കോളേജിൽ പോകുന്നത് ബുള്ളെറ്റ് ഓടിച്ച്; ഞായറാഴ്ചകളിൽ ബസ് ഡ്രൈവർ,നിയമവിദ്യാർത്ഥിനിയുടെ വാഹന കമ്പം

0

കൊച്ചി: ദിവസവും കോളേജിൽ പോകുന്നത് ബുള്ളെറ്റ് ഓടിച്ച്. നിയമവിദ്യാർത്ഥിനിയായ ആ പെൺകുട്ടിയെ പക്ഷെ ഞായറാഴ്ചകളിൽ കാണാനാവുക ബസ് ഡ്രൈവറായിട്ടാണ്. ഇരുപത്തൊന്നുകാരിയായ ആൻമേരിയാണ് ഈ വേഷ പകർച്ച നടത്തുന്നത്. നിയമ വിദ്യാർത്ഥിനിയായ ആൻമേരി ഒഴിവ് കിട്ടുന്ന ദിവസങ്ങളിൽ ഡ്രൈവറാകുന്നത് പ്രതിഫലത്തിന് വേണ്ടിയല്ല എന്നതാണ് പ്രത്യേകത.

വലിയ വാഹനങ്ങൾ ഓടിക്കാനുള്ള കമ്പമാണ് ആൻ മേരിയെ കാക്കനാട്– പെരുമ്പടപ്പ് റൂട്ടിൽ സർവീസ് നടത്തുന്ന ബസിന്റെ ഞായറാഴ്ചകളിലെ ഡ്രൈവറാക്കിയത്. 18 വയസ്സിൽ തന്നെ ടൂവീലർ, ഫോർ വീലർ ലൈസൻസ് സ്വന്തമാക്കിയ ആൻ മേരി 21 വയസ്സിലേക്കു കടന്നപ്പോൾ തന്നെ ഹെവി ലൈസൻസിന് അപേക്ഷിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ ഹെവി ലൈസൻസും സ്വന്തമാക്കി.

അയൽവാസിയും ബസ് ഡ്രൈവറുമായ ശരത്തിന്റെ സഹായത്തോടെ ബസ് ഓടിക്കാനും തുടങ്ങി. വാത്തുരുത്തിയിൽ നിന്ന് പുലർച്ചെ ആരംഭിക്കുന്ന സർവീസ് അവസാനിക്കുക രാത്രിയാണ്. അഞ്ചു മാസമായി ഞായറാഴ്ചകളിൽ ഇരുത്തംവന്ന ഡ്രൈവറായി നഗരത്തിലൂടെ ബസ് ഓടിക്കുകയാണ് ആൻമേരി. എറണാകുളം ഗവ.ലോ കോളജിലെ നിയമ വിദ്യാർഥിയായ ആൻ മേരി ബുള്ളറ്റിലാണ് കോളജിൽ പോകുന്നത്. പവർലിഫ്റ്ററും കീബോർഡിസ്റ്റുമാണ്.

മണ്ണുമാന്തി യന്ത്രവും കണ്ടെയ്നർ ലോറിയും ഓടിക്കാനുള്ള പരിശീലനവും ആൻ നടത്തുന്നു. കെട്ടിടനിർമാണ കോൺട്രാക്ടറായ പള്ളുരുത്തി ചിറക്കൽ സ്വദേശി പറേമുറി പി.ജി.ആൻസലിന്റെയും പാലക്കാട് അഡീഷനൽ ജില്ലാ ജഡ്ജി സ്മിത ജോർജിന്റെയും മകളാണ് ആൻമേരി.

LEAVE A REPLY

Please enter your comment!
Please enter your name here