ബിഷപ്പ് ആന്റണി കരിയിലിനെതിരേ നടപടിയുമായി വത്തിക്കാന്‍

0

 
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ തര്‍ക്കത്തില്‍ ബിഷപ്പ് ആന്റണി കരിയിലിനെതിരേ നടപടിയുമായി വത്തിക്കാന്‍. ബിഷപ്പ് സ്ഥാനം ഒഴിയാന്‍ ആന്റണി കരിയിലിന് വത്തിക്കാന്‍ നോട്ടീസ് നല്‍കി. കഴിഞ്ഞ ദിവസം വത്തിക്കാന്‍ സ്ഥാനപതി ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് നേരിട്ട് നോട്ടീസ് നല്‍കുകയായിരുന്നു.

എന്തിനാണ് സ്ഥാനം ഒഴിയാന്‍ നിര്‍ദേശിച്ചത് എന്ന കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. ഏകീകൃത കുര്‍ബാനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ ആലഞ്ചേരി വിരുദ്ധവിഭാഗം വൈദികരെ പിന്തുണച്ചതിനാണ് ബിഷപ്പിനെതിരേ നടപടി ഉണ്ടായതെന്നാണ് സൂചന. ബിഷപ്പ് രാജിവെച്ച് ഒഴിയണമെന്ന് വിവിധകോണുകളില്‍നിന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് വത്തിക്കാന്‍ നേരിട്ട് ഇടപെട്ട് സ്ഥാനമൊഴിയാന്‍ നോട്ടീസ് നല്‍കിയത്.

കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ വിവിധവിഷയങ്ങളില്‍ ബിഷപ്പ് ആന്റണി കരിയില്‍ സഭയ്ക്ക് വിരുദ്ധമായ നിലപാടുകള്‍ എടുത്തിരുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. കുര്‍ബാന ഏകീകരണ വിഷയത്തില്‍ ഏകീകൃത കുര്‍ബാന അംഗീകരിക്കില്ലെന്ന് പരസ്യ നിലപാടും ബിഷപ്പ് ആന്റണി കരിയില്‍ സ്വീകരിച്ചിരുന്നു.
നോട്ടീസില്‍ എറണാകുളം അങ്കമാലി രൂപതയ്ക്ക് കീഴിലെ സ്ഥലങ്ങളില്‍ താമസിക്കാന്‍ പാടില്ലെന്ന നിര്‍ദശവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here