മുഖ്യമന്ത്രി തന്റെ ജോലി കളയിച്ചുവെന്നും ചോദ്യം ചെയ്യലിന്റെ പേരില്‍ ക്രൈം ബ്രാഞ്ച്‌ ഉപദ്രവിക്കുകയാണെന്നും ആരോപിച്ചു സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷ്‌

0

കൊച്ചി: മുഖ്യമന്ത്രി തന്റെ ജോലി കളയിച്ചുവെന്നും ചോദ്യം ചെയ്യലിന്റെ പേരില്‍ ക്രൈം ബ്രാഞ്ച്‌ ഉപദ്രവിക്കുകയാണെന്നും ആരോപിച്ചു സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷ്‌.
ക്രൈംബ്രാഞ്ച്‌ ഉദ്യോഗസ്‌ഥര്‍ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യല്‍ എന്ന പേരില്‍ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയുമാണ്‌. എച്ച്‌.ആര്‍.ഡി. എസുമായുള്ള ബന്ധം ഉപേക്ഷിക്കാനും അഡ്വ. കൃഷ്‌ണരാജുമായുള്ള വക്കാലത്ത്‌ ഒഴിയാനും ക്രൈം ബ്രാഞ്ച്‌ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ സ്വര്‍ണക്കടത്തിലെ വെളിപ്പെടുത്തലിനുശേഷമുണ്ടായ 770 കലാപക്കേസുകളില്‍ പ്രതിയാക്കുമെന്നു പറഞ്ഞു. എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിനു നല്‍കിയ മൊഴിയും തെളിവുകളും മനസിലാക്കാന്‍ ശ്രമിച്ചു. രഹസ്യമൊഴിയിലെ വിശദാംശങ്ങള്‍ ചോദിച്ചു. വീണാ വിജയനെതിരേ കൊടുത്ത തെളിവുകള്‍ മനസിലാക്കാനും ശ്രമം നടന്നുവെന്നും സ്വപ്‌ന ആരോപിച്ചു. എത്ര കേസില്‍ പ്രതിയാക്കിയാലും കേസുമായി മുന്നോട്ടുപോകുമെന്നും സ്വപ്‌ന പറഞ്ഞു.
ജീവിച്ചിരിക്കുന്നിടത്തോളം കാലം താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കും. ഉടുതുണിക്കു മറുതുണിയില്ലാതെ ബസ്‌ സ്‌റ്റാന്‍ഡില്‍ കിടക്കേണ്ടി വന്നാലും തെരുവിലാണെങ്കിലും കേരളത്തിലെ ജനങ്ങള്‍ക്കു സത്യം മനസിലാക്കി കൊടുക്കുമെന്നു പറഞ്ഞ സ്വപ്‌ന തന്റെ അന്നം മുട്ടിച്ച മുഖ്യമന്ത്രിക്കു തൃപ്‌തിയായോ എന്നും ചോദിച്ചു. എച്ച്‌.ആര്‍.ഡി.എസ്‌. തന്നെ നിലനിര്‍ത്താനും സംരക്ഷിക്കാനും ഒരുപാടു ശ്രമിച്ചതാണ്‌. ക്രൈംബ്രാഞ്ച്‌, ഇന്റലിജന്‍സ്‌, റവന്യു, സ്‌പെഷല്‍ ബ്രാഞ്ച്‌ തുടങ്ങി എല്ലാവരും ഓരോ ബ്രാഞ്ചിലും ഓഫിസിലും കയറി ജീവനക്കാരെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു. എന്നിട്ടും അവര്‍ തന്നെ നിലനിര്‍ത്തിയത്‌ അതൊരു എന്‍.ജി.ഒ. ആയതുകൊണ്ടു മാത്രമാണ്‌. അവരോട്‌ തനിക്കു നന്ദിയുണ്ട്‌.
ജനങ്ങളെ സംരക്ഷിക്കണ്ട മുഖ്യമന്ത്രി ഒരു സ്‌ത്രീയുടെയും മക്കളുടെയും അന്നം മുട്ടിച്ചു. ശരിക്കും പട്ടിണിയിലാക്കി ഉപദ്രവിക്കുന്നു. ഇതിനെല്ലാം കാരണം ഞാന്‍ സത്യം പുറത്തു കൊണ്ടുവരാന്‍ ശ്രമിച്ചു എന്നതാണ്‌. സ്‌ഥാപനം തന്നെ ജോലിയില്‍ നിന്നു പുറത്താക്കിയതു നിവൃത്തികേടുകൊണ്ടാണ്‌. ഇനി മറ്റൊരു സ്‌ഥാനത്തിരുന്നു സാമൂഹ്യ സേവനം ചെയ്യാമെന്നാണു തീരുമാനം.
അഭിഭാഷകന്റെ ഫെയ്‌സ്‌ബുക്‌ പോസ്‌റ്റ്‌ കാണിച്ചിട്ട്‌, കമ്യൂണിസത്തിനെതിരേ പോസ്‌റ്റിട്ടു എന്നാണു ക്രൈംബ്രാഞ്ച്‌ പറയുന്നത്‌. ഇതിനു ഗൂഢാലോചനക്കേസുമായിഎന്തു ബന്ധമെന്നറിയില്ല. കേരളത്തില്‍ ജനിച്ചു വളര്‍ന്ന വ്യക്‌തി അല്ലാത്തതിനാല്‍ അവിടുത്തെ ചിട്ടകള്‍ പോലും അറിയില്ല. എന്നാല്‍ സംസാരിക്കുന്ന ഓരോ കാര്യവും തെറ്റാതെ തന്നെയാണ്‌ ആവര്‍ത്തിച്ചു പറയുന്നത്‌. 2016 മുതല്‍ 2020 വരെ നടന്ന കാര്യങ്ങള്‍ ഇന്നലെ വന്ന വക്കീലിനോ എച്ച്‌.ആര്‍.ഡി.എസിനോ പറയിക്കാനാവില്ല. വീണാ വിജയനു ബിസിനസ്‌ നടത്തിക്കൂടെന്നു താന്‍ എവിടെയും പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി മകള്‍ വീണയെ കാണുന്നതു പോലെ എല്ലാ പെണ്‍കുട്ടികളേയും കാണണമെന്നും സ്വപ്‌ന പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here