സാങ്കേതിക തകരാറിനെ തുടർന്ന് ഇൻഡിഗോയുടെ ഷാർജ-ഹൈദരാബാദ് വിമാനം പാക്കിസ്ഥാനിലെ കറാച്ചിയിലിറക്കിയതിൽ വിശദ അന്വേഷണത്തിന് കേന്ദ്ര സർക്കാർ

0

ന്യൂഡൽഹി: സാങ്കേതിക തകരാറിനെ തുടർന്ന് ഇൻഡിഗോയുടെ ഷാർജ-ഹൈദരാബാദ് വിമാനം പാക്കിസ്ഥാനിലെ കറാച്ചിയിലിറക്കിയതിൽ വിശദ അന്വേഷണത്തിന് കേന്ദ്ര സർക്കാർ. തകരാർ കണ്ടുപിടിച്ചപ്പോൾ മുൻകരുതൽ എന്ന നിലയിലാണ് വിമാനം കറാച്ചി വിമാനത്താവളത്തിൽ ഇറക്കേണ്ടിവന്നതെന്നും യാത്രക്കാർ സുരക്ഷിതരാണെന്നും ഇൻഡിഗോ അറിയിച്ചു.

യാത്രക്കാരെ എത്തിക്കുന്നതിനായി മറ്റൊരു വിമാനം കറാച്ചിയിലേക്ക് അയക്കുമെന്നും ഇൻഡിഗോ വ്യക്തമാക്കി. സാങ്കേതിക തകരാറുകളെ തുടർന്ന് രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ ഇന്ത്യൻ വിമാനമാണ് പാക്കിസ്ഥാനിൽ ഇറങ്ങുന്നത്. ഇൻഡിഗോ 6ഇ-1406 വിമാനമാണ് കറാച്ചിയിൽ ഇറക്കിയത്. നേരത്തേ ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട സ്പെയിസ് ജെറ്റ് വിമാനമാണ് കറാച്ചിയിൽ ഇറക്കിയത്.

കോക്പിറ്റിലെ ഇന്ധന സൂചക ലൈറ്റ് ശരിയായി പ്രവർത്തിക്കാത്തതിനെ തുടർന്നായിരുന്നു ഇത്. തുടർച്ചയായ സാങ്കേതിക തകരാറുകളിൽ സ്പൈസ് ജെറ്റിന് ഡിജിസിഎ കാരണം കാണിക്കാൻ നോട്ടിസും അയച്ചിരുന്നു. രണ്ടാമതും കറാച്ചിയിൽ വിമാനം ഇറങ്ങേണ്ടി വന്ന സാഹചര്യത്തെ ഗൗരവത്തോടെ കേന്ദ്ര സർക്കാരും കാണുന്നുണ്ട്. കഴിഞ്ഞ ഏതാനും നാളുകളായി സാങ്കേതിക തകരാർ അനുഭവപ്പെട്ട് അടിയന്തിര ലാൻഡിങ് നടത്തേണ്ടി വന്ന ആറ് സംഭവങ്ങളാണ് സ്പൈസ് ജെറ്റ് വിമാന കമ്പനിക്കുണ്ടായത്. ഇതിന് പിന്നാലെയാണ് ഇൻഡിഗോയുടെ യന്ത്രതകരാറും.

ഇന്നലെ യന്ത്രത്തകരാറിനെ തുടർന്ന് ഷാർജയിൽ നിന്നുള്ള എയർ അറേബ്യയുടെ വിമാനം അടിയന്തരമായി നെടുമ്പാശേരിയിൽ ഇറക്കിയിരുന്നു. രാത്രി 7.25ന് ആണ് വിമാനം അടിയന്തരമായി ഇറക്കിയത്. പറക്കുന്നതിനിടയിൽ തകരാർ പൈലറ്റിന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് വിമാനം ഇറക്കിയത്. 215 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഹൈഡ്രോളിക് തകരാറിനെ തുടർന്നാണ് വിമാനം ഇറക്കാൻ തീരുമാനിച്ചത്. ഇതിന് തൊട്ടു പിന്നാലെയാണ് ഷാർജയിൽ നിന്നുള്ള മറ്റൊരു വിമാനം കറാച്ചിയിൽ ഇറങ്ങുന്നത്.

അതേസമയം, ഇൻഡിഗോയുടെ സാങ്കേതിക വിദഗ്ദ്ധർ വിമാന നിർമ്മാതാക്കളായ എയർബസിനെ സമീപിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. വിമാനത്തിന്റെ മെയിന്റനൻസ് നടപടിക്രമങ്ങൾ കൃത്യമായി പാലിക്കണം. യാത്രക്കാരുടെ ജീവൻ അപകടത്തിൽ ആക്കരുതെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ജൂലൈ 12-ന് അഖിലേന്ത്യ എയർക്രാഫ്റ്റ് ടെക്നീഷ്യന്മാർ വിഷയവുമായി ബന്ധപ്പെട്ട് ഒരു കത്ത് എയർബസിന് അയച്ചിട്ടുണ്ട്. വിമാനങ്ങളിൽ എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഇടപെടാൻ നടത്തണം എന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

വിഷയത്തിൽ ഇടപെടാനും ഏഴ് ദിവസത്തെ മെയിന്റനൻസ് ഡാറ്റ പങ്കിടാൻ ഓപ്പറേറ്റർമാരോട് ആവശ്യപ്പെടുന്നതായി ഇൻഡിഗോയുടെ സാങ്കേതിക വിദഗ്ദ്ധർ പറയുന്നു. ഹിന്ദുസ്ഥാൻ ടൈംസ് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here