ചിരുന്നെങ്കിൽ തനിക്ക് സ്ഥാനം ഉറപ്പാക്കാമായിരുന്നു. സത്യത്തിനും നീതിക്കും വേണ്ടിയാണ് അത് ചെയ്യാതിരുന്നതെന്നും കത്തിൽ പറയുന്നു. അതിരൂപത മെത്രാപൊലീത്തൻ വികാരി ആയത് സിനഡ് ഒപ്പം ഉണ്ടാകും എന്ന ഉറപ്പിലാണെന്നും അദ്ദേഹം പറയുന്നു.

ഭൂമി വില്പനയിൽ അതിരൂപതയ്ക്ക് വലിയ നഷ്ടം ഉണ്ടായെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അതിരൂപതയ്ക്ക് 29.51 കോടി രൂപയുടെ നഷ്ടം ആണ് ഉണ്ടായത്. നഷ്ടം ഉണ്ടാക്കിയത് ആരാണെന്ന് അതിരൂപതയ്ക്ക് അറിയേണ്ടതാണ്. അതിരൂപത നേരിട്ട് സിവിൽ കേസ് കൊടുക്കാൻ നിയമോപദേശം കിട്ടിയിട്ടും താൻ അത് ചെയ്തില്ല. വിഷയം സഭയ്ക്ക് ഉള്ളിൽ പരിഹരിച്ച് തീർക്കാനാണ് താൻ ശ്രമിച്ചതെന്നും അദ്ദേഹം പറയുന്നു.

മാർ ആന്റണി കരിയിലിന്റെ രാജി അംഗീകരിച്ചതിന് പിന്നാലെ, എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്ററായി മാർ ആൻഡ്രൂസ് താഴത്തിനെ മാർപാപ്പ നിയമിച്ചിരുന്നു. മാർ ആൻഡ്രൂസ് താഴത്ത് തൃശൂർ അതിരൂപത അധ്യക്ഷനായി തുടരും.

ഏകീകൃത കുർബാന വിഷയത്തിൽ വത്തിക്കാന്റെയും സിനഡിന്റെയും നിർദ്ദേശം പാലിക്കാതിരുന്നതിനെ തുടർന്നാണ് മാർ ആന്റണി കരിയിലിനോട് രാജി ആവശ്യപ്പെട്ടത്. വത്തിക്കാൻ പ്രതിനിധി നേരിട്ട് കണ്ട് രാജി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ആന്റണി കരിയിൽ സ്ഥാനം രാജിവച്ചത്.

സിറോ മലബാർ സഭയിലെ ഭിന്നതയുമായി ബന്ധപ്പെട്ട് വത്തിക്കാൻ പ്രതിനിധി ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ലിയോപോൾദോ ജിറേല്ലിയാണ് കഴിഞ്ഞ ചൊവ്വാഴ്ച കൊച്ചിയിലെത്തി അതിരൂപതാ മെത്രാപ്പൊലീത്തൻ വികാരി മാർ ആന്റണി കരിയിലുമായി കൂടിക്കാഴ്ച നടത്തിയത്. ഭൂമിയിടപാട്, കുർബാന ഏകീകരണം തുടങ്ങി എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട തർക്കത്തിൽ മാർ ആലഞ്ചേരിക്കെതിരേ നിലപാട് സ്വീകരിച്ച വൈദികർക്കൊപ്പമായിരുന്നു ബിഷപ്പ് ആന്റണി കരിയിൽ. സഭയിലെ 35 രൂപതകളിൽ എറണാകുളം അതിരൂപതയിൽ മാത്രമാണ് ഏകീകൃത കുർബാന അർപ്പണം നടപ്പാക്കാത്തത്.

കുർബാന ഏകീകരണത്തെ പിന്തുണക്കില്ലെന്ന നിലപാടായിരുന്നു തുടക്കം മുതൽ ആന്റണി കരിയിലിന്റേത്. എറണാകുളം-അങ്കമാലി രൂപതയിൽ ജനാഭിമുഖ കുർബാന തുടരുമെന്നും വ്യക്തമാക്കിയിരുന്നു. മാർപാപ്പ പൂർണമായി ഇളവ് അനുവദിച്ചതാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി സിനഡ് മെത്രാന്മാർക്ക് ബിഷപ്പ് കത്തയച്ചിരുന്നു. അതേസമയം, സിറോ മലബാർ സഭയിലെ എല്ലാ മെത്രാന്മാരും സിനഡ് തീരുമാന പ്രകാരമുള്ള ഏകീകൃത കൂർബാന അർപ്പിക്കണമെന്ന കർശന നിർദ്ദേശത്തോടെ മാർ ജോർജ് ആലഞ്ചേരി സർക്കുലർ ഇറക്കിയിരുന്നു.

കഴിഞ്ഞ 19-ന് ഡൽഹിയിലേക്ക് വിളിപ്പിച്ച് മാർ ആന്റണി കരിയിലിന് സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് ലിയോപോൾദോ ജിറേല്ലി കത്ത് കൈമാറിയിരുന്നു. ഇതോടെയാണ് രാജിക്ക് കളമൊരുങ്ങിയത്

Leave a Reply