കഞ്ചാവിന് പകരം പത്രം പൊതിഞ്ഞ് നൽകിയ യുവാവിന് ക്രൂരമർദ്ദനം; യുവതിയും കൂട്ടാളിയും പിടിയിൽ

0

പത്തനംതിട്ട: കഞ്ചാവിന് പകരം പത്രം പൊതിഞ്ഞ് നൽകിയതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി ​ഗുരുജി എന്ന ​ഗിരീഷ് കുമാർ, തിരുവല്ല സ്വദേശി ​ഗോപിക എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് ഒന്നര വർഷത്തിന് ശേഷമാണ് ​ഗിരീഷും ​ഗോപികയും പിടിയിലാകുന്നത്. ​ഗിരീഷിനെതിരെ വിവിധ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്.

2021 മാർച്ചിൽ കോട്ടയം മെഡിക്കൽ കോളേജിന് സമീപത്തുനിന്നാണ് ഇവർ യുവാവിനെ തട്ടിക്കൊണ്ടുപോയത്.10 പേരടങ്ങുന്ന സംഘമാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. കഞ്ചാവ് നൽകാമെന്ന് പറഞ്ഞ് യുവാവ് സംഘത്തിന്റെ പക്കൽ നിന്ന് പണം വാങ്ങിയിരുന്നു. എന്നാൽ കഞ്ചാവ് നൽകുന്നതിന് പകരം ഇയാൾ പത്രക്കടലാസ് കൂട്ടിയിട്ട് പൊതിഞ്ഞാണ് കൊടുത്തത്. ഇതേ തുടർന്ന് പ്രകോപിതരായ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു.

സംഭവത്തിന് ശേഷം ഒളിവിൽപ്പോയ പ്രതികളിൽ ആറ് പേരെ പൊലീസ് പിടികൂടിയിരുന്നു. നീത് രവികുമാർ, അഭിഷേക് പി. നായർ, ചിക്കു എന്ന ഡി. ലിബിൻ, സതീഷ്, സജീദ്, രതീഷ് കുമാർ എന്നിവരെയാണ് പൊലീസ് നേരത്തേ പിടികൂടിയത്. തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഒളിവിൽ പോയ പ്രതികൾക്കായി തിരച്ചിൽ തുടങ്ങി.

Leave a Reply