ഭരണഘടനയെ അപമാനിച്ച് പ്രസംഗിച്ചതിന്റെ പേരിൽ രാജിവെച്ച മന്ത്രി സജിചെറിയാനെ തിരികെ മന്ത്രിയാക്കാൻ ഡാമൊന്നും തുറന്നുവിടരുതെന്ന പരിഹാസവുമായി കോൺഗ്രസ് നേതാവ് വി.ടി. ബൽറാം

0

തിരുവനന്തപുരം: ഭരണഘടനയെ അപമാനിച്ച് പ്രസംഗിച്ചതിന്റെ പേരിൽ രാജിവെച്ച മന്ത്രി സജിചെറിയാനെ തിരികെ മന്ത്രിയാക്കാൻ ഡാമൊന്നും തുറന്നുവിടരുതെന്ന പരിഹാസവുമായി കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. കഴിഞ്ഞ തവണ ഇ.പി. ജയരാജൻ മന്ത്രിസ്ഥാനം രാജിവെച്ചപ്പോൾ പ്രളയകാലത്ത് തിരിച്ചെടുത്ത് ചൂണ്ടിക്കാട്ടിയായിരുന്നു ബൽറാമിന്റെ ഫേസ്ബുക് പോസ്റ്റ്.

‘ബന്ധു നിയമനം കയ്യോടെ പിടികൂടിയപ്പോൾ ഒന്നാം പിണറായി സർക്കാരിൽ നിന്ന് നാണം കെട്ട് രാജി വയ്ക്കേണ്ടിവന്ന ജയരാജൻ പിന്നീട് വീണ്ടും മന്ത്രിയായത് നാട് വലിയൊരു മനുഷ്യ നിർമ്മിത പ്രളയത്തെ അഭിമുഖീകരിക്കുന്നതിന്റെ ഇടയിലാണ്. ഇന്ന് നാണം കെട്ട് രാജിവച്ച് പുറത്തുപോവുന്ന സജി ചെറിയാനെ ചുളുവിൽ തിരിച്ചു കൊണ്ടുവരുന്നതിനായി ഇനി വീണ്ടും ഡാമൊന്നും തുറന്നുവിടരുതെന്ന് ബന്ധപ്പെട്ടവരോട് വിനയപുരസ്സരം അഭ്യർത്ഥിക്കുന്നു’ എന്നാണ് ബൽറാം ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞത്.

ഭരണഘടന വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായതിനെ തുടർന്നാണ് മന്ത്രി സജി ചെറിയാൻ ഇന്ന് വൈകീട്ട് രാജിവെച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചക്കൊടുവിലായിരുന്നു രാജി. ഇന്ന് ചേർന്ന സി.പി.എം ​സംസ്ഥാന സെക്രട്ടറിയേറ്റിൽ സജി ചെറിയാനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. സി.പി.എം കേന്ദ്രനേതൃത്വവും സജി ചെറിയാൻ രാജിവെക്കണമെന്ന നിലപാട് എടുത്തിരുന്നു. കേന്ദ്രനേതൃത്വത്തിന്റെ സമ്മർദ്ദമാണ് സജി ചെറിയാന്റെ രാജിക്ക് വഴിയൊരുക്കിയതെന്നാണ് റിപ്പോർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here