കരുവന്നൂര്‍ സഹകരണബാങ്കില്‍ നിന്നു 300 കോടി രൂപയോളം തട്ടിച്ച കേസില്‍ പോലീസ് അന്വേഷണം ഇഴയുന്നതിനിടെ ആശ്വാസപദ്ധതിയുമായി കേരളബാങ്ക് രംഗത്തിറങ്ങുന്നു

0

കരുവന്നൂര്‍ സഹകരണബാങ്കില്‍ നിന്നു 300 കോടി രൂപയോളം തട്ടിച്ച കേസില്‍ പോലീസ് അന്വേഷണം ഇഴയുന്നതിനിടെ ആശ്വാസപദ്ധതിയുമായി കേരളബാങ്ക് രംഗത്തിറങ്ങുന്നു. സര്‍ക്കാരിന്റെ കനത്ത സമ്മര്‍ദത്തെ തുടര്‍ന്നാണിത്.
നിക്ഷേപകരെ സര്‍ക്കാര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് സി.പി.എം. വൃത്തങ്ങളിലും അതൃപ്തിയുണ്ടായിരുന്നു. നിക്ഷേപകര്‍ക്കു തുക തിരികെ നല്‍കുന്നതിനു ഘട്ടംഘട്ടമായി സാമ്പത്തികപാക്കേജ് കൊണ്ടുവരുമെന്നാണ് അറിയുന്നത്. അടുത്തയാഴ്ച്ച കേരളബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കും. സഹകരണബാങ്കിന്റെ കുടിശിക പിരിവ് ഊര്‍ജിതമാക്കാന്‍ കേരളബാങ്ക് നേതൃത്വം നല്‍കും.
കേരളബാങ്ക് തുടക്കത്തില്‍ സഹകരണ ബാങ്കിനെ സഹായിച്ചിരുന്നുവെങ്കിലും പിന്നീട് മുഖംതിരിച്ചു.
സാമ്പത്തികതിരിമറി കണ്ടെത്തി ഒരുവര്‍ഷം തികയാറാകുമ്പോഴാണ് ആശ്വാസനടപടി വരുന്നതെന്നു ശ്രദ്ധേയമാണ്. 2021 ജൂെലെ 14 നാണ് പോലീസ് സഹകരണബാങ്കില്‍ തട്ടിപ്പുകേസ് രജിസ്റ്റര്‍ ചെയ്തത്. പിറ്റേന്നു ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണിത്. സഹകരണബാങ്കിനെ സാമ്പത്തികപ്രതിസന്ധിയില്‍ നിന്നു കരകയറ്റാന്‍ കണ്‍സോര്‍ഷ്യം രൂപീകരിക്കുമെന്ന് ജനുവരിയില്‍ പ്രഖ്യാപിച്ചിരുന്നതാണ്. മൂന്നു മാസം മുമ്പ് കണ്‍സോര്‍ഷ്യം രൂപീകരിക്കുമെന്നു വീണ്ടും പറഞ്ഞിരുന്നു. കണ്‍സോര്‍ഷ്യം രൂപീകരിക്കണമെങ്കില്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന ഒരു ബാങ്കിനെ ലീഡ് ബാങ്കായി നിശ്ചയിക്കണം.അവരാണ് കരുവന്നൂര്‍ ബാങ്കിന്റെ ബാധ്യതയില്‍ ഭൂരിഭാഗവും വഹിക്കേണ്ടത്. അതിനു ആരും തയാറായിരുന്നില്ല.
അതേസമയം സി.പി.എം. സഹകാരികള്‍ അടക്കം വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ടു. തട്ടിപ്പു നടത്തിയവര്‍ ആ തുക ഉപയോഗിച്ചു വാങ്ങിയ വസ്തുക്കളുടെ കണക്കെടുപ്പു പൂര്‍ത്തിയാക്കിയിട്ടില്ല. നിക്ഷേപകര്‍ക്കു ചികിത്സയ്ക്കു പണം പിന്‍വലിക്കണമെങ്കിലും കര്‍ശനനിയന്ത്രണമായിരുന്നു. 12,000 ല്‍ അധികം വരുന്ന നിക്ഷേപകര്‍ ഇതോടെ അനിശ്ചിതാവസ്ഥയിലായി. തട്ടിപ്പുനടത്തിയവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നീക്കവും മന്ദഗതിയിലാണ്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 10 ന് 16 സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡു ചെയ്തു. പിന്നീട് തിരിച്ചെടുത്തു.
തട്ടിപ്പുമായി ബന്ധപ്പെട്ട് 14 എഫ്.ഐ.ആറുകളിട്ടു. അന്തിമ കുറ്റപത്രം സമര്‍പ്പിച്ചാലേ കേസില്‍ കൃത്യതയുണ്ടാകൂ. കേസിലുള്‍പ്പെട്ട ഭരണസമിതി അംഗങ്ങളെല്ലാം ജാമ്യത്തിലാണ്. ജീവനക്കാരും ഇടനിലക്കാരും കമ്മീഷന്‍ ഏജന്റുമാരുമായ ആറു പേരെയാണ് അറസ്റ്റുചെയ്തിരുന്നത്. തട്ടിപ്പില്‍ നേരിട്ടു പങ്കാളിത്തമുള്ള ആറു പേരിലേക്ക് നടപടികള്‍ ചുരുക്കുകയാണ്. ഇവര്‍ തട്ടിപ്പുനാടകത്തില്‍ പങ്കെടുത്തത് ഉന്നതരുടെ സംരക്ഷണയിലാണെന്നു നിക്ഷേപകര്‍ പരാതിപ്പെടുന്നു.
തൃശൂരിലെ 138 സഹകരണ ബാങ്കുകള്‍ കണ്‍സോര്‍ഷ്യത്തിന്റെ ഭാഗമാകാന്‍ സമ്മതപത്രം നല്‍കിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള രക്ഷാപാക്കേജ് ഉടന്‍ നടപ്പാക്കും. തൃശൂര്‍ ജില്ലയിലെ ഓരോ സഹകരണ ബാങ്കുകളിലേയും നിക്ഷേപതുകയുടെ ഒരു ശതമാനം വീതമാണ് സമാഹരിക്കുക. ഇങ്ങനെ കിട്ടുന്ന 100 കോടിയില്‍ 25 ശതമാനം നിക്ഷേപര്‍ക്ക് നല്‍കും. ബാക്കി തുക ബാങ്കിന്റെ മറ്റ് കാര്യങ്ങള്‍ക്ക് ഉപയോഗിക്കാനാണ് തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here