പൊലീസുകാരന്റെ വീട്ടില്‍ കയറി അതിക്രമം കാട്ടി വധഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ

0

മലപ്പുറം: പൊലീസുകാരന്റെ വീട്ടില്‍ കയറി അതിക്രമം കാട്ടി വധഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. അരിമണല്‍ കൂനമ്മാവിലെ മുതുകോടന്‍ മഷൂദിനെയാണ് (25) കരുവാരകുണ്ട് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ സികെ. നാസറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 21ന് രാത്രി എട്ട് മണിക്കാണ് സംഭവം നടക്കുന്നത്.

മഷൂദ് കാളികാവ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറുടെ അരിമണലിലെ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം അഴിച്ചുവിട്ടത്. കാര്‍ തകര്‍ക്കുകയും പൊലീസ് ഉദ്യോഗസ്ഥനെ കൊല്ലുമെന്ന് വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനുശേഷം ഇയാള്‍ വയനാട്ടില്‍ ഒളിവിലായിരുന്നു. വീട്ടിൽ കഞ്ചാവ് ഒളിപ്പിച്ചതായി വിവരം ലഭിച്ചതിനെ തുടർന്ന് മഷൂദിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാൽ പൊലീസിന് രഹസ്യ വിവരം കൈമാറിയത് സിവിൽ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞുള്ള തർക്കത്തിന് ശേഷമായിരുന്നു മഷൂദിന്റെ ആക്രമണവും ഭീഷണിയും.

വീടിന്റെ പരിസരത്ത് ഒളിപ്പിച്ചുവെച്ച കഞ്ചാവ് എടുക്കാന്‍ വ്യാഴാഴ്ച വൈകീട്ട് മഷൂദ് വേഷംമാറി അരിമണലിലെത്തി. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയ പൊലീസിന് രഹസ്യവിവരം കൂടി ലഭിച്ച പൊലീസ്, നിലമ്പൂരിലെ ആന്റി നാര്‍കോട്ടിക് ഫോഴ്‌സിന്റെ സഹായത്തോടെ പ്രതിയെ പിന്തുടര്‍ന്ന്, കേരള പൂച്ചപ്പടിയില്‍ വച്ച് പിടികൂടുകയായിരുന്നു.

ഇയാളില്‍നിന്ന് 940 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. മഷൂദ് നേരത്തെ തന്നെ നിരവധി ക്രിമിനല്‍, മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. ജില്ലാ ക്രൈം സ്‌പെഷല്‍ സ്‌ക്വാഡ് അംഗങ്ങളായ എസ് ഐ എം അസൈനാര്‍, അഭിലാഷ് കൈപ്പിനി, ആസിഫ്, കരുവാരകുണ്ട് എസ് ഐ മനോജ്, ശിവന്‍, മനു മാത്യു, അജേഷ് എന്നിവരടങ്ങിയ സംഘമാണ് കേസിൽ കൂടുതൽ അന്വേഷണങ്ങൾ നടത്തുന്നത്. 

Leave a Reply