ആര്‍.എസ്.എസിന്റെ പേരില്‍ നിയമസഭയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേര്‍ക്കുനേര്‍

0

തിരുവനന്തപുരം: ആര്‍.എസ്.എസിന്റെ പേരില്‍ നിയമസഭയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേര്‍ക്കുനേര്‍. കണ്ണൂരിലെ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് പേര്‍ മരിക്കാനിടയായ സംഭവത്തില്‍ അടിയന്തര പ്രമേയ നോട്ടീസിലായിരുന്നു ഇരുനേതാക്കളും ആഞ്ഞടിച്ചത്.

കേരളത്തില്‍ കോണ്‍ഗ്രസ് നിലനില്‍ക്കുന്നത് എല്‍ഡിഎഫിന്റെ കരുത്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അന്ധമായ സിപിഎം വിരോധം കൊണ്ട് സര്‍ക്കാരിനെ ഇല്ലാതാക്കാന്‍ നിങ്ങള്‍ വഴിവിട്ട ശ്രമങ്ങള്‍ നടത്തുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിങ്ങള്‍ക്ക് സംഭവിക്കുന്നത് നിങ്ങള്‍ തിരിച്ചറിയണം.

ഇടതുപക്ഷത്തിന്റെ മുഖമായി കണ്ടിരുന്ന സംസ്ഥാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ത്രിപുര. അവിടെ ഇടതുമുന്നണിയെ തകര്‍ക്കാന്‍ ബി.ജെ.പി കോണ്‍ഗ്രസിനെ ഉപയോഗിച്ചു. അവര്‍ ഒന്നിച്ച് വാരി ഇടതുപക്ഷ സര്‍ക്കാരിനെ താഴെയിറക്കി. അതുതന്നെയാണ് ഇവിടെയും നടക്കുന്നത്. ഉള്ളതുപറയുമ്പോള്‍ കള്ളിക്ക് തുള്ളല്‍ എന്ന് പറയുന്നത് പോലെയാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

ആര്‍.എസ്.എസ് ബന്ധത്തേയും വോട്ട് കച്ചവടത്തെയും കുറിച്ച് വലിയ വെളിപ്പെടുത്തലുകള്‍ എല്ലാം വരുന്ന സാഹചര്യത്തിലാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ 1977ലെ തിരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസ് വോട്ട് കൂടിനേടി വിജയിച്ച് നിയമസഭയലെത്തിയ പിണറായി വിജയനാണ് ഇപ്പോള്‍ ഞങ്ങളെ ഉപദേശിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസിനെ നേരിടാന്‍ ഏത് ചെകുത്താനുമായി കൂട്ടുകൂടാമെന്ന് പറഞ്ഞവരാണ് നിങ്ങള്‍. ആര്‍.എസ്.എസ് നേതാക്കളുമായി വേദി പങ്കിട്ട് ചര്‍ച്ച നടത്തിയ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ പുറപ്പെട്ടവരാണ് നിങ്ങള്‍. ഇവിടെ ഒരു കോണ്‍ഗ്രസുകാരനും യുഡിഎഫുകാരനും ആര്‍.എസ്.എസിന്റെ വോട്ട് വാങ്ങി വിജയിച്ചിട്ടില്ലെന്നും വി.ഡി സതീശന്‍ തിരിച്ചടിച്ചു.

80 ശതമാനം ബോംബ് സ്ഫോടന കേസുകളും ഒരു തുമ്പും ഇല്ലാതെയും പ്രതികളെ പിടികൂടാതെയും അവസാനിക്കുന്നു. നിരപരാധികള്‍ പോലും ബോംബ് പൊട്ടി മരിക്കുന്നു. ഒരു കേസിലും ഒരു തുമ്പും ഇല്ല. ബോംബ് കേസുകളില്‍ പ്രതിയായ ഒരു സിപിഎം പ്രവര്‍ത്തകനെ പോലും പിടികൂടിയിട്ടില്ല. നിങ്ങള്‍ ഭരിക്കുമ്പോള്‍ അത് പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ എന്തുകൊണ്ടാണ് ആര്‍എസ്എസ്, എസ്ഡിപിഐ പ്രവര്‍ത്തകരെ ബോംബ് കേസില്‍ പിടികൂടാത്തത്.

കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ച വേദിക്ക് സമീപം ബോംബെറിഞ്ഞതില്‍ കേസെടുത്തെന്ന് പറഞ്ഞ മുഖ്യമന്ത്രി അതില്‍ ആരെയെങ്കിലും അറസ്റ്റ് ചെയ്തതായി പറയാന്‍ കഴിയുമോയെന്നും സതീശന്‍ ചോദിച്ചു. മക്കളെ കുറിച്ച് പറയുമ്പോള്‍ എല്ലാവര്‍ക്കും നോവും. അങ്ങനെ എത്ര മക്കളെയാണ് നിങ്ങള്‍ ക്രൂരമായി കൊന്നതെന്നും സതീശന്‍ ചോദിച്ചു.ബോംബ് നിര്‍മ്മാണത്തിനിടെ സിപിഎമ്മിന്റെ ഏഴ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കാര്യവും സതീശന്‍ ചൂണ്ടിക്കാട്ടി

LEAVE A REPLY

Please enter your comment!
Please enter your name here