സി കെ ജാനുവിനും കെ.സുരേന്ദ്രനും എതിരെ പുതിയ വെളിപ്പെടുത്തലുമായി ജെആർപി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട്

0

കണ്ണൂർ: ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെ.ആർ.പി) സംസ്ഥാന അധ്യക്ഷ സി കെ ജാനുവിനും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും എതിരെ പുതിയ വെളിപ്പെടുത്തലുമായി ജെആർപി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട്. സുൽത്താൻ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയുടെ വിശദംശങ്ങളാണ് പ്രസീത തുറന്നടിച്ചത്. ഹോട്ടൽ മുറിയിൽ വെച്ച് കെ സുരേന്ദ്രൻ സി കെ ജാനുവിന് പണം നൽകുന്നത് നേരിട്ടുകണ്ടു. ടവ്വലിൽ പൊതിഞ്ഞ നിലയിലായിരുന്നു പണമെന്നും പ്രസീത വെളിപ്പെടുത്തി.

‘ജാനുവിനെ കാണാനായി കെ സുരേന്ദ്രൻ ഹോട്ടൽ മുറിയിലെത്തി. ഈ സമയം റൂമിൽ നിന്ന് ഞങ്ങൾ പാർട്ടി പ്രവർത്തകരെല്ലാം പുറത്തേക്കിറങ്ങി. സുരേന്ദ്രൻ തിരിച്ചുപോയതിന് ശേഷം ജാനു ഉപയോഗിച്ചിരുന്ന ടവ്വലിൽ പണം പൊതിഞ്ഞതായി കാണാനായി. പിന്നീടത് ബാഗിലേക്ക് മാറ്റി.’ എന്നും പ്രസീത പറഞ്ഞു.

നേരത്തെ പണം നൽകുന്നത് കണ്ടില്ലെന്ന മൊഴിയാണ് പ്രസീത അഴീക്കോട് നൽകിയിരുന്നത്. ഇത് കെ സുരേന്ദ്രനെതിരായ അന്വേഷണത്തെ ബാധിച്ചിരുന്നു. കേസിൽ കെ സുരേന്ദ്രൻ, സി കെ ജാനു, ജാനുവിന്റെ അസിസ്റ്റ്ന്റ് വിനീത, പ്രശാന്ത് മലവയൽ എന്നിവരുടെ ഫോണുകൾ പ്രധാന തെളിവായിരുന്നു. ഇവരുടെ ഫോണുകൾ ഒരേ സമയം കേടായതിൽ ദുരൂഹതയുണ്ടെന്നും പ്രസീത ആരോപിച്ചു.

നിലവിൽ ഒന്നാം പ്രതി കെ സുരേന്ദ്രനും രണ്ടാം പ്രതി സി കെ ജാനുവുമാണ്. ശബ്ദ സാമ്പിൾ ശേഖരിച്ച് സംസ്ഥാന ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ പരിശോധന നടത്താൻ അനുമതി തേടി ക്രൈംബ്രാഞ്ച് സംഘം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, സംസ്ഥാനത്തെ ലാബുകളേക്കാൾ വിശ്വാസ്യത കേന്ദ്ര സർക്കാറിനു കീഴിലുള്ള ഫോറൻസിക് ലാബുകൾക്കാണെന്നും സംസ്ഥാനത്തെ ലാബുകളിൽ കൃത്രിമം നടത്താനുള്ള സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി കെ സുരേന്ദ്രൻ കോടതിയിലെത്തിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയാകാൻ സുരേന്ദ്രൻ സികെ ജാനുവിന് 35 ലക്ഷം രൂപ കോഴ നൽകിയെന്നാണ് കേസ്.

എൻഡിഎയുടെ സ്ഥാനാർത്ഥിയാകാൻ ജെആർപി നേതാവായിരുന്ന സികെ ജാനുവിന് ബിജെപി നേതാക്കൾ പണം നൽകിയെന്ന ആരോപണമാണ് കേസിന് ആസ്പദമായ സംഭവം. തിരുവനന്തപുരത്തും ബത്തേരിയിലും വെച്ച് സി കെ ജാനുവിന് പണം നൽകിയതിന് വ്യക്തമായ തെളിവുകൾ ലഭിച്ചെന്ന് നേരത്തെ അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here