കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ സി.എസ്‌.ഐ. ദക്ഷിണകേരള ഇടവക ആസ്‌ഥാനത്ത്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ പരിശോധന

0

കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ സി.എസ്‌.ഐ. ദക്ഷിണകേരള ഇടവക ആസ്‌ഥാനത്ത്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇ.ഡി) പരിശോധന. കാരക്കോണം മെഡിക്കല്‍ കോളജ്‌ കോഴക്കേസുമായി ബന്ധപ്പെട്ട്‌ ഇന്നലെ പുലര്‍ച്ചെ ആരംഭിച്ച പരിശോധന 13 മണിക്കൂര്‍ നീണ്ടു. ഇ.ഡി. പരിശോധനയേത്തുടര്‍ന്ന്‌, ബിഷപ്പിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ സഭാ ആസ്‌ഥാനത്തു പരസ്‌പരം മുദ്രാവാക്യം വിളിച്ചു. ഇരുവിഭാഗത്തെയും പോലീസ്‌ ഇടപെട്ട്‌ പിരിച്ചുവിട്ടു.
മൂന്നിടങ്ങളില്‍ ഒരേസമയം നടന്ന പരിശോധനയ്‌ക്ക്‌ ഉന്നതോദ്യോഗസ്‌ഥര്‍ നേതൃത്വം നല്‍കി. ഇ.ഡി. സംഘമെത്തുമ്പോള്‍ ബിഷപ്‌ ധര്‍മരാജ്‌ റസാലം സഭാ ആസ്‌ഥാനത്തുണ്ടായിരുന്നു. സഭയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്കിടെയായിരുന്നു പരിശോധന. സഭാസമ്മേളനവുമായി ബന്ധപ്പെട്ട്‌ ബിഷപ്‌ ലണ്ടനിലേക്കു പോകാനിരിക്കേയാണ്‌ ഇ.ഡിയുടെ അപ്രതീക്ഷിതനീക്കം.
ബിഷപ്‌സ്‌ ഹൗസിലും സഭാ സെക്രട്ടറി ടി.ടി. പ്രവീണിന്റെ തലസ്‌ഥാനത്തെ വീട്ടിലും കാരക്കോണം മെഡിക്കല്‍ കോളജ്‌ ഡയറക്‌ടര്‍ ഡോ. ബെന്നറ്റ്‌ എബ്രഹാമിന്റെ വീട്ടിലും മിന്നല്‍ പരിശോധന നടന്നു. 2014-ല്‍ തിരുവനന്തപുരം ലോക്‌സഭാമണ്ഡലത്തില്‍ ഇടതുസ്‌ഥാനാര്‍ഥിയായിരുന്നു ബെന്നറ്റ്‌. കാരക്കോണം മെഡിക്കല്‍ കോളജില്‍ തലവരിപ്പണം വാങ്ങിയെന്നും വിദേശനാണ്യവിനിമയച്ചട്ടം ലംഘിച്ച്‌ കള്ളപ്പണം വെളുപ്പിച്ചെന്നുമുള്ള പരാതിയിലാണ്‌ അന്വേഷണം. സഭാംഗം കൂടിയായ വി.ടി. മോഹനാണ്‌ ഇതുസംബന്ധിച്ച്‌ ഹൈക്കോടതിയെ സമീപിച്ചത്‌.
തലവരിപ്പണം വാങ്ങി കബളിപ്പിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം, വെള്ളറട പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസ്‌ ഇ.ഡി. ഏറ്റെടുക്കുകയായിരുന്നു. സഭാ സെക്രട്ടറി പ്രവീണ്‍ ചെൈന്നയിലാണ്‌. അദ്ദേഹത്തിന്റെ മൊഴി ഇ.ഡി. രേഖപ്പെടുത്തും. സഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബിഷപ്‌ ലണ്ടനിലേക്കു പോകുമെന്നും പരാതി കെട്ടിച്ചമച്ചതാണെന്നും പാസ്‌റ്ററല്‍ ബോഡി സെക്രട്ടറി ഫാ. ജയരാജ്‌ പറഞ്ഞു.
ഹൈക്കോടതി നിര്‍ദേശപ്രകാരമാണു ബിഷപ്‌ ധര്‍മ്മരാജ്‌ റസാലം, ബെന്നറ്റ്‌ എബ്രഹാം എന്നിവരുള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേ ഇ.ഡി. കേസെടുത്തത്‌. കാരക്കോണം മെഡിക്കല്‍ കോളജ്‌ കോഴക്കേസില്‍ പോലീസ്‌ അന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ചുള്ള ഹര്‍ജി പരിഗണിച്ചാണു ഹൈക്കോടതി നടപടി. വലിയ തിമിംഗലങ്ങള്‍ രക്ഷപ്പെടരുതെന്നും ഹൈക്കോടതി പരാമര്‍ശിച്ചിരുന്നു.
മെഡിക്കല്‍ സീറ്റ്‌ വാഗ്‌ദാനം ചെയ്‌ത്‌ 2016 മുതല്‍ തലവരിപ്പണം കൈപ്പറ്റിയതായി പരീക്ഷാ മേല്‍നോട്ടസമിതിക്കു മുന്നില്‍ ബിഷപ്‌ സമ്മതിച്ചിരുന്നു. കേരളത്തിനു പുറത്തുള്ള 14 വിദ്യാര്‍ഥികളടക്കം 24 പേരില്‍നിന്നാണു കോഴ വാങ്ങിയത്‌. 92 ലക്ഷം രൂപവരെ വാങ്ങിയിരുന്നു. അഴിമതി നിരോധനനിയമം, വിശ്വാസവഞ്ചന, കബളിപ്പക്കല്‍, പണം തട്ടിയെടുക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണു കേസുകള്‍.

Leave a Reply