മഴ കനക്കുമ്പോൾ നെഞ്ചിൽ വേവുമായി കഴിയുന്ന 225 കുടുംബങ്ങളുണ്ട് തൃശൂരിൽ

0

തൃശൂർ: മഴ കനക്കുമ്പോൾ നെഞ്ചിൽ വേവുമായി കഴിയുന്ന 225 കുടുംബങ്ങളുണ്ട് തൃശൂരിൽ. ദുരന്ത നിവാരണ അതോററ്റിയുടെ കണക്കനുസരിച്ച് ഉരുൾപൊട്ടലും സോയിൽ പൈപ്പിങും മണ്ണിടിച്ചിലും പുഴ കരകവിഞ്ഞൊഴുകലും മറ്റുമായി മാറ്റി പാർപ്പിക്കേണ്ട കുടുംബങ്ങളിൽ അധികയാളുകളും തലപ്പിള്ളി താലൂക്കിലാണുള്ളത്.

ഒമ്പത് വില്ലേജുകളിൽ നിന്നായി 116 കുടുംബങ്ങളെയാണ് ഇവിടെനിന്ന് മാറ്റേണ്ടത്. ഇതിൽ തന്നെ പുലാക്കോട് വില്ലേജിൽ പാറക്കുന്ന് കോളനിയിലെ 27 കുടുംബങ്ങളെയാണ് മാറ്റി പർപ്പിക്കേണ്ടത്. സ്ഥിരം മണ്ണിടിച്ചൽ കേന്ദ്രമായ മുസാഫിരിക്കുന്നിന് സമീപത്തെ 21 കുടുംബങ്ങളെയാണ് തെക്കുംകര വില്ലേജിൽ നിന്നും മാറ്റേണ്ടത്.

വടക്കാഞ്ചേരി വില്ലേജിൽ ഒമ്പതാം ഡിവിഷനിൽ നിന്നും 12 കുടുംബങ്ങളെയും കയർ സൊസൈറ്റി റോഡിൽ കുമാരസഭ കോളനിയിൽ നിന്നും 10 കുടുംബങ്ങളെയും മാറ്റി പാർപ്പിക്കേണ്ടതുണ്ട്. കരുവന്നൂർ പുഴ കരകവിഞ്ഞൊഴുകാനുള്ള സാധ്യത പരിഗണിച്ച് പൊറിത്തിശ്ശേരി വില്ലേജിൽ പുഴയോട് ചേർന്ന ആറു വീട്ടുകാരെയും മാറ്റുമെന്നാണ് ജില്ല മണ്ണു സംരക്ഷണ ഓഫിസർ പുറപ്പെടുവിച്ച പട്ടികയിലുള്ളത്.

പ്രശ്ന സാധ്യത മേഖലയായ ചാലക്കുടി താലൂക്കിൽ നിന്നും അഞ്ചു വില്ലേജുകളിൽ നിന്നായി 48 കുടുംബങ്ങളെയാണ് മാറ്റി പാർപ്പിക്കുക. പരിയാരം വില്ലേജിൽ കാഞ്ഞിരപ്പിള്ളി ഐ.എച്ച്.ഡി.പി കോളനിയിലെ 19 കുടുംബങ്ങളെയും മാറ്റേണ്ടതുണ്ട്. തൃശൂർ താലൂക്കിൽ നിന്നും കൈനൂർ വില്ലേജിലെ കോക്കാത്ത് കോളനിയിൽ നിന്നും 26 കുടുംബങ്ങൾ മാറേണ്ടിവരും. പുത്തുർ വില്ലേജിലെ ചിറ്റക്കുന്നിൽ നിന്നുമാണ് ഏറ്റവും കൂടുതൽ കുടുംബങ്ങളെ മാറ്റേണ്ടി വരിക -40 കുടുംബങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here