കെ കെ രമ എംഎൽഎക്ക് ഭീഷണി കത്ത്

0

തിരുവനന്തപുരം: ആർഎംപി നേതാവ് കെ കെ രമ എംഎൽഎക്ക് ഭീഷണി ഉയർത്തുന്ന കത്തിൽ നിറയുന്നത് സിപിഎമ്മിന് എതിരെ വന്നാൽ കൊലപ്പെടുത്തുമെന്ന മുന്നറിയിപ്പ് തന്നെ. ‘എടീ രമേ’ എന്ന് അഭിസംബോധന ചെയ്തു കൊണ്ടുള്ള കത്തിൽ, ഇനിയും പിണറായി വിജയനെ കുറ്റം പറഞ്ഞാൽ ഭരണം നഷ്ടമായാലും വേണ്ടില്ല ചിലത് ചെയ്യേണ്ടി വരും എന്നാണ് മുന്നറിയിപ്പ് നൽകുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ മുരളീധരനും കെ സി വേണുഗോപാലിനും കത്തിൽ ഭീഷണിയുണ്ട്. പയ്യന്നൂരിൽ വരുമ്പോൾ കാണിച്ചു തരുമെന്നാണ് ഇവരോട് പറയുന്നത്.

‘പയ്യന്നൂർ സഖാക്കൾ’ എന്ന പേരിലാണ് കത്ത് വന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് എംഎൽഎ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. നികൃഷ്ട ഭാഷയാണ് കത്തിലുള്ളത്.
കത്തിന്റെ പൂർണരൂപം.
എടീ രമേ…
മണിച്ചേട്ടൻ നിന്നോട് മാപ്പ് പറയണം അല്ലേ. നിനക്ക് നാണമുണ്ടോ അത് പറയാൻ. സിപിഎം എന്ന മഹാ പ്രസ്ഥാനത്തെ കുറിച്ച് നീ എന്താണ് ധരിച്ച് വച്ചിരിക്കുന്നത്. ഒഞ്ചിയം സമര നായകന്മാരെ കുറിച്ച് നീ കേട്ടിട്ടുണ്ടോ? നിന്റെ തന്തയോട് ചോദിച്ചാൽ ചിലപ്പോൾ അറിയാമായിരിക്കും. ഒഞ്ചിയം രക്തസാക്ഷികളെ അൽപമെങ്കിലും ഓർത്തിരുന്നുവെങ്കിൽ ഒളുപ്പില്ലാതെ കോൺഗ്രസുകാരുടെ വോട്ട് വാങ്ങി നീ എംഎ‍ൽഎയാകുമോ. നിന്നെ ഒറ്റുകാരി എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്.
പിന്നെ, നിന്റെ ചന്ദ്രശേഖരനെ കൊന്നത് ഞങ്ങളല്ല. കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്ന മറ്റേതോ ഗൂഢശക്തികളാണ്. നീ ഇനിയും ഞങ്ങളുടെ പൊന്നോമന പുത്രനായ മുഖ്യമന്ത്രി പിണറായി വിജയനെയും ഇടത് ഭരണത്തെയും കുറ്റപ്പെടുത്തി കൊണ്ട് കോൺഗ്രസുകാരുടെ കൈയടി വാങ്ങാനാണ് ഭാവമെങ്കിൽ സൂക്ഷിക്കുക. ഭരണം പോയാലും തരക്കേടില്ല, ഞങ്ങൾക്ക് ചിലത് ചെയ്യേണ്ടി വരും. പിന്നെ വി.ഡി സതീശനും പഴയ ഡി.ഐ.സി കെ. മുരളീധരനും കെ.സി വേണുഗോപാലനുമൊക്കെ ഒന്ന് സൂക്ഷിക്കുന്നത് നല്ലത്. പയ്യന്നൂരിലേക്ക് വരുമല്ലോ, നിങ്ങൾക്ക് വെച്ചിട്ടുണ്ട്, നമുക്കപ്പോൾ കാണാം.
ഇൻക്വിലാബ് സിന്ദാബാദ്!
പയ്യന്നൂർ സഖാക്കൾ!

നിയമസഭയിൽ എം.എം.മണി തനിക്കെതിരെ നടത്തിയ വിവാദ പരാമർശത്തിന് മറുപടിയുമായി കെ.കെ.രമ എംഎൽഎ രംഗത്തു വന്നിരുന്നു. ടി.പി. ചന്ദ്രശേഖരനെ കൊന്നത് ശരിയായിരുന്നു എന്ന് സ്ഥാപിക്കുകയാണ് ആ പരാമർശത്തിലൂടെയെന്ന് രമ പറഞ്ഞു. എത്ര ആഹ്ളാദത്തോടെയാണ് അദ്ദേഹം അത് സംസാരിച്ചത്. സിപിഎമ്മിനെ നയിക്കുന്ന ബോധ്യം അതാണ്. വിധിയാണ് എന്ന് ഏത് അടിസ്ഥാനത്തിലാണ് പറയുന്നത്. വിധി തന്നത് സിപിഎമ്മാണ്. അല്പമെങ്കിലും മനസാക്ഷിയുണ്ടെങ്കിൽ, ജനാധിപത്യമര്യാദയുണ്ടെങ്കിൽ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും അവർ ആവശ്യപ്പെട്ടു. പിന്നീട് സ്പീക്കർ എംബി രാജേഷ് സഭാ രേഖകളിൽ നിന്ന് അത് മാറ്റി. പരാമർശം പിൻവലിക്കുന്നുവെന്ന് മണി അറിയിക്കുകയും ചെയ്തു.
ആഭ്യന്തര വകുപ്പിന്റെ ധനാഭ്യർഥന ചർച്ചയിൽ പങ്കെടുത്ത് പ്രസംഗിക്കവെയാണ് മണി രമയ്ക്കെതിരെ പരാമർശം നടത്തിയത്. ‘ഒരു മഹതി വിധവയായിപ്പോയി, അത് അവരുടെ വിധി. ഞങ്ങളാരും ഉത്തരവാദിയല്ല’ എന്നാണ് എം.എം.മണി നിയമസഭയിൽ പറഞ്ഞത്. ഇതോടെ അദ്ദേഹം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിച്ചു. കെ.കെ. രമക്കെതിരെ എം.എം. മണി നടത്തിയ പരാമർശം ഒരിക്കലും സഹിക്കാൻ പറ്റാത്തതും വേദനാജനകവും പ്രതിഷേധാർഹവുമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞിരുന്നു.

പരാമർശം പിൻവലിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെടാത്തത് അദ്ഭുതപ്പെടുത്തിയെന്നും പ്രതിപക്ഷം പറഞ്ഞിരുന്നു. എന്നാൽ സ്പീക്കർ ഇതിനെതിരായ നിലപാടാണ് എടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here