തിരുവനന്തപുരം ആർഡിഒ കോടതിയിൽ നിന്നും തൊണ്ടിമുതൽ മോഷ്ടിച്ച കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിറക്കാതെ ആഭ്യന്തര വകുപ്പിന്‍റെ ഒളിച്ച് കളി

0

തിരുവനന്തപുരം: തിരുവനന്തപുരം ആർഡിഒ കോടതിയിൽ നിന്നും തൊണ്ടിമുതൽ മോഷ്ടിച്ച കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിറക്കാതെ ആഭ്യന്തര വകുപ്പിന്‍റെ ഒളിച്ച് കളി. അന്വേഷണ അട്ടിമറിക്ക് പിന്നിൽ ഉദ്യോസ്ഥരെ സംരക്ഷിക്കാനുള്ള നീക്കമാണെന്നാണ് ഉയരുന്ന ആക്ഷേപം. ഒരു മുൻ സീനിയർ സൂപ്രണ്ടാണ് സ്വർണ മോഷണത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞിട്ടും ഇതേവരെ അറസ്റ്റുമുണ്ടായിട്ടില്ല. സ്വപ്ന സുരേഷിനെതിരായ കേസിലും മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസിലും മണിക്കൂറുകൾക്കുള്ളിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു.
ആർഡിഒ കോടതിയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന നൂറ് പവനിലധികം വരുന്ന സ്വർണവും, ഇതുകൂടാതെ വെള്ളി ആഭരണങ്ങളും പണവുമാണ് മോഷണം പോയത്. കളക്ടറിലേറ്റിൽ നിന്നും തൊണ്ടിമുതലുകള്‍ കാണാതായതിന് കഴിഞ്ഞ മാസം 31നാണ് സബ് കളക്ടറുടെ പരാതിയിൽ പേരൂർക്കട പൊലീസ് കേസെടുത്തത്. കളക്ടേറ്റിൽ നിന്നും തൊണ്ടിമുതലുകൾ മോഷ്ടിച്ച കേസ് വിജിലൻസിന് കൈമാറാൻ റവന്യൂ വകുപ്പ് ശുപാർശ ചെയ്തു. സീനിയർ സൂപ്രണ്ടാണ് തൊണ്ടിമുതലുകളുടെ കസ്റ്റോഡിയന്‍. സ്വർണം മോഷണം പോയ കാലയളവിൽ 20 ലധികം സീനിയർ സൂപ്രണ്ടുമാരാണ് സ്വർണം സൂക്ഷിച്ചിരുന്നത്. ഇതിൽ ചിലർ ഇപ്പോള്‍ സ്ഥാനകയറ്റം ലഭിച്ച ഡെപ്യൂട്ടി കളക്ടർമാരാണ്, ചില‍ർ വിരമിച്ചു. പലരും സർവ്വീസ് സംഘടനയിൽ സ്വാധീനമുള്ളവരാണ്. സീനിയർ സൂപ്രണ്ടുമാരായ ചുമതലയേറ്റെടുക്കുമ്പോള്‍ തൊണ്ടിമുതലുകള്‍ തൂക്കി തിട്ടപ്പെടുത്തി രജിസ്റ്ററിൽ രേഖപ്പെടുത്തി വേണം ഓരോ ഉദ്യോഗസ്ഥനും സ്ഥാനമേറ്റെടുക്കേണ്ടത്. പക്ഷെ ഈ മാനദണ്ഡം  ഉദ്യോഗസ്ഥർ പാലിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here