ഗുരുവായൂരിൽ കലാകാരന്മാർ പരിശീലനം തുടങ്ങി
കൃഷ്ണനാട്ടം കളി സെപ്റ്റംബർ ഒന്നു മുതൽ

0

കൂവപ്പടി ജി. ഹരികുമാർ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ കൃഷ്ണനാട്ടം പരിശീലന
ക്കളരിയിൽ അടുത്ത സീസണിലേയ്ക്കുള്ള തീവ്രപരിശീലനത്തിലാണ് കലാകാരന്മാർ. കഥകളിയ്ക്കെന്നപോലെ തന്നെ അസാമാന്യ മെയ്‌വഴക്കം വേണ്ട ഒരിനമാണ് കൃഷ്ണനാട്ടവും. ജൂലൈ നാലുമുതൽ തുടങ്ങിയതാണ് ഉഴിച്ചിലും കച്ചകെട്ടിയഭ്യാസവുമെല്ലാം. നാല്പത്തിയൊന്നു ദിവസം നീണ്ടുനിൽക്കുന്ന കളരിച്ചിട്ടകളിലൂടെയാണ് കലാകാരന്മാർ അരങ്ങിലെത്താൻ പ്രാപ്തരാകുന്നത്. പുലർച്ചെ മൂന്നു മണിയ്ക്കു തുടങ്ങുന്ന പരിശീലനം അവസാനിയ്ക്കുന്നത് രാത്രി ഒൻപതു മണിയ്ക്ക്. കണ്ണു സാധക
ത്തിൽ തുടങ്ങി മെയ്യഭ്യാസത്തിലേയ്ക്ക് നീളും. തുടർന്ന് അരയിൽ കച്ചകെട്ടി പാദം മുതൽ മുഖാവരെ എണ്ണ തേച്ചുള്ള കാൽ സാധകം. തീവട്ടം കുടയൽ എന്നൊരാഭ്യാസവുമുണ്ട്. അവസാനമായി നടക്കുന്നതാണ് ചവിട്ടിയു ഴിച്ചിൽ. വ്രതശുദ്ധിയോടെയാണ് ഓരോ കലാകാരനും കളരിയിലെ
പരിശീലനത്തിൽ ഏർപ്പെടുന്നത്. കലാനിലയം സൂപ്രണ്ട്‌ ഡോ. മുരളി പുറനാട്ടുകര, കളിയോഗം ആശാൻ പി. ശശിധരൻ, വേഷം ആശാൻമാരായ സി. സേതുമാധവൻ, എസ്. മാധവൻകുട്ടി, എ. മുരളീധരൻ, പാട്ട് വിഭാഗം ആശാൻമാരായ ഇ. ഉണ്ണികൃഷ്ണൻ, എം.കെ. ദിൽക്കുഷ്, ശുദ്ധമദ്ദളം ആശാൻ കെ. മണികണ്ഠൻ, തൊപ്പിമദ്ദളം ആശാൻ കെ. ഗോവിന്ദൻകുട്ടി എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. അണിയറയിൽ കോപ്പു പണികൾ ചുട്ടി വിഭാഗം ആശാൻ കെ.ടി. ഉണ്ണികൃഷ്ണൻ, ചുട്ടി ഗ്രേഡ് 1 കലാകാരൻ ഇ. രാജു , ചമയ കലാകാരൻ കെ. ശങ്കരനാരായണൻ എന്നിവരുടെ നേതൃത്വത്തിൽ പരിശീലനം പുരോഗമിച്ചുവരികയാണ്. ഇതു കഴിയുന്നതോടെ മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷം സെപ്റ്റംബർ ഒന്നു മുതൽ അവതാരം കളിയോടെ ക്ഷേത്രത്തിൽ കൃഷ്ണനാട്ടം പുന: രാരംഭിയ്ക്കും.

ഫോട്ടോ: ഗുരുവായൂർ ക്ഷേത്രത്തിലെ കൃഷ്ണനാട്ടം കളിയ്ക്കായി പരിശീലനത്തിൽ ഏർപ്പെട്ടിരിയ്ക്കുന്ന കലാകാരൻമാർ

Leave a Reply