കൊല്ലം കളക്ടറേറ്റ് സ്‌ഫോടനക്കേസിലെ നാല് പ്രതികളുടെയും റിമാൻഡ് കാലാവധി ഈ മാസം 30 വരെ നീട്ടി

0

കൊല്ലം: കൊല്ലം