ഇത്തവണത്തെ കർക്കടക വാവിനു ബലിതർപ്പണത്തിനു തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കും

0

തിരുവനന്തപുരം: ഇത്തവണത്തെ കർക്കടക വാവിനു ബലിതർപ്പണത്തിനു തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കും. ജൂലായ് 28-ന് പുലർച്ചെ രണ്ടുമുതൽ ബലിതർപ്പണം ആരംഭിക്കും. തിരുവല്ലം, വർക്കല, ശംഖുംമുഖം, അരുവിക്കര, ആലുവ ശിവക്ഷേത്ര മണപ്പുറം, തിരുമുല്ലാവാരം എന്നിവിടങ്ങളിലും നെയ്യാറ്റിൻകര ഗ്രൂപ്പിലെ വിവിധ ക്ഷേത്രങ്ങളിലും വാവുബലിക്ക് മുൻകാലങ്ങളിലെപ്പോലെ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപന്റെ അധ്യക്ഷതയിൽ ചേർന്ന ദേവസ്വം ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനിച്ചു.

തിരുവല്ലം ക്ഷേത്രത്തിൽ നിലവിലുള്ളതിനു പുറമേ ഒമ്പത് താത്കാലിക ബലിപ്പുരകൾ സ്ഥാപിക്കും. താത്കാലിക ഷെഡ്ഡുകൾ നിർമ്മിക്കും. കൊട്ടാരക്കര, മാവേലിക്കര, കരുനാഗപ്പള്ളി, വൈക്കം, കൊല്ലം എന്നീ ദേവസ്വം ഗ്രൂപ്പുകളിലെ ക്ഷേത്രങ്ങളിലും മുൻകാലത്തെപ്പോലെ ബലിയിടാം. ക്ഷേത്രക്കുളങ്ങളും പുഴക്കടവുകളും ഉള്ള മറ്റു പ്രധാന ക്ഷേത്രങ്ങളിലും ബലിതർപ്പണവും തിലഹോമവും ഉണ്ടാവും. പുരോഹിതന്മാരെ ബോർഡ് നിയമിക്കും.

കൂടുതൽ ആളുകൾ തർപ്പണത്തിന് എത്തുന്ന ക്ഷേത്രങ്ങളിൽ ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർമാരെ സ്‌പെഷ്യൽ ഓഫീസർമാരായി നിയോഗിക്കും. കൂടുതൽ ദേവസ്വം ജീവനക്കാരെയും ഗാർഡുമാരെയും താത്കാലിക ജീവനക്കാരെയും നിയമിക്കും. ബലിക്കടവുകളിൽ ഷവറുകളും സ്ഥാപിക്കും.

ബോർഡ് ആസ്ഥാനത്ത് ചേർന്ന ഉന്നതതലയോഗത്തിൽ ദേവസ്വം ബോർഡ് അംഗം പി.എം.തങ്കപ്പൻ, കമ്മിഷണർ ബി.എസ്.പ്രകാശ്, സെക്രട്ടറി എസ്.ഗായത്രീദേവി, ചീഫ് എൻജിനിയർ അജിത്ത്കുമാർ തുടങ്ങിയവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here