അറക്കുളം പഞ്ചായത്തിലെ വലിയമാവ് പട്ടികവർഗ കോളനിയുടെ അടിസ്ഥാന സൗകര്യവികസനത്തിന് ഒരു കോടി അനുവദിച്ചു

0

ചെറുതോണി: അറക്കുളം പഞ്ചായത്തിലെ വലിയമാവ് പട്ടികവർഗ കോളനിയുടെ അടിസ്ഥാന സൗകര്യവികസനത്തിന് ഒരു കോടി അനുവദിച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍റെ അഭ്യർഥനപ്രകാരം പട്ടികവികസന വകുപ്പ് അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയിൽപെടുത്തിയതാണ് വലിയമാവ് കോളനി. കോളനിയില്‍ നടപ്പാക്കേണ്ട പ്രവൃത്തികൾ സംബന്ധിച്ച് രൂപരേഖ തയാറാക്കാൻ പ്രത്യേക ഊരുകൂട്ടം ചേര്‍ന്നു.
തൊടുപുഴ-പുളിയന്മല റോഡില്‍ പാറമടക്ക് സമീപം വൈശാലിയില്‍നിന്ന് കോളനിയിലേക്കുള്ള റോഡ് കോണ്‍ക്രീറ്റ് ചെയ്യാനാണ് ഊരുകൂട്ടത്തിന്‍റെ പ്രഥമ പരിഗണന. ഇതോടൊപ്പം കുടിവെള്ള ലഭ്യത, കമ്യൂണിറ്റി ഹാൾ നവീകരണം തുടങ്ങിയവയും നടപ്പാക്കും. 1.800 കിലോമീറ്റര്‍ ദൈര്‍ഘ്യം വനമേഖലയില്‍കൂടി പിന്നിട്ടാണ് കോളനിയില്‍ എത്തുന്നത്. റോഡ് നിർമാണത്തിന് വനം വകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്.

കൃഷിയിടങ്ങളില്‍ എത്തുന്ന കാട്ടുപന്നികളുടെ ശല്യം തടയാൻ വനം വകുപ്പ് നിർമിച്ച വേലി നവീകരിക്കാനും കൂടുതല്‍ പ്രദേശങ്ങളിലേക്ക് നീട്ടാനുമുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്.ഊരുമൂപ്പന്‍ രാജപ്പന്‍ അധ്യക്ഷതവഹിച്ച യോഗം അറക്കുളം പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്. വിനോദ് ഉദ്ഘാടനം ചെയ്തു. ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസര്‍ അനില്‍കുമാര്‍ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഗീത തുളസീധരന്‍, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.എല്‍. ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ സുശീല ഗോപി, പി.എന്‍. ഷീജ, ഷിനി തോമസ്, സിന്ധു തുടങ്ങിയവര്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here