ട്രെയിനില്‍നിന്നു പ്ലാറ്റ്‌ഫോമില്‍ വീണു തലയ്‌ക്കു പരുക്കേറ്റു ചികിത്സയിലായിരുന്ന ഹൈസ്‌കൂള്‍ അധ്യാപിക മരിച്ചു

0

തിരുവല്ല/മേലുകാവ്‌: ട്രെയിനില്‍നിന്നു പ്ലാറ്റ്‌ഫോമില്‍ വീണു തലയ്‌ക്കു പരുക്കേറ്റു ചികിത്സയിലായിരുന്ന ഹൈസ്‌കൂള്‍ അധ്യാപിക മരിച്ചു. മേലുകാവ്‌ കട്ടിപ്പുരയ്‌ക്കല്‍ കെ.ജെ. ജയിംസി(ഷിബു)ന്റെ ഭാര്യ ജിന്‍സി(35)യാണ്‌ മരിച്ചത്‌. തിരുവനന്തപുരം വെട്ടൂര്‍ ഗവ. എച്ച്‌.എസ്‌.എസ്‌. അധ്യാപികയാണ്‌. ജയിംസ്‌ റെയില്‍വേ ഉദ്യാഗസ്‌ഥനാണ്‌. കോട്ടയം റെയില്‍വേ ക്വാര്‍ട്ടേഴ്‌സിലാണ്‌ ഇവര്‍ താമസിച്ചിരുന്നത്‌.
നാഗര്‍കോവില്‍-കോട്ടയം പാസഞ്ചറിന്റെ വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ നിന്നു തിരുവല്ല സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ വീണാണ്‌ ജിന്‍സിക്ക്‌ പരുക്കേറ്റത്‌. കഴിഞ്ഞ 27നായിരുന്നു സംഭവം. സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ജിന്‍സി ബുധനാഴ്‌ച രാത്രിയാണ്‌ മരിച്ചത്‌. നീങ്ങിത്തുടങ്ങിയ ട്രെയിനില്‍നിന്ന്‌ ഇറങ്ങാന്‍ ശ്രമിക്കവേ ജിന്‍സി പ്ലാറ്റ്‌ഫോമില്‍ വീണെന്നാണ്‌ റെയില്‍വേ പോലീസ്‌ പറയുന്നത്‌. എന്നാല്‍ കോട്ടയത്ത്‌ ഇറങ്ങേണ്ടിയിരുന്ന ജിന്‍സി തിരുവല്ല സ്‌റ്റേഷനില്‍ ഇറങ്ങിയതു ചൂണ്ടിക്കാട്ടി ബന്ധുക്കളും യാത്രക്കാരുടെ കൂട്ടായ്‌മ ഫ്രണ്ട്‌സ് ഓണ്‍ റെയില്‍വേയും ദുരൂഹത ആരോപിച്ച്‌ രംഗത്ത്‌ എത്തിയിട്ടുണ്ട്‌.
പാസഞ്ചര്‍ ട്രെയിന്‍ തിരുവല്ലയില്‍ എത്തുമ്പോള്‍ ഗാര്‍ഡ്‌ റൂമിനോട്‌ ചേര്‍ന്ന്‌ അവസാനമായുള്ള വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ ജിന്‍സി ഒറ്റയ്‌ക്കായിരുന്നു. തിരുവല്ല സ്‌റ്റേഷനില്‍നിന്ന്‌ ട്രെയിന്‍ നീങ്ങിയപ്പോള്‍ മുഷിഞ്ഞ വസ്‌ത്രം ധരിച്ച ഒരാള്‍ വനിതാകമ്പാര്‍ട്ട്‌മെന്റിലേക്ക്‌ ഓടിക്കയറിയതായി മറ്റ്‌ കമ്പാര്‍ട്ട്‌മെന്റുകളില്‍ ഉണ്ടായിരുന്നവര്‍ പറയുന്നു.
സ്‌റ്റേഷന്റെ മധ്യഭാഗത്ത്‌ ഭാഗത്ത്‌ മാത്രമാണ്‌ സി.സി.ടിവിയുള്ളത്‌. അതിനാല്‍ ലഭ്യമായ ദൃശ്യങ്ങളില്‍ പ്ലാറ്റ്‌ഫോം അവസാനിക്കുന്ന ഭാഗത്ത്‌ ജിന്‍സി വീഴുന്നത്‌ കാണാമെന്ന്‌ പറയുന്നു. അപകടം നടക്കുന്നതിന്‌ തൊട്ടുമുന്‍പ്‌ വരെ ജിന്‍സി തങ്ങളുമായി സംസാരിച്ചിരുന്നുവെന്നും ജിന്‍സി തിരുവല്ലയില്‍ എന്തിന്‌ ഇറങ്ങണമെന്നുമാണ്‌ ബന്ധുക്കള്‍ ചോദിക്കുന്നത്‌. ജിന്‍സി മേലുകാവ്‌ എഴുകിലാനിക്കല്‍ കുടുംബാംഗം. മക്കള്‍: ജെറോം, ജെനിറ്റ. സംസ്‌ക്കാരം നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here