കുമ്പനാട് നാഷണൽ ക്ലബ്ബിൽ പണം വെച്ച് ചീട്ടുകളി നടത്തിയ പോലീസുകാരുൾപ്പെടെ പതിനൊന്നുപേർ അറസ്റ്റിൽ

0

കുമ്പനാട്(പത്തനംതിട്ട): കുമ്പനാട് നാഷണൽ ക്ലബ്ബിൽ പണം വെച്ച് ചീട്ടുകളി നടത്തിയ പോലീസുകാരുൾപ്പെടെ പതിനൊന്നുപേർ അറസ്റ്റിൽ. ഇവരിൽ നിന്ന് പത്തു ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു. ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.

പാലക്കാട് ജില്ലാ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് സി.പി.ഒ. ചവറ സ്വദേശി അനൂപ് കൃഷ്ണനാണ് അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥന്‍. ഇദ്ദേഹം ഒന്‍പതാം പ്രതിയാണ്. പത്തനംതിട്ട ജില്ലയിലെ കടപ്ര സ്വദേശി ശ്രീകുമാര്‍ (ഹരി), കുന്നന്താനം സ്വദേശി സുരേന്ദ്രന്‍ പിള്ള, ഏഴംകുളം സ്വദേശി രഘുനാഥന്‍, കോട്ടയം ജില്ലയിലെ കറുകച്ചാല്‍ സ്വദേശി പ്രദീപ്, കങ്ങഴ സ്വദേശി റഷീദ്, കോട്ടയം സ്വദേശി സിബി ആന്റണി, ആലപ്പുഴ ജില്ലയിലെ വെണ്‍മണി സ്വദേശി അഷ്റഫ്, ചെറിയനാട് സ്വദേശി പ്രസാദ്, ചെങ്ങന്നൂര്‍ സ്വദേശി ബാബു ജോണ്‍, തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശി വിനോദ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. ഇവരെ ജാമ്യത്തില്‍വിട്ടു.

ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേകസംഘവും കോയിപ്രം ഇന്‍സ്‌പെക്ടര്‍ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും ചേര്‍ന്നാണ് പരിശോധന നടത്തിയത്. പിടിയിലായവരെല്ലാം ക്ലബ്ബിലെ അംഗങ്ങളും പണംവെച്ച് സ്ഥിരമായി ഇവിടെ ചീട്ട് കളിക്കുന്നവരുമാണെന്ന് പോലീസ് പറഞ്ഞു. 10,13,510 രൂപയാണ് ചീട്ടുകളത്തില്‍നിന്ന് പിടിച്ചെടുത്തത്. ശ്രീകുമാറിന്റെ നേതൃത്വത്തിലായിരുന്നു കളി. സംഘത്തിലെ പ്രധാനകണ്ണിയും ഇയാളാണ്. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍നിന്നുള്ളവര്‍ ഇവിടെ അംഗങ്ങളാണെന്നും പോലീസ് പറഞ്ഞു. പരിശോധനയ്‌ക്കെത്തിയപ്പോള്‍ ക്ലബ്ബ് പരിസരത്ത് ഒട്ടേറെ ആളുകള്‍ കൂടിനിന്നിരുന്നു. ഉള്ളിലെ രഹസ്യമുറിയിലാണ് ചീട്ടുകളികേന്ദ്രം പ്രവര്‍ത്തിക്കുന്നത്.

ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്ന് നൽകിയ നിർദേശപ്രകാരം നടത്തിയ സംയുക്ത നീക്കത്തിലാണ് ഇത്രയും പേർ പിടിയിലായത്. പഴുതടച്ചവിധം ആസൂത്രിതമായി നടത്തിയ പരിശോധനയിൽ കോയിപ്രം പൊലീസ് ഇൻസ്പെക്ടർ സജീഷ് കുമാർ, എസ് ഐമാരായ അനൂപ്, താഹാകുഞ്ഞ്, മധു, എ എസ് ഐ വിനോദ്, എസ് സി പി ഓമാരായ മാത്യു എബ്രഹാം, ജോബിൻ ജോൺ, സി പി ഒ ആരോമൽ എന്നിവരും, ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സംഘത്തിലെ എസ് ഐ അജി സാമൂവൽ, എ എസ് ഐ അജികുമാർ, സി പി ഒമാരായ മിഥുൻ, ബിനു, സുജിത്, അഖിൽ ശ്രീരാജ് എന്നിവരുമാണ് ഉണ്ടായിരുന്നത്.

