ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ രാജ്‌ഞി പി.ടി. ഉഷ രാജ്യസഭയിലേക്ക്‌

0

ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ രാജ്‌ഞി പി.ടി. ഉഷ രാജ്യസഭയിലേക്ക്‌. ഉഷയ്‌ക്കു പുറമേ സംഗീത സംവിധായകന്‍ ഇളയരാജ, തെലുങ്ക്‌ സംവിധായകന്‍ വി. വിജയേന്ദ്ര പ്രസാദ്‌, ജീവകാരുണ്യ പ്രവര്‍ത്തകന്‍ വീരേന്ദ്ര ഹെഗ്‌ഡെ എന്നിവരെയും രാഷ്‌ട്രപതി രാജ്യസഭയിലേക്ക്‌ നാമനിര്‍ദേശം ചെയ്‌തിട്ടുണ്ട്‌.
വിവിധതലങ്ങളിലുള്ളവരെ രാജ്യസഭയിലേക്ക്‌ നാമനിര്‍ദേശംചെയ്യാന്‍ രാഷ്‌ട്രപതിക്കുള്ള പ്രത്യേക അധികാരപ്രകാരമാണ്‌ നടപടി.ഇന്ത്യയുടെ എക്കാലത്തെയും മികച്ച കായികതാരങ്ങളിലൊരാളായ പി.ടി. ഉഷ രാജ്യസഭയുടെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. “എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണ്‌ പി.ടി. ഉഷ. രാജ്യത്തിനായി അവര്‍ കരസ്‌ഥമാക്കിയ നേടിയ നേട്ടങ്ങള്‍ വളരെ വലുതാണ്‌. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യുവകായികതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ അവര്‍ നിര്‍ണായകമായ പങ്കുവഹിക്കുന്നുണ്ട്‌.
രാജ്യസഭയിലേക്ക്‌ നാമനിര്‍ദേശം ലഭിച്ച പി.ടി. ഉഷയ്‌ക്ക്‌ അഭിനന്ദനങ്ങള്‍”- അദ്ദേഹം ട്വീറ്റ്‌ ചെയ്‌തു. ഉഷയ്‌ക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ്‌ പ്രധാനമന്ത്രി വാര്‍ത്ത പങ്കുവച്ചത്‌. 1984 ലെ ലൊസാഞ്ചലസ്‌ ഒളിംപിക്‌സിലെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സെക്കന്‍ഡിന്റെ നൂറിലൊരംശത്തിനാണ്‌ ഉഷയ്‌ക്കു വെങ്കല മെഡല്‍ നഷ്‌ടമായത്‌. വളര്‍ന്നു വരുന്ന കായിക പ്രതിഭകളെ കണ്ടെത്തി പരിശീലിപ്പിക്കുന്നതിനായി “ഉഷ സ്‌കൂള്‍ ഓഫ്‌ അത്‌ലറ്റിക്‌സ്‌” എന്ന സ്‌ഥാപനവും നടത്തിവരുന്നു. കേരളത്തിന്റെ സ്വന്തം പയ്യോളി എക്‌സ്‌പ്രസിനെ പത്മശ്രീ പുരസ്‌കാരമടക്കം നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്‌.
തെന്നിന്ത്യന്‍ സിനിമാ സംഗീതത്തിന്റെ മുടിചൂടാ മന്നനായ ഇളയരാജ മധുരൈ പന്നയ്‌പുരം സ്വദേശിയാണ്‌. “തലമുറകളെ സ്വാധീനിച്ച സംഗീതജ്‌ഞനാണ്‌ ഇളയരാജ. ഒട്ടേറെ വികാരങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ്‌ ഇളയരാജയുടെ ഗാനങ്ങള്‍.
അദ്ദേഹത്തിന്റെ ജീവിതയാത്രയും അതിലേറെ പ്രചോദനാത്മകമാണ്‌. തീര്‍ത്തും ലളിതമായ സാഹചര്യങ്ങളില്‍നിന്ന്‌ ഉയര്‍ന്നുവന്നാണ്‌ അദ്ദേഹം ഈ നേട്ടങ്ങളത്രയും സ്വന്തമാക്കിയത്‌. അദ്ദേഹത്തിന്‌ രാജ്യസഭയിലേക്ക്‌ നാമനിര്‍ദേശം ലഭിച്ചതില്‍ സന്തോഷം” മോദി അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here