ട്രെയിനിൽ സ്ഥിരമായി മോഷണം നടത്തുന്നയാളും ഒട്ടേറെ കേസുകളിൽ പ്രതിയുമായ അഷ്റഫ് റെയിൽവേ പൊലീസിന്റെ പിടിയിലായി

0

ട്രെയിനിൽ സ്ഥിരമായി മോഷണം നടത്തുന്നയാളും ഒട്ടേറെ കേസുകളിൽ പ്രതിയുമായ ചിറയിൻകീഴ് സ്വദേശി അഷ്റഫ് (49) റെയിൽവേ പൊലീസിന്റെ പിടിയിലായി. അടുത്തിടെ പേട്ടയ്ക്കും സെൻട്രൽ സ്റ്റേഷനും ഇടയ്ക്കു വച്ച് യാത്രക്കാരിയുടെ സ്വർണമടങ്ങിയ ബാഗ് പിടിച്ചു പറിച്ച് കടന്ന കേസിൽ പ്രതിയാണ്. മുൻപ് കൊച്ചുവേളിയിൽ വച്ച് കണ്ണൂർ എയർപോർട്ടിലെ ഉയർന്ന ഉദ്യോഗസ്ഥന്റെ പഴ്സും ലാപ്ടോപ്പും മൊബൈൽ ഫോണും കവർന്ന കേസിലും പൊലീസ് അന്വേഷിക്കുന്ന ആളാണ് അഷ്റഫ്. നാൽപതോളം കേസുകളിൽ പ്രതിയായ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കഴിഞ്ഞ 21ന് പുലർച്ചെയാണ് വിമാനത്താവള ഉദ്യോഗസ്ഥന്റെ ബാഗ് നഷ്ടപ്പെട്ടത്. മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട പ്രധാന ആവശ്യത്തിനായിരുന്നു യാത്ര. ട്രെയിൻ കൊച്ചുവേളിയിലെത്താറായപ്പോൾ എഴുന്നേറ്റു വാഷ് ബേയ്സിനിൽ മുഖം കഴുകി. തിരിച്ചെത്തിയപ്പോൾ ബെർത്തിൽ വച്ചിരുന്ന ബാഗ് ഇല്ല. വില കൂടിയ ഐഫോൺ, 20000 രൂപയടങ്ങിയ പഴ്സ്, എടിഎം കാർഡ് എന്നിവ ബാഗിലുണ്ടായിരുന്നു. തുടർന്ന് അന്വേഷണത്തിനിടെ റെയിൽവേ പൊലീസിന് വലിയതുറ പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് ഒഴിഞ്ഞ ബാഗ് കിട്ടി. സിഐ അഭിലാഷ് ഡേവിഡ്, എസ്ഐമാരായ ബിജു കുമാർ, നളിനാനക്ഷൻ, എഎസ്ഐ ജയകുമാർ, സിപിഒമാരായ ജിസാം, പ്രമോദ്, അൽ അമീൻ, മിഥുൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here