ജനസേവ ശിശുഭവനിലെ മുൻ അന്തേവാസികളായ
വേൽമുരുകനെയും രാജയെയും ചേർത്തുപിടിച്ച് തമിഴ്‌നാട് മന്ത്രി

0

ആലുവ : ജനസേവ ശിശുഭവനിലെ മുൻ അന്തേവാസികളായ വേൽമുരുകന്റെയും രാജയുടെയും കഥ കേട്ട് കണ്ണീരണിഞ്ഞ് തമിഴ്‌നാട് മന്ത്രി. തമിഴ്‌നാട് സംസ്ഥാന ന്യൂനപക്ഷ വകുപ്പ് മന്ത്രി കെ.എസ്. മസ്താനാണ് ആലുവയിലെത്തിയപ്പോൾ ഇരുവരെയും കണ്ടത്. ജനസേവ സ്ഥാപകൻ ജോസ് മാവേലിയോടൊപ്പമാണ് ഇരുവരെയും കണ്ടത്. ഭിക്ഷാടന മാഫിയയിൽനിന്ന് ജനസേവ അവരെ രക്ഷപ്പെടുത്തി സമൂഹത്തിന്റെ മുഖ്യധാരയിലെത്തിച്ച്‌ രണ്ടുപേരെയും ബാങ്ക് ജീവനക്കാരാക്കിയ കഥ ജോസ് മാവേലി പങ്കുവെച്ചു. വേൽമുരുകൻ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ അങ്കമാലി ബ്രാഞ്ചിലും രാജ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എറണാകുളം ബ്രാഞ്ചിലും ജോലി ചെയ്യുന്നു.

2003 ഏപ്രിൽ 3-ന് ആലുവയിൽ ശരീരമാസകലം 70 ശതമാനത്തോളം പൊള്ളലേറ്റ നിലയിൽ ആലുവ ഗവ. ആശുപത്രിയിലെത്തിച്ച വേൽമുരുകനെ ഡോ. വിജയകുമാറിന്റെ നിർദേശപ്രകാരമാണ് ജോസ് മാേവലി ചികിത്സയ്ക്കായി ഏറ്റെടുത്തത്. ഒരു വർഷം നീണ്ട ചികിത്സയ്ക്കൊടുവിലാണ് വേൽമുരുകനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഇന്ന് വിവാഹിതനും മൂന്നു വയസ്സുള്ള പെൺകുട്ടിയുടെ പിതാവുമാണ് വേൽമുരുകൻ.

ഭിക്ഷാടനത്തിൽനിന്ന് പറഞ്ഞ പണം പിരിച്ചെടുക്കാഞ്ഞതിൽ കുപിതനായ ഭിക്ഷാടന മാഫിയ തലവനാണ് വേലുവിനെ പെട്രോളൊഴിച്ച് കത്തിച്ചത്.

2002 ഡിസംബർ 20-നാണ് സേലം സ്വദേശിയായ രാജയെ ജനസേവ ഏറ്റെടുത്തത്. ഭിക്ഷാടന മാഫിയയുടെ ശാരീരിക പീഡനത്താൽ തളർന്ന് അവശനായി വടക്കാഞ്ചേരി ബസ് സ്റ്റാൻഡിലാണ് രാജയെ കണ്ടെത്തിയത്. ഇരുവരും പഠനത്തോടൊപ്പം കായികരംഗത്തും മികവു പുലർത്തുകയും ഫുട്‌ബോൾ മത്സരങ്ങളടക്കം സബ് ജൂനിയർ, ജൂനിയർ തലങ്ങളിൽ ജില്ലാ ടീമിൽ ഇടം നേടുകയും ചെയ്തു. രാജ മുൻ ജില്ലാ ഫുട്‌ബോൾ ടീം ക്യാപ്റ്റനുമായിരുന്നു.

രണ്ട് വയസ്സുള്ള മകനുമായി രാജയും ഇന്ന് കുടുംബജീവിതം നയിക്കുന്നു. അന്വേഷിച്ച് ഇതുവരെ ആരും ജനസേവയിലെത്തിയില്ലെന്നും ആദ്യമായാണ് സ്വന്തം സംസ്ഥാനത്തുനിന്ന് അധികാരസ്ഥാനത്തുള്ള ഒരാളുമായി സംസാരിക്കാൻ കഴിഞ്ഞതെന്നും വേൽമുരുകനും രാജയും പറഞ്ഞു.

Leave a Reply