അയോധ്യ പോലെ കാശി, മഥുര ‘തർക്ക’ങ്ങളും കോടതി വഴി പരിഹരിക്കണം -ആർ.എസ്.എസ്

0

ന്യൂഡൽഹി: കാശി, മഥുര വിവാദങ്ങളിൽ മൗനം വെടിഞ്ഞ് ആർ.എസ്.എസ്. ഓൺലൈൻ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ആർ.എസ്.എസ് പ്രചാർ പ്രമുഖ് സുനിൽ അംബേക്കറാണ് സംഘടനയുടെ ഇക്കാര്യത്തിലുള്ള നിലപാട് പറഞ്ഞത്. കാശി, മഥുര തർക്കങ്ങളും കോടതിവഴി പരിഹരിക്കണം എന്നാണ് സുനിൽ അംബേക്കർ പറയുന്നത്.
‘നമ്മുടെ പുരാതന ക്ഷേത്രങ്ങളിൽ പലതും വിദേശ ആക്രമണകാരികളാൽ തകർക്കപ്പെട്ടു എന്നത് സത്യമാണ്. അവർ ക്ഷേത്രങ്ങൾ കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു. അവയിൽ ചിലത് നമുക്ക് വളരെ പ്രധാനപ്പെട്ടതും സെൻസിറ്റീവുമാണ്. അവയിലൊന്നാണ് അയോധ്യ. കാശിയും മഥുരയും ഇത്തരത്തിലുള്ള ക്ഷേത്രങ്ങളാണ്. ഹൈന്ദവ വികാരങ്ങൾ ഇത്തരം ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അത് വൈകാരികമായ കാര്യമാണ്’-അംബേക്കർ പറഞ്ഞു.

മുസ്ലീം ആക്രമണകാരികൾ നശിപ്പിക്കുകയും പള്ളികൾ സ്ഥാപിക്കുകയും ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന ‘പുരാതന’ ക്ഷേത്രങ്ങൾ ‘വീണ്ടെടുക്കാൻ’ ഇതുവരെ മുന്നിൽനിന്നത് സംഘപരിവാർ സംഘടനയായ വിശ്വഹിന്ദു പരിഷത്താണ്. ആർ.എസ്.എസ് ഇക്കാര്യത്തിൽ നിലപാടൊന്നും ​പരസ്യമായി പ്രഖ്യാപിച്ചിരുന്നില്ല. മാത്രമല്ല ഇത്തരം തർക്കങ്ങൾ അനാവശ്യമാണെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് ഒരിക്കൽ പറയുകയും ചെയ്തിട്ടുണ്ട്. എല്ലാ പള്ളികളിലും ക്ഷേത്രാവശിഷ്ടങ്ങൾ തിരയേണ്ടതില്ല എന്നാണ് മോഹൻ ഭാഗവത് പറഞ്ഞത്. എന്നാൽ പുതിയ പ്രഖ്യാപനം ആർ.എസ്.എസിനെ സമ്മർദത്തിലാക്കാൻ വി.എച്ച്.പിക്ക് കഴിഞ്ഞതിന്റെ സൂചനയാണ്. ഏകീകൃത സിവിൽ കോഡ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ‘ജനസംഖ്യാ നിയന്ത്രണ’പരിപാടി എന്നിവയെക്കുറിച്ചും അംബേക്കർ അഭിമുഖത്തിൽ സംസാരിച്ചു.

Leave a Reply