ലാത്തിച്ചാര്‍ജില്‍ നിരവധിപേര്‍ക്കു പരുക്ക്‌;17 പേര്‍ അറസ്‌റ്റില്‍

0

കണ്ണൂര്‍: തളിപ്പറമ്പ്‌, കരിമ്പത്ത്‌ യൂത്ത്‌ കോണ്‍ഗ്രസ്‌, യൂത്ത്‌ ലീഗ്‌ പ്രവര്‍ത്തകര്‍ക്കുനേരേ പോലീസ്‌ നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധിപേര്‍ക്കു പരുക്ക്‌. 17 പേര്‍ അറസ്‌റ്റില്‍. കരിമ്പം കില കാമ്പസിനു മുന്നിലെ റോഡിനു സമീപം ബാരിക്കേഡ്‌ തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെയാണു പോലീസ്‌ അടിച്ചോടിച്ചത്‌.
യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാനസമിതിയംഗം രാഹുല്‍ ദാമോദരന്‍, ജില്ലാ വൈസ്‌ പ്രസിഡന്റ്‌ വി.രാഹുല്‍, സി.വി. വരുണ്‍, ജയ്‌സണ്‍ പരിയാരം, യൂത്ത്‌ ലീഗ്‌ നേതാക്കളായ കെ.പി. നൗഷാദ്‌, അഷ്‌റഫ്‌ ബപ്പു, സയീദ്‌ പന്നിയൂര്‍, സുബൈര്‍ മണ്ണന്‍, ഹനീഫ മദ്രസ, ഷുഹൈബ്‌ കുപ്പം, ഷാഹുല്‍ കപ്പാലം, അനസ്‌ കപ്പാലം, സഫ്വാന്‍ ഇരിങ്ങല്‍, ആഷിഖ്‌ തടിക്കടവ്‌, ജുബൈര്‍ അയിയില്‍, അലി മംഗര, നൗഷാദ്‌ പുതുക്കണ്ടം, ഓലിയന്‍ ജാഫര്‍ എന്നിവരാണ്‌ അറസ്‌റ്റിലായത്‌.
ഇന്നലെ രാവിലെ പത്തരയോടെ, മുഖ്യമന്ത്രി ധര്‍മ്മശാല ചൊറുക്കള വഴി കരിമ്പത്തെ കില കാമ്പസില്‍ എത്തിയശേഷമായിരുന്നു സംഭവം. പ്രതിഷേധക്കാരെ പോലീസ്‌ റോഡിലൂടെ 50 മീറ്ററോളം അടിച്ചോടിച്ചു. നിരവധി പ്രവര്‍ത്തകര്‍ക്കു വീണുപരുക്കേറ്റു. അറസ്‌റ്റിലായവരെ മാങ്ങാട്ടുപറമ്പിലെ കെ.എ.പി. ആസ്‌ഥാനത്തേക്കു കൊണ്ടുപോയെങ്കിലും ഉച്ചകഴിഞ്ഞ്‌ രണ്ടോടെ വിട്ടയച്ചു. പരുക്കേറ്റ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാക്കളായ രാഹുല്‍ ദാമോദരന്‍, വി. രാഹുല്‍, നിസാം മയ്യില്‍, ജയ്‌സണ്‍ പരിയാരം, യൂത്ത്‌ ലീഗ്‌ നേതാവ്‌ നൗഷാദ്‌ പുതുക്കണ്ടം എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തല്ലിയതു ജലപീരങ്കി കേടായതുകൊണ്ട്‌!

രാവിലെ ഒന്‍പതുമുതല്‍ സംസ്‌ഥാനപാതയില്‍ പൊക്കുണ്ട്‌ മുതല്‍ മന്ന വരെ ആംബുലന്‍സ്‌ ഒഴികെയുള്ള വാഹനങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ജലപീരങ്കി പ്രവര്‍ത്തനരഹിതമായതിനാലാണു ലാത്തിച്ചാര്‍ജ്‌ നടത്തിയതെന്നു പോലീസും മനഃപൂര്‍വം മര്‍ദിക്കുകയായിരുന്നെന്നു യൂത്ത്‌ കോണ്‍ഗ്രസും പറയുന്നു. കെ.എ.പിയിലെ പോലീസുകാര്‍ നെയിം ബോര്‍ഡ്‌ പോലും ധരിക്കാതെയാണ്‌ എത്തിയതെന്നു രാഹുല്‍ ദാമോദരന്‍ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here