സംസ്‌ഥാനത്തു കുരങ്ങുപനി സ്‌ഥിരീകരിച്ച സാഹചര്യത്തില്‍, എല്ലാ ജില്ലകള്‍ക്കും ആരോഗ്യവകുപ്പിന്റെ ജാഗ്രതാനിര്‍ദേശം

0

സംസ്‌ഥാനത്തു കുരങ്ങുപനി സ്‌ഥിരീകരിച്ച സാഹചര്യത്തില്‍, എല്ലാ ജില്ലകള്‍ക്കും ആരോഗ്യവകുപ്പിന്റെ ജാഗ്രതാനിര്‍ദേശം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍നിന്നുള്ളവര്‍ക്കു രോഗിയുമായി വിമാനസമ്പര്‍ക്കമുള്ളതിനാല്‍ ഈ ജില്ലകള്‍ക്കു പ്രത്യേക ജാഗ്രതാനിര്‍േദശമുണ്ട്‌.
സമ്പര്‍ക്കമുള്ളവരെ രാവിലെയും വൈകിട്ടും ആരോഗ്യപ്രവര്‍ത്തകര്‍ വിളിച്ച്‌ വിവരങ്ങള്‍ തിരക്കും. പനിയോ മറ്റ്‌ രോഗലക്ഷണങ്ങളോ ഉണ്ടെങ്കില്‍ കോവിഡ്‌ പരിശോധന ഉള്‍പ്പെടെ നടത്തും. കുരങ്ങുപനി ലക്ഷണങ്ങളുണ്ടെങ്കില്‍ ആ പരിശോധനയും നടത്തും. എല്ലാ ജില്ലയിലും സമ്പര്‍ക്കവിലക്ക്‌ കേന്ദ്രങ്ങള്‍ സജ്‌ജമാക്കും. മെഡിക്കല്‍ കോളജുകളില്‍ പ്രത്യേകസൗകര്യമൊരുക്കും. സംസ്‌ഥാനതലത്തില്‍ നിരീക്ഷണവിഭാഗം രൂപീകരിക്കും.

രോഗി വന്ന വിമാനവിവരങ്ങള്‍

വിമാനത്താവളങ്ങളില്‍ ജാഗ്രത പാലിക്കും. കഴിഞ്ഞ 12-നു യു.എ.ഇ. സമയം വൈകിട്ട്‌ അഞ്ചിനുള്ള ഷാര്‍ജ-തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തിലാണു (6-ഇ 1402, സീറ്റ്‌ നമ്പര്‍ 30 സി) രോഗി എത്തിയത്‌. വിമാനത്തില്‍ 164 യാത്രക്കാരും ആറ്‌ ജീവനക്കാരുമുണ്ടായിരുന്നു.
രോഗിയുടെ തൊട്ടടുത്ത സീറ്റുകളിലുണ്ടായിരുന്ന 11 പേര്‍ ഹൈ റിസ്‌ക്‌ സമ്പര്‍ക്കപ്പട്ടികയിലാണ്‌. ഈ വിമാനത്തില്‍ യാത്രചെയ്‌തവര്‍ സ്വയം നിരീക്ഷണം നടത്തുകയും 21 ദിവസത്തിനകം രോഗലക്ഷണമുണ്ടെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുകയും വേണം. പലരുടേയും ഫോണ്‍ നമ്പര്‍ ലഭ്യമല്ലാത്തതിനാല്‍ പോലീസിന്റെ സഹായത്തോടെ ബന്ധപ്പെട്ടുവരുന്നു.
രോഗിയുടെ മാതാപിതാക്കള്‍, ഓട്ടോറിക്ഷ ഡ്രൈവര്‍, ടാക്‌സി ഡ്രൈവര്‍, സ്വകാര്യാശുപത്രിയിലെ ഡെര്‍മറ്റോളജിസ്‌റ്റ്‌, വിമാനത്തില്‍ തൊട്ടടുത്ത സീറ്റുകളിലിരുന്ന 11 യാത്രക്കാര്‍ എന്നിവരാണു പ്രാഥമികസമ്പര്‍ക്കപ്പട്ടികയിലുള്ളത്‌. ഇമിഗ്രേഷന്‍ ഉദ്യോഗസ്‌ഥരെയും രോഗിയുടെ ബാഗേജ്‌ കൈകാര്യം ചെയ്‌തവരെയും നിരീക്ഷിക്കും.

രോഗിയുടെ ആരോഗ്യനില തൃപ്‌തികരം

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ്‌ ഉന്നതതലയോഗം ചേര്‍ന്ന്‌ സ്‌ഥിതിഗതികള്‍ വിലയിരുത്തി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു മന്ത്രി പറഞ്ഞു. രോഗിയുടെ ആരോഗ്യനില തൃപ്‌തികരമാണ്‌.
കുരങ്ങുപനി സംബന്ധിച്ച്‌ ആരോഗ്യപ്രവര്‍ത്തകര്‍ക്കു വിദഗ്‌ധപരിശീലനം നല്‍കും. രോഗിയുമായി മുഖാമുഖം വരുക, രോഗി ധരിച്ച വസ്‌ത്രങ്ങള്‍, പാത്രങ്ങള്‍, കിടക്ക എന്നിവ ഉപയോഗിക്കുക, പി.പി.ഇ. കിറ്റ്‌ ഇടാതെ സമീപിക്കുക, രോഗിയുമായി ലൈംഗികബന്ധം പുലര്‍ത്തുക എന്നിവ ഉറ്റസമ്പര്‍ക്കത്തില്‍പ്പെടും. സംശയദൂരീകരണത്തിനു ദിശ 104, 1056, 0471 2552056 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാമെന്നും മന്ത്രി അറിയിച്ചു.

35 പേരുമായി സമ്പര്‍ക്കം

കുരങ്ങുപനി സ്‌ഥിരീകരിക്കപ്പെട്ടയാള്‍ക്കു 35 പേരുമായി സമ്പര്‍ക്കമുണ്ടെന്നു കൊല്ലം ജില്ലാ കലക്‌ടര്‍ അഫ്‌സാന പര്‍വീണ്‍ അറിയിച്ചു. വീട്ടിലുള്ള ആറുപേരുമായി ഉറ്റസമ്പര്‍ക്കമുണ്ട്‌. ഇവര്‍ വീട്ടില്‍ത്തന്നെ നിരീക്ഷണത്തിലാണ്‌. രോഗി സഞ്ചരിച്ച ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാരെ കണ്ടെത്താനായില്ല. കൊല്ലം ജില്ലയില്‍ കര്‍ശനപരിശോധന നടത്തും. ഹജ്‌ തീര്‍ഥാടകരുള്‍പ്പെടെ വിദേശത്തുനിന്ന്‌ എത്തുന്നവരെ നിരീക്ഷിക്കും. പുനലൂര്‍ താലൂക്കാശുപത്രിയില്‍ പ്രത്യേക സജ്‌ജീകരണമൊരുക്കി. നിലവില്‍ കണ്ടെയ്‌ന്‍മെന്റ്‌ സോണിന്റെ ആവശ്യമില്ല. രോഗിക്ക്‌ അബുദാബിയില്‍ കുരങ്ങുപനി സ്‌ഥിരീകരിച്ച മറ്റൊരാളുമായി സമ്പര്‍ക്കമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here