നായാട്ടിനിടെ വെടിയേറ്റു മരിച്ച ആദിവാസി യുവാവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി

0

നായാട്ടിനിടെ വെടിയേറ്റു മരിച്ച ആദിവാസി യുവാവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഇരുപതേക്കര്‍ കുടിയില്‍ ഭാഗ്യരാജിന്റെ മകന്‍ മഹേന്ദ്രനാ(24)ണ്‌ മരിച്ചത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ ഇരുപതേക്കര്‍ സ്വദേശികളായ കളപ്പുരയില്‍ സാംജി (42), ജോമി, പോതമേട്‌ സ്വദേശി മുത്തയ്യ എന്നിവരെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു.
പോതമേട്‌-ഒറ്റമരം റോഡിലെ ഗോസ്‌റ്റ്‌ ഹൗസിനു സമീപത്തെ എറണാകുളം സ്വദേശിയുടെ ഏലക്കാടിനുള്ളില്‍നിന്നാണ്‌ രണ്ടാഴ്‌ച പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്‌. 13 ദിവസമായി മഹേന്ദ്രനെ കാണാനില്ലായിരുന്നു. 10 ദിവസം മുമ്പു മഹേന്ദ്രന്റെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. രാജാക്കാട്‌ പോലീസ്‌ സ്‌ഥലത്തെത്തി ദിവസവും അന്വേഷണം നടത്തിയിരുന്നു. കസ്‌റ്റഡിയിലായ സാംജിയും സംഘവും തെരച്ചില്‍ നടത്തുന്നതിനും പോലീസിനൊപ്പമുണ്ടായിരുന്നു. മഹേന്ദ്രനെ കാണാതായ ദിവസം സാംജിയും ജോമിയും മഹേന്ദ്രനും ഓട്ടോറിക്ഷയില്‍ ഒരുമിച്ചു വന്നിറങ്ങുന്നതിന്റെ സി.സി. ടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിരുന്നു.
ഒരുമിച്ചു നായാട്ടിനു പോയ നാല്‍വര്‍ സംഘം ഉപ്പളയ്‌ക്കു താഴ്‌ഭാഗത്തു വേട്ടമൃഗത്തെ അന്വേഷിച്ചു നില്‍ക്കുമ്പോള്‍ മഹേന്ദ്രന്‍ ദൂരെ നില്‍ക്കുകയായിരുന്നെന്നും കോട്ടിട്ട മഹേന്ദ്രനെ പെട്ടെന്നു തിരിച്ചറിഞ്ഞില്ലെന്നുമാണ്‌ പിടിയിലായവരുടെ മൊഴി. മഹേന്ദ്രന്റെ കോട്ടിന്റെ ബട്ടന്‍സ്‌ ടോര്‍ച്ച്‌ വെളിച്ചത്തില്‍ തിളങ്ങിയപ്പോള്‍ കാട്ടുമൃഗത്തിന്റെ കണ്ണാണെന്നു തെറ്റിദ്ധരിച്ചു വെടിവച്ചെന്നും അവര്‍ പറഞ്ഞു. പുറത്തറിയാതിരിക്കാന്‍ മൃതദേഹം അവര്‍തന്നെ കുഴിച്ചിട്ടെന്നാണ്‌ വിവരം.
മഹേന്ദ്രനെ കണ്ടെത്താന്‍ പോലീസ്‌ അന്വേഷണം ഊര്‍ജിതമാക്കിയതിനു പിന്നാലെ പ്രതികള്‍ കീഴടങ്ങി മൊഴിനല്‍കുകയായിരുന്നു. സാംജിയാണ്‌ വെടിവച്ചെതന്നും മഹേന്ദ്രന്റെ നെഞ്ചിലും കാല്‍ തുടയിലുമാണ്‌ വെടിയുണ്ട കൊണ്ടതെന്നും രാജാക്കാട്‌ സി.ഐ: ബി. പങ്കജാക്ഷന്‍ പറഞ്ഞു. സംഭവം നടന്ന സ്‌ഥലത്തിനു സമീപത്തുനിന്നു നാടന്‍ തോക്കും നായാട്ടിന്‌ ഉപയോഗിച്ച ഉപകരണങ്ങളും കണ്ടെടുത്തു. ലൈസന്‍സ്‌ ഇല്ലാത്ത തോക്കാണെന്നു പ്രാഥമിക അനേ്വഷണത്തില്‍ വ്യക്‌തമായതായി പോലീസ്‌ പറഞ്ഞു. മൂന്നു ദിവസമായി പ്രതികള്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. അനേ്വഷണം വഴിതിരിച്ചുവിടാന്‍ പ്രതികള്‍ ശ്രമിച്ചതായും പോലീസ്‌ പറഞ്ഞു.
രാജാക്കാട്‌ പോലീസിന്റെ നേതൃത്വത്തില്‍ ഫോറന്‍സിക്‌ വിദഗ്‌ധരും സ്‌ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പിന്നീടു മണ്ണു നീക്കി മൃതദേഹം പുറത്തെടുത്തു പോസ്‌റ്റ്‌മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജിലേക്കു മാറ്റി. വിശദമായ ചോദ്യംചെയ്യലിനു ശേഷമാകും പ്രതികളുടെ അറസ്‌റ്റ്‌ രേഖപ്പെടുത്തുക. പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷമേ മരണകാരണമറിയാന്‍ സാധിക്കൂവെന്നു പോലീസ്‌ പറഞ്ഞു. മഹേന്ദ്രന്റെ മാതാവ്‌: ഭവാനി. സഹോദരങ്ങള്‍: പരേതനായ ബാലചന്ദ്രന്‍, സ്‌നേഹ.

LEAVE A REPLY

Please enter your comment!
Please enter your name here