വിജിലന്‍സിനെ നോക്കുകുത്തിയാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌

0

തിരുവനന്തപുരം : വിജിലന്‍സിനെ നോക്കുകുത്തിയാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌. ശംഖുമുഖം ദേവീക്ഷേത്രത്തിലെ പതക്കം നഷ്‌ടപ്പെട്ടതുമായി ബന്ധപ്പെട്ട വിജിലന്‍സ്‌ അന്വേഷണ റിപ്പോര്‍ട്ടാണ്‌ ഏറ്റവുമൊടുവില്‍ പൊടിപിടിച്ച്‌ ബോര്‍ഡിന്റെ അലമാരയിലിരിക്കുന്നത്‌. പുരാതനമായ 4.5 ഗ്രാം തൂക്കമുള്ള പതക്കമാണു കഴിഞ്ഞ സെപ്‌റ്റംബര്‍ 14-നു സ്‌ട്രോങ്‌ റൂമില്‍നിന്നു കാണാതായത്‌. സംഭവത്തില്‍ വിജിലന്‍സ്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍ മനു പി. മേനോന്‍ സമര്‍പ്പിച്ച റിപ്പോട്ടില്‍ ബോര്‍ഡ്‌ ഇതുവരെ നടപടിയെടുത്തിട്ടില്ല. റിപ്പോര്‍ട്ട്‌ പ്രകാരം ക്രിമിനല്‍ നടപടിയടക്കം നേരിടേണ്ട ഉദ്യോഗസ്‌ഥര്‍ക്കു പ്രമുഖക്ഷേത്രങ്ങളുടെ ചുമതലയും നല്‍കി!
കഴിഞ്ഞ ഒക്‌ടോബര്‍ 13-നാണ്‌ വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ ബോര്‍ഡിനു നല്‍കിയത്‌. എന്നാല്‍ അന്ന്‌ ബോര്‍ഡ്‌ പ്രസിഡന്റായിരുന്ന എന്‍. വാസു ചുമതലയൊഴിയുന്ന സമയമായതിനാല്‍, പുതിയ ഭരണസമിതി നടപടിയെടുക്കട്ടെയെന്നു പറഞ്ഞ്‌ ഫയല്‍ മാറ്റിവച്ചു. പുതിയ പ്രസിഡന്റും ബോര്‍ഡും ചുമതലയേറ്റെങ്കിലും പതക്കം കാണാതായ സംഭവത്തിലെ വിജിലന്‍സ്‌ റിപ്പോര്‍ട്ടില്‍ നടപടിയെടുത്തില്ല.
തിരുവനന്തപുരം അസിസ്‌റ്റന്റ്‌ ദേവസ്വം കമ്മിഷണറായിരുന്ന എസ്‌.ആര്‍. സജിന്‍, ശംഖുമുഖം സബ്‌ ഗ്രൂപ്പ്‌ ഓഫീസറായിരുന്ന ആര്‍. ശ്യാംകുമാര്‍, മുന്‍ സബ്‌ ഗ്രൂപ്പ്‌ ഓഫീസറും വെള്ളായണി സബ്‌ ഗ്രൂപ്പ്‌ ഓഫീസറുമായിരുന്ന എസ്‌. ശ്രീനിവാസ്‌, ശംഖുമുഖം മുന്‍ സബ്‌ ഗ്രൂപ്പ്‌ ഓഫീസറും മിത്രാനന്ദപുരം സബ്‌ ഗ്രൂപ്പ്‌ ഓഫീസറുമായിരുന്ന ശ്രീകുമാര്‍ എന്നിവര്‍ക്കെതിരേ ക്രിമിനല്‍ നടപടിയാണു വിജിലന്‍സ്‌ ശിപാര്‍ശ ചെയ്‌തത്‌. സജിനെതിരേ വകുപ്പുതലനടപടിയും ശിപാര്‍ശ ചെയ്‌തിരുന്നു.2021 സെപ്‌റ്റംബര്‍ 14-നു സ്‌ട്രോങ്‌ റൂമിലുണ്ടായിരുന്ന ഉള്ളൂര്‍ ഗ്രൂപ്പ്‌ അസിസ്‌റ്റന്റ്‌ ദേവസ്വം കമ്മിഷണര്‍ എല്‍. ശകുന്തളകുമാരി, ഒ.ടി.സി. ഹനുമാന്‍ ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍ രാഗിണി, നെയ്യാറ്റിന്‍കര ദേവസ്വം സബ്‌ ഗ്രൂപ്പ്‌ ഓഫീസര്‍ എസ്‌.ജി. അരവിന്ദ്‌, വലിയശാല ദേവസ്വം സബ്‌ ഗ്രൂപ്പ്‌ ഓഫീസര്‍ വി.ആര്‍. കൃഷ്‌ണകുമാര്‍, കുശക്കോട്‌ ദേവസ്വം സബ്‌ ഗ്രൂപ്പ്‌ ഓഫീസര്‍ പി. അനില്‍കുമാര്‍, പഴവടി ദേവസ്വം സബ്‌ ഗ്രൂപ്പ്‌ ഓഫീസര്‍ ഹരിപ്രിയ, തിരുച്ചിറ്റൂര്‍ ദേവസ്വം സബ്‌ ഗ്രൂപ്പ്‌ ഓഫീസര്‍ ജെ. രാജിക, പാല്‍ക്കുളങ്ങര ദേവസ്വം സബ്‌ ഗ്രൂപ്പ്‌ ഓഫീസര്‍ പി. രവി എന്നിവരോട്‌ വിശദീകരണം വാങ്ങി ആവശ്യമെങ്കില്‍ അച്ചടക്കനടപടിക്കും ശിപാര്‍ശയുണ്ടായിരുന്നു.
