സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കാലവര്‍ഷക്കെടുതി രൂക്ഷം

0

 
കൊച്ചി: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കാലവര്‍ഷക്കെടുതി രൂക്ഷം. കനത്തമഴയിലും കാറ്റിലും മരം വീണും മറ്റുമാണ് നാശനഷ്ടം സംഭവിച്ചത്. തൃശൂര്‍ ചേര്‍പ്പില്‍ ശക്തമായ കാറ്റില്‍ വീടിന്റെ മേല്‍ക്കൂരയിലെ ഷീറ്റ് പറന്നുപോയി മറ്റൊരു വീടിന്റെ മുകളില്‍ പതിച്ചു. 

കല്ലൂക്കാരന്‍ ജെയിംസിന്റെ വീടിന്റെ മേല്‍ക്കൂരയാണ് പറന്നുപോയത്. വയനാട് പുല്‍പ്പള്ളി പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ മരം കടപുഴകി വീണു. സ്റ്റേഷന്‍ വളപ്പിലെ ക്വാര്‍ട്ടേഴ്‌സിന്റെ മേല്‍ക്കൂരയും ചുറ്റുമതിലും തകര്‍ന്നു. 

പത്തനംതിട്ട ജില്ലയില്‍ കനത്തമഴയില്‍ മൂഴിയാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു. നീരൊഴുക്ക് ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ മൂഴിയാര്‍ ഡാമിന്റെ ഷട്ടര്‍ തുറന്നേക്കും. നിലവില്‍ 190 മീറ്ററാണ് ജലനിരപ്പ്. 192.63 മീറ്ററെത്തിയാല്‍ ഡാം തുറക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ആങ്ങമൂഴി, സീതത്തോട് മേഖലയിലുള്ളവരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചു. 
കോഴിക്കോട് ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ തുടരുന്ന കനത്തമഴയില്‍ കോഴിക്കോട് ജില്ലയില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. കോവൂരില്‍ കാറ്റില്‍  കെട്ടിടത്തിന്റെ  മേല്‍ക്കൂര പറന്നു പോയി. താമരശേരി ചുങ്കത്ത് രാവിലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിലേക്ക് മരം വീണ് മേല്‍ക്കൂര തകര്‍ന്നു. പനംതോട്ടത്തില്‍ ടി പി സുബൈറിന്റെ വീടിന് മുകളിലേക്കാണ് സമീപത്തുള്ള മരം വീണത്.
കോഴിക്കോട് മൂടാടി ഉരുപുണ്യകാവില്‍ കടലില്‍ തോണി മറിഞ്ഞ് കാണാതായ ഷിഹാബിന്റെ മൃതദേഹം കണ്ടെത്തി. കൊയിലാണ്ടി ഹാര്‍ബറിന് തൊട്ടടുത്താണ് മൃതദേഹം കണ്ടെത്തിയത്. കടലൂര്‍ മുത്തായത്ത് കോളനിയില്‍ ഷിഹാബിന് വേണ്ടി രണ്ട് ദിവസമായി തിരച്ചില്‍ തുടരുകയായിരുന്നു. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും കൊയിലാണ്ടി പൊലീസും സ്ഥലത്തെത്തി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
കക്കയം അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാല്‍ ഷട്ടര്‍ ഉയര്‍ത്തി വെള്ളം തുറന്ന് വിടുന്നതിനാല്‍ കുറ്റിയാടി പുഴയില്‍ ജലനിരപ്പ് ഉയരാന്‍ ഇടയുണ്ട്. തീരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. 
പാലക്കാട് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് മുന്നിലേക്ക് മരം പൊട്ടി വീണു. അപകടത്തില്‍ ബസ്സിന്റെ ചില്ലുകള്‍ തകര്‍ന്നു. പാലക്കാട് മണ്ണാര്‍ക്കാട് നെട്ടമല വളവിലാണ് അപകടമുണ്ടായത്. മുന്‍ഭാഗത്തെ ചില്ലുകള്‍ ആണ് പൂര്‍ണ്ണമായും തകര്‍ന്നത്. യാത്രക്കാര്‍ക്കും ഡ്രൈവർക്കും പരിക്കില്ല.
പാലക്കാട് തിരുവേഗപ്പുറ നരിപ്പറമ്പ് സ്‌കൂളിന് സമീപം  റോഡിലേക്ക് മരം കടപുഴകി വീണ് റോഡ് ഗതാഗതം തടസ്സപ്പെട്ടു. മരം വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. കനത്ത കാറ്റിലും മഴയിലും  പാലക്കാട് കൊട്ടേക്കാട് വീടിനു മുകളില്‍ മരം വീണു. പടലിക്കാട് സ്വദേശി സുഭാഷിന്റെ വീടിനു മുകളിലാണ് മരം വീണത്. വീടിനകത്ത് ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. 
വയനാട് മുട്ടില്‍ വിവേകാനന്ദ റോഡില്‍ ഇടപെട്ടിക്ക് സമീപം ഓടിക്കൊണ്ടിരുന്ന ബസിനു മുകളിലേക്ക് മരം വീണു. വൈദ്യുതി ലൈനിന് മുകളിലൂടെ മരം വീഴുന്നത് കണ്ട് നിര്‍ത്തിയ ബസിന്റെ മുന്‍ഭാഗത്താണ് മരം വീണത്. ആര്‍ക്കും പരിക്കില്ല. ബസ്സിന്റെ മുന്‍ഭാഗത്തെ ഗ്ലാസുകള്‍ പൂര്‍ണമായും തകര്‍ന്നു.
അട്ടപ്പാടിയിലും കനത്തമഴ തുടരുകയാണ്. മണ്ണാര്‍ക്കാട് ആനക്കട്ടി റോഡില്‍ മരംവീണു. ഗതാഗതം ഭാഗികമായി തടസപ്പെട്ടു. വൈദ്യുതി ലൈനും തകര്‍ന്നു. അഗളി ചെമ്മണ്ണൂര്‍ ക്ഷേത്ര പരിസരത്ത് വന്‍ മരം വീടിന് മുകളില്‍ വീണു. വീടിന് കേടുപറ്റി. വീട്ടില്‍  ഒന്‍പത് പേരുണ്ടായിരുന്നെങ്കിലും ആളപായമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here