സംസ്‌ഥാനത്ത്‌ ഇതുവരെ നടന്നത് 972 അവയവ ശസ്‌ത്രക്രിയകള്‍; കൂടുതലും സ്വകാര്യ ആശുപത്രികളിലെന്ന് വിവരാവകാശ രേഖ

0

സംസ്‌ഥാനത്ത്‌ ഇതുവരെ 972 അവയവമാറ്റ ശസ്‌ത്രക്രിയകള്‍ നടന്നിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ നടന്നത്‌ 222 എണ്ണം മാത്രമെന്നു വിവരാവകാശ രേഖ. 2012-ല്‍ ആരംഭിച്ച മരണാനന്തര അവയവദാന പദ്ധതി മുഖേന കഴിഞ്ഞ മേയ്‌ 31 വരെയുള്ള കണക്കാണിത്‌.
സ്വകാര്യ ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലുമാണ്‌ അവയവമാറ്റ ശസ്‌ത്രക്രിയകളില്‍ ബഹുഭൂരിപക്ഷവും നടന്നിരിക്കുന്നത്‌. സംസ്‌ഥാനത്ത്‌ മൂന്നു മെഡിക്കല്‍ കോളജുകളില്‍ മാത്രമാണ്‌ ഈ കാലയളവില്‍ അവയവമാറ്റ ശസ്‌ത്രക്രിയ നടന്നിട്ടുള്ളത്‌. തിരുവനന്തപുരത്താണ്‌ ഏറ്റവും കൂടുതല്‍. 106 പേര്‍ക്കാണ്‌ (കിഡ്‌നി 105, കരള്‍ ഒന്ന്‌) ഇവിടെ അവയവം മാറ്റിവച്ചത്‌. ഹൃദയം മാറ്റിവയ്‌ക്കല്‍ നടന്ന ഏക മെഡിക്കല്‍ കോളജ്‌ കോട്ടയമാണ്‌. ഇവിടെ എട്ടു പേര്‍ക്കാണ്‌ ഹൃദയം മാറ്റിവച്ചത്‌. 51 പേര്‍ക്ക്‌ വൃക്കയും മാറ്റിവച്ചു. കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ 58 വൃക്ക മാറ്റി വയ്‌ക്കല്‍ ശസ്‌ത്രക്രിയ നടന്നു.
അവയവമാറ്റ ശസ്‌ത്രക്രിയ സ്വകാര്യ ആശുപത്രികളിലാണ്‌ നടക്കുന്നതെങ്കില്‍ ചെലവേറും. ഇവിടങ്ങളില്‍ പ്രത്യേകഫീസ്‌ സര്‍ക്കാര്‍ നിശ്‌ചയിച്ചു നല്‍കിയിട്ടില്ലെന്ന്‌ ആരോഗ്യ കുടുംബക്ഷേമ വകുപ്പ്‌ മുഖേനെ വിവരാവകാശ പ്രവര്‍ത്തകനായ പത്തനംതിട്ട കല്ലറക്കടവ്‌ കാര്‍ത്തികയില്‍ ബി. മനോജിന്‌ ലഭിച്ച രേഖകളില്‍ പറയുന്നു.
സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ ഏറ്റവുമധികം അവയവം മാറ്റിവയ്‌ക്കല്‍ നടത്തിയിട്ടുള്ളത്‌ കൊച്ചി അമൃത ആശുപത്രിയിലാണ്‌; 172 എണ്ണം. തിരുവനന്തപുരം കിംസ്‌-130, ലേക്‌ഷോര്‍ എറണാകുളം-118, മിംസ്‌ ഹോസ്‌പിറ്റല്‍ കോഴിക്കോട്‌-107 എന്നിവയാണ്‌ നൂറിലധികം ശസ്‌ത്രക്രിയകള്‍ നടന്നിട്ടുള്ള സ്വകാര്യ ആശുപത്രികള്‍.
കൊച്ചി ആസ്‌റ്റര്‍ മെഡിസിറ്റി- 61, മെഡിക്കല്‍ ട്രസ്‌റ്റ്‌-39, പി.വി.എസ്‌. ആശുപത്രി-16, കോഴിക്കോട്‌ ബേബി മെമ്മോറിയല്‍-19 എന്നിവിടങ്ങളിലും അവയവ മാറ്റ ശസ്‌ത്രക്രിയകള്‍ നടക്കുന്നുണ്ട്‌.
സ്വകാര്യ ആശുപത്രികളിലെ അവയവമാറ്റ ശസ്‌ത്രക്രിയകളുടെ കണക്ക്‌ ആരോഗ്യവകുപ്പ്‌ സൂക്ഷിച്ചിട്ടില്ല. എന്നാല്‍, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ്‌ സെന്റര്‍ മുഖേന നിലവില്‍ വരാന്‍ പോകുന്ന രജിസ്‌ട്രിയില്‍ ഇതിനുള്ള സൗകര്യം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വിവരാവകാശ രേഖ വ്യക്‌തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here