യഥാര്‍ത്ഥ പതക്കം അപഹരിച്ചശേഷം അതേ തൂക്കത്തിലും വലിപ്പത്തിലുമുള്ള വ്യാജപതക്കം സ്‌ട്രോങ്‌ റൂമില്‍ സൂക്ഷിക്കുകയായിരുന്നു. കിഴക്കേക്കോട്ടയിലെ ഒരു ജൂവലറിയില്‍നിന്നാണ്‌ വ്യാജപതക്കം വാങ്ങിയതെന്നും കണ്ടെത്തി. സംഭവം വിവാദമായതോടെ യഥാര്‍ത്ഥപതക്കം കൊണ്ടുവയ്‌ക്കാന്‍ ശ്രമം നടന്നെങ്കിലും സ്‌ട്രോങ്‌ റൂം തുറക്കാന്‍ സാധിച്ചിരുന്നില്ല. ദേവസ്വം ഡെപ്യൂട്ടി കമ്മിഷണര്‍ക്കാണു സ്‌ട്രോങ്‌ റൂമിന്റെ ചുമതല. അദ്ദേഹത്തിനാണു റൂം തുറക്കാന്‍ അധികാരമുള്ളത്‌. ഗ്രൂപ്പ്‌ അസിസ്‌റ്റന്റ്‌ കമ്മിഷണര്‍മാരുടെയും സബ്‌ ഗ്രൂപ്പ്‌ ഓഫീസര്‍മാരുടെയും സാന്നിധ്യത്തിലാണു സ്‌ട്രോങ്‌ റൂം തുറക്കേണ്ടത്‌. ഡെപ്യൂട്ടി കമ്മിഷണറുടെ കണ്ണുവെട്ടിച്ചാണു വ്യാജപതക്കം തിരുകിക്കയറ്റിയത്‌. പിടിവീഴുമെന്നായപ്പോള്‍ യഥാര്‍ത്ഥപതക്കം കൊണ്ടുവന്നെങ്കിലും സ്‌ട്രോങ്‌ റൂം തുറക്കാനായില്ല.
വിജിലന്‍സ്‌ അന്വേഷണത്തിന്റെ ഭാഗമായി സ്‌ട്രോങ്‌ റൂം തുറന്ന്‌ പരിശോധിച്ചപ്പോഴാണു കള്ളിവെളിച്ചത്തായത്‌. തുടര്‍ന്ന്‌ സബ്‌ ഗ്രൂപ്പ്‌ ഓഫീസര്‍മാരെ ചോദ്യംചെയ്‌തപ്പോള്‍ അപഹരണം വ്യക്‌തമായി. മോഷ്‌ടിക്കപ്പെട്ടെന്നു പറഞ്ഞ പതക്കം സബ്‌ ഗ്രൂപ്പ്‌ ഓഫീസര്‍മാരുടെ കൈവശമുണ്ടായിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയുള്ള റിപ്പോര്‍ട്ടാണു വിജിലന്‍സ്‌ സമര്‍പ്പിച്ചത്‌. ഉള്ളൂര്‍, തിരുവനന്തപുരം ഗ്രൂപ്പുകളുടെ സ്‌ട്രോങ്‌ റൂമായ വലിയശാലയില്‍ സൂക്ഷിച്ചിരിക്കുന്ന എല്ലാ ദേവസ്വങ്ങളുടെയും തിരുവാഭരണങ്ങള്‍ തിരുവാഭരണ കമ്മിഷണറെക്കൊണ്ടു പരിശോധിപ്പിക്കാനും വിജിലന്‍സ്‌ ശിപാര്‍ശ ചെയ്‌തിരുന്നു. ശംഖുമുഖം ദേവീക്ഷേത്രത്തില്‍ നേര്‍ച്ചയായി ലഭിച്ച ഒരു മാലയിലും കൃത്രിമം നടന്നതായി ആരോപണമുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here