ശ്രീലങ്കയില്‍ ബുധനാഴ്ച പ്രസിഡന്‍റ് തിരഞ്ഞടുപ്പ് നടക്കാനിരിക്കേ തുടര്‍നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന്

0

കൊളംബോ: ശ്രീലങ്കയില്‍ ബുധനാഴ്ച പ്രസിഡന്‍റ് തിരഞ്ഞടുപ്പ് നടക്കാനിരിക്കേ തുടര്‍നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന് . എസ്ജെബി നേതാവ് സജിത്ത് പ്രേമദാസയെ നാമനിര്‍ദേശം ചെയ്യുന്നതിലും പുതിയ പ്രധാനമന്ത്രിയെ നാമനിര്‍ദേശം ചെയ്യുന്നതിലും പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് ധാരണയിലെത്തും.  
ആക്ടിങ് പ്രസിഡന്‍റായി റെനില്‍ വിക്രമസിംഗെയെ അംഗീകരിക്കില്ലെന്നാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്. സ്പീക്കര്‍ ആക്ടിങ് പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കണമെന്നും തുടര്‍ന്ന് സഖ്യസര്‍ക്കാര്‍ രൂപീകരിക്കണമെന്നുമാണ് പ്രതിപക്ഷാംഗങ്ങളുടെ ആവശ്യം. റെനില്‍ വിക്രമസിംഗെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് മന്ദിരത്തില്‍ പ്രക്ഷോഭകരുടെ പ്രതിഷേധം തുടരുകയാണ്.  
 ഒന്നിലധികം സ്ഥാനാർത്ഥികളെ നിർത്തി റെനിൽ വിക്രമസിംഗെയെ സഹായിക്കുകയാണെന്ന് പ്രക്ഷോഭകർ ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയുടെ വസതിക്ക് മുന്നിൽ പ്രക്ഷോഭകർ പ്രതിഷേധിച്ചിരുന്നു. ഇതിനിടെ ഇന്ധനത്തിന് റേഷന്‍ സമ്പ്രദായം ഏര്‍പ്പെടുത്തിയുള്ള പദ്ധതി പൂര്‍ണമായും ഇന്ന് മുതല്‍ ശ്രീലങ്കയില്‍ നിലവില്‍ വരും.  നിര്‍ണായക രാഷ്ട്രീയ നീക്കങ്ങൾ പുരോഗമിക്കുന്നതിനിടെ ആക്ടിംഗ് പ്രസിഡൻ്റ് റെനിൽ വിക്രമസിംഗെ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഇതിനിടെ കൊളംബോയിൽ നിന്നും മാലിദ്വീപ് വഴി സിംഗപ്പൂരിലെത്തിയ മുൻ ശ്രീലങ്കൻ പ്രസിഡൻ്റ് ഗോത്തബയ രാജപക്സെയ്ക്ക് അഭയം നൽകില്ലെന്ന് സിംഗപ്പൂര്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് മാലിദ്വീപിൽ നിന്നും സൗദി എയര്‍ലൈൻസ് വിമാനത്തിൽ ഗോത്തബയ രണ്ട് സുരക്ഷാ ജീവനക്കാര്‍ക്കും ഭാര്യയ്ക്കും ഒപ്പം സിംഗപ്പൂരിൽ എത്തിയത്. അദ്ദേഹം രാഷ്ട്രീയ അഭയം തേടിയിട്ടില്ലെന്നും അദ്ദേഹത്തെ സിംഗപ്പൂരിൽ തുടരാൻ അനുവദിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സിംഗപ്പൂര്‍ വ്യക്തമാക്കുന്നു. സ്വകാര്യ സന്ദര്‍ശനത്തിനായാണ് ഗോത്തബയ സിംഗപ്പൂരിൽ എത്തിയത് എന്നാണ് സിംഗപ്പൂര്‍ വിദേശകാര്യമന്ത്രാലയം വിശദീകരിക്കുന്നത്. 
 

LEAVE A REPLY

Please enter your comment!
Please enter your name here