റെയ്ഡ് നടക്കുന്ന സമയം ജില്ലാ പൊലീസ് മേധാവി വീഡിയോ കാളിലൂടെ നടപടികൾ നിരീക്ഷിക്കുകയും വേണ്ട നിർദേശങ്ങൾ പൊലീസുദ്യോഗസ്ഥർക്ക് നൽകുകയും ചെയ്തു. പൊലീസ് സ്ഥലത്ത് എത്തുമ്പോൾ ഗേറ്റിനു പുറത്തും കോമ്പൗണ്ടിലും ചീട്ടു കളിക്കാനെത്തിയവരും മറ്റും കൂടിയിരുന്നു. ചീട്ടുകളി സംഘടിപ്പിക്കുകയും, നേതൃത്വം കൊടുക്കുകയും ചെയ്യുന്ന ഒന്നാം പ്രതി ഹരി എന്നുവിളിക്കുന്ന ശ്രീകുമാർ പൊലീസ് ഉള്ളിൽ കടന്നത് അറിഞ്ഞപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് ഓടിച്ചിട്ട് പിടികൂടി. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ളവരാണ് ഇവിടെ പണംവച്ച് കളിക്കാൻ എത്തുന്നത്.
ജില്ലയിൽ ആദ്യമായാണ് പൊലീസ് ഇത്തരത്തിൽ റെയ്ഡ് നടത്തി ഇത്രയും വലിയ തുക പിടിച്ചെടുക്കുന്നത്. കുറഞ്ഞത് ഒരു ലക്ഷം രൂപ അടയ്ക്കുന്നവർക്ക് മാത്രമേ കളിക്കാൻ സാധിക്കൂ എന്നാണ് വ്യവസ്ഥ. രക്ഷപ്പെടാൻ പഴുതു നൽകാതെ പൊലീസ് നാലുവശവും വളഞ്ഞാണ് വിശാലമായ കെട്ടിടത്തിലെ ചീട്ടുകളി മുറിയിൽ കടന്നത്. പിടികൂടുമ്പോൾ തന്നെ ഫോണുകൾ പിടിച്ചെടുത്തശേഷം നടത്തിയ പരിശോധനയിൽ ഇവരിൽ നിന്നും പണം കണ്ടെത്തുകയായിരുന്നു. തുടർന്ന് കോയിപ്രം പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ, കേസ് എടുത്ത് വിശദമായി ചോദ്യം ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു. ജില്ലയിൽ ഇത്തരം സംഘങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

മുൻ ഡിജിപി, മുതിർന്ന രാഷ്ട്രീയ നേതാക്കൾ, ബിസിനസുകാർ, കേരളത്തിലും വിദേശത്തുമുള്ള അതിസമ്പന്നർ എന്നിവരുൾപ്പെടുന്നതാണ് നാഷണൽ ക്ലബ്. ഇവിടെ അംഗത്വമെടുക്കാൻ ലക്ഷങ്ങളാണ് നൽകേണ്ടത്. ജീവകാരുണ്യ പ്രവർത്തനം, ഭവന നിർമ്മാണ ധനസഹായം, വിവാഹ സഹായം എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ ക്ലബിന്റെ ഭാഗമായുണ്ട്. പക്ഷേ, പണം വച്ചുള്ള ചീട്ടുകളിക്ക് കുപ്രസിദ്ധമാണ് ഇവിടം. മുൻപും ഇവിടെ പരിശോധന നടന്നിട്ടുണ്ട്. നിലവിലുള്ള ഭരണസമിതിയിലെ ഭിന്നതയാണ് ഇത് പൊലീസ് റെയ്ഡിലേക്ക് എത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here