ലോജിസ്റ്റിക് പഠനത്തിനിടെ ലോഡ് കണക്കിന് കഞ്ചാവ് കടത്ത് പതിവാക്കിയ യുവാവ് പാലക്കാട് ഒലവക്കോട് അറസ്റ്റിൽ

0

പാലക്കാട്∙ ലോജിസ്റ്റിക് പഠനത്തിനിടെ ലോഡ് കണക്കിന് കഞ്ചാവ് കടത്ത് പതിവാക്കിയ യുവാവ് പാലക്കാട് ഒലവക്കോട് അറസ്റ്റിൽ. കോട്ടയം താഴത്തങ്ങാടി സ്വദേശി നബീൽ മുഹമ്മദിനെയാണ് 20 കിലോ കഞ്ചാവുമായി ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും എക്സൈസും സംയുക്തമായി പിടികൂടിയത്. ലഹരി ഉപയോഗിച്ച് ബോധം നഷ്ടപ്പെട്ട് വഴിയറിയാതെ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ യുവാവിനെ ആർപിഎഫ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കൊച്ചിയിൽ മാന്യമായ ജോലി, തരക്കേടില്ലാത്ത ശമ്പളം, ഇതിനിടയിലാണ് ലഹരി ഉപയോഗം തുടങ്ങിയത്. പിന്നീട് അത് പതിവാക്കി. ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ ലഹരിക്കുള്ള പണം കണ്ടെത്താൻ പിന്നീട് കഞ്ചാവ് കടത്തുകാരനായി. വിപണി സാധ്യത മനസിലാക്കിയാണ് ധൈര്യപൂർവ്വം വിശാഖപട്ടണത്തേക്ക് വണ്ടി കയറിയത്. വിശാഖപട്ടണത്തിൽ നിന്ന് കഞ്ചാവ് കോട്ടയത്ത് എത്തിച്ചാൽ നല്ല വിലയ്ക്ക് വിൽക്കാമെന്ന് പല ഘട്ടങ്ങളിലായി നബീൽ മുഹമ്മദ് തെളിയിച്ചതാണ്.

ഇത്തവണയും സമാന രീതിയിൽ ട്രെയിൻ മാർഗം കോട്ടയത്തേക്കുള്ള യാത്രയിലായിരുന്നു. ഉപയോഗിച്ച കഞ്ചാവിന്റെ അളവ് കൂടിയതിനാൽ ലക്ഷ്യ സ്ഥാനത്ത് എത്തും മുൻപ് ഒലവക്കോടിറങ്ങി. വഴിയറിയാതെ തലങ്ങും വിലങ്ങും നടന്നു. പിന്നാലെയാണ് നബീൽ ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. ആദ്യം കോട്ടയത്തേക്കുള്ള ബസ് എവിടെ കിട്ടും എന്ന് ചോദിച്ച നബീൽ കയ്യിലുള്ള ബാഗ് ബോധപൂർവം ഒളിപ്പിക്കുന്നതായി ഉദ്യോഗസ്ഥർക്ക് തോന്നി. പിന്നാലെ നടത്തിയ വിശദമായി പരിശോധനയിലാണ് 20 കിലോ കഞ്ചാവ് കണ്ടെടുത്തത്.

എറണാകുളം, കോട്ടയം ജില്ലകളിലെ ചെറുകിട കഞ്ചാവ് വിൽപനക്കാർക്ക് പതിവായി കഞ്ചാവ് എത്തിച്ചിരുന്നത് നബീലെന്ന് വ്യക്തമായി. നബീലിന്റെ വരവും കാത്ത് ഫോണിലേക്ക് നിരവധി പേരുടെ വിളി എത്തിയതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ പതിവ് ഇടപാടുകാരെന്നാണ് നിഗമനം. ഇവരെക്കുറിച്ചും വിശദമായി പരിശോധിക്കും. കഞ്ചാവ് ഉപയോഗത്തിൽ തുടങ്ങി പിന്നീട് വിൽപ്പനക്കാരായി മാറുന്ന യുവാക്കളുടെ ശീലത്തിലേക്ക് നബീലും എത്തിയെന്നാണ് എക്സൈസ് വിലയിരുത്തൽ. ഇയാളുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം ഉണ്ടാകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

Leave a Reply