ദുബായില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം ഇന്നലെ മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്തു

0

ദുബായില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം ഇന്നലെ മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. കൊലപാതകമാണെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടര്‍ന്നായിരുന്നു വീണ്ടും പോസ്റ്റ്‌മോര്‍ട്ടം.
കുറ്റിപ്പുറം രാങ്ങാട്ടൂര്‍ കുന്നക്കാട്ട് അബൂബക്കറിന്റെ മകള്‍ അഫീല (27) യെയാണ് ദുബായ് അല്‍സലീല സ്ട്രീറ്റിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുബായില്‍ സ്വകാര്യസ്ഥാപനത്തില്‍ അഡിമിനിസ്‌ട്രേറ്ററായി ജോലി ചെയ്യുന്ന കടലുണ്ടി നഗരം ആനങ്ങാടി വയല്‍പീടിയേക്കല്‍ റാസിഖ് (28) ആണ് അഫീലയുടെ ഭര്‍ത്താവ്. 2014ലായിരുന്നു ഇവരുടെ വിവാഹം. കഴിഞ്ഞ മാര്‍ച്ചിലാണ് അഫീലയും നാലുവയസുള്ള മകനും ഭര്‍ത്താവിനടുത്തേക്ക് പോയത്. ദമ്പതികള്‍ തമ്മില്‍ വഴക്ക് പതിവായിരുന്നെന്നാണ് പറയുന്നത്. ഭര്‍ത്താവ് മര്‍ദിച്ചതിനെ തുടര്‍ന്നുണ്ടായ പരുക്കുകള്‍ ഫോട്ടോയെടുത്ത് അഫീല നാട്ടിലെ സുഹൃത്തിന് അയച്ചും നല്‍കിയിരുന്നു.
കഴിഞ്ഞ ജൂണ്‍ 10ന് രാത്രിയാണ് അഫീലയെ താമസസ്ഥലത്തെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അടുക്കളയിലെ ചുമരില്‍ സ്‌ക്രൂ ചെയ്ത ഹുക്കില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഒട്ടും ഉറപ്പില്ലാത്ത ഈ ഹുക്കില്‍ തൂങ്ങി മരിച്ചുവെന്നത് വിശ്വസനീയമല്ലെന്നും ഈ ഹുക്കില്‍ തൂങ്ങിയാല്‍ കാലുകള്‍ തറയില്‍ മുട്ടുമെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാണിക്കുന്നു. ദുബായിലെ സുഹൃത്തുക്കള്‍ വഴി ഖത്തറിലുള്ള ബന്ധുക്കളും മറ്റും എത്തിയപ്പോഴേക്കും ഭര്‍ത്താവ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ദുബായില്‍ പോസ്റ്റുമോര്‍ട്ടം നടന്നെങ്കിലും രേഖകള്‍ തങ്ങള്‍ക്കു കിട്ടിയില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്നാണ് ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കിയത്. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കി. ഇന്നലെ പുലര്‍ച്ചെ നാലര മണിക്ക് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലെത്തിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി രാങ്ങാട്ടൂര്‍ ജുമാ മസ്ജിദില്‍ കബറടക്കി.

LEAVE A REPLY

Please enter your comment!
Please enter your name here