പിഡിപി നേതാവ് അബ്ദുൾ നാസർ മദനി പ്രതിയായ ബെംഗളുരു സ്‌ഫോടന കേസിൽ അന്തിമ വാദം കേൾക്കൽ സുപ്രീംകോടതി സ്റ്റേ ചെയ്തു

0

ന്യൂഡൽഹി: പിഡിപി നേതാവ് അബ്ദുൾ നാസർ മദനി പ്രതിയായ ബെംഗളുരു സ്‌ഫോടന കേസിൽ അന്തിമ വാദം കേൾക്കൽ സുപ്രീംകോടതി സ്റ്റേ ചെയ്തു. കർണാടക സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് വിചാരണ കോടതിയിൽ ആരംഭിക്കാനിരിക്കുന്ന അന്തിമ വാദം കേൾക്കൽ സുപ്രീംകോടതി സ്റ്റേ ചെയ്തത്. മദനി ഉൾപ്പടെയുള്ളവർക്കെതിരായ പുതിയ തെളിവുകൾ പരിഗണിക്കണമെന്നാണ് കർണാടക സർക്കാരിന്റെ ആവസ്യം. ഇക്കാര്യം വിചാരണ കോടതിയോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് കർണാടക സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.

ഫോൺ റെക്കോർഡിങ് ഉൾപ്പടെയുള്ള തെളിവുകൾ പരിഗണിക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് കർണാടകം സുപ്രീംകോടതിയെ സമീപിച്ചത്. പുതിയ തെളിവുകൾ പരിഗണിക്കാൻ വിചാരണ കോടതിയോട് നിർദേശിക്കണമെന്ന ആവശ്യം നേരത്തെ കർണാടക ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് കർണാടക സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.

കർണാടക സർക്കാരിന്റെ ഹർജി പരിഗണിച്ച സുപ്രീംകോടതി അബ്ദുൾ നാസർ മദനി,തടിയന്റെവിട നസീർ ഉൾപ്പടെ കേസിലെ ഇരുപത്തിയൊന്ന് പ്രതികൾക്ക് നോട്ടീസ് അയച്ചു. ഉടൻ തന്നെ വിചാരണ കോടതിയിൽ ആരംഭിക്കാൻ ഇരിക്കുന്ന അന്തിമ വാദം കേൾക്കൽ സ്റ്റേ ചെയ്യണമെന്ന് കർണാടക സർക്കാരിന്റെ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ നിഖിൽ ഗോയൽ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. ഈ ആവശ്യം ജസ്റ്റിസ് മാരായ ഹേമന്ത് ഗുപ്ത വിക്രം നാഥ് എന്നിവർ അടങ്ങിയ സുപ്രീംകോടതി ബെഞ്ച് അംഗീകരിച്ചു.

വിചാരണ പൂർത്തിയായ കേസിൽ പുതിയ തെളിവുകൾ ഇനി പരിഗണിക്കാൻ കഴിയില്ലെന്നാണ് അബ്ദുൾ നാസർ മദനി ഉൾപ്പടെയുള്ള പ്രതികളുടെ വാദം. തെളിവുകൾ ഉണ്ടായിരുന്നുവെങ്കിൽ കുറ്റപത്രം നൽകിയ സമയത്ത് ഹാജരാക്കണമായിരുന്നു. പുതിയ തെളിവുകൾ ഇനി പരിഗണിക്കാൻ അനുവദിച്ചാൽ സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടി വരും. ആ വിചാരണ അനന്തമായി നീട്ടും എന്നും പ്രതികളുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. അബ്ദുൾ നാസർ മദനിക്ക് വേണ്ടി അഭിഭാഷകൻ ഹാരിസ് ബീരാൻ സുപ്രീംകോടതിയിൽ ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here