സാമൂഹിക പെൻഷൻ വിതരണം ചെയ്യാൻ രൂപവത്കരിച്ച കമ്പനിയുടെ കടബാധ്യതയിൽനിന്ന് പിൻവാങ്ങി സംസ്ഥാന സർക്കാർ

0

തിരുവനന്തപുരം: സാമൂഹിക പെൻഷൻ വിതരണം ചെയ്യാൻ രൂപവത്കരിച്ച കമ്പനിയുടെ കടബാധ്യതയിൽനിന്ന് പിൻവാങ്ങി സംസ്ഥാന സർക്കാർ. കേരള സോഷ്യൽ സെക്യൂരിറ്റീസ് പെൻഷൻ ലിമിറ്റഡ് (കെ.എസ്.എസ്‌പി.എൽ.) എടുക്കുന്ന വായ്പകൾക്കുള്ള ജാമ്യമാണ് സർക്കാർ പിൻവലിച്ചത്.

കഴിഞ്ഞ നാലുവർഷംകൊണ്ട് ഏകദേശം 30,000 കോടിയിലേറെ രൂപ കെ.എസ്.എസ്‌പി.എൽ. കടമെടുത്തതായാണ് കണക്കാക്കുന്നത്. വിപണിയിൽനിന്ന് വായ്പയെടുക്കാൻ കേന്ദ്രം തടസ്സംനിന്നതാണ് സർക്കാരിനെ സമ്മർദത്തിലാക്കിയത്. സംസ്ഥാനത്തിന്റെ ബജറ്റേതര കടംകൂടി കണക്കിലെടുത്തേ വായ്പപരിധി നിശ്ചയിക്കൂവെന്നായിരുന്നു കേന്ദ്രനിലപാട്.

ജൂൺ 10-നിറങ്ങിയ ഉത്തരവിലാണ് കെ.എസ്.എസ്‌പി.എലിന്റെ ബാധ്യതകൾക്കുള്ള എല്ലാ പിന്തുണകളും സർക്കാർ പിൻവലിച്ചത്. എന്നാൽ ഈ തിരുത്തൽ സാങ്കേതികമാണെന്നും മന്ത്രിയും ഉദ്യോഗസ്ഥരും മാത്രമടങ്ങുന്ന ഡയറക്ടർ ബോർഡുള്ള കമ്പനിയുടെ ബാധ്യതയിൽനിന്ന് സർക്കാരിന് പിൻവാങ്ങാനാവില്ലെന്നും സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

2018-ലാണ് സാമൂഹിക പെൻഷൻ നൽകാൻ സർക്കാരിന്റെ നേതൃത്വത്തിൽ കമ്പനി രൂപവത്കരിച്ചത്. കെ.എസ്.എഫ്.ഇ., ബീവറേജസ് കോർപ്പറേഷൻ, പ്രാഥമിക സഹകരണ സംഘങ്ങളുടെ കൺസോർഷ്യം എന്നിവിടങ്ങളിൽനിന്നാണ് കമ്പനി വായ്പയെടുക്കുന്നത്.

സി.എ.ജി. റിപ്പോർട്ട് പ്രകാരം 2020-21 വരെ 22,615 കോടി രൂപയാണ് കെ.എസ്.എസ്‌പി.എൽ. വായ്പയെടുത്തിട്ടുള്ളത്. 2021-22ൽ പെൻഷൻ നൽകിയ തുകകൂടി ഉൾപ്പെടുത്തിയാൽ ആകെ ബാധ്യത 30,000 കോടിക്കുമുകളിൽ വരുമെന്നാണ് കണക്കാക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ബജറ്റ് വിഹിതവും സാമൂഹിക സുരക്ഷാ പെൻഷൻ നൽകുന്നതിനുള്ള കേന്ദ്രവിഹിതവുമാണ് കെ.എസ്.എസ്‌പി.എലിന്റെ വരുമാനം. നാലുവർഷത്തിനിടയിൽ 5500 കോടി രൂപ മാത്രമാണ് സർക്കാരിൽനിന്ന് ലഭിച്ചത്.

സർക്കാരിന്റെ സാമ്പത്തികസമ്മർദങ്ങൾ പെൻഷൻ വിതരണത്തെ ഒരു വിധത്തിലും ബാധിക്കാതിരിക്കാനാണ് പ്രത്യേകം കമ്പനി രൂപവത്കരിച്ചതെന്നായിരുന്നു മുൻ ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞത്. ഇത്തരം ബജറ്റേതര വായ്പകൾ കേന്ദ്രവും എല്ലാ സംസ്ഥാനങ്ങളും എടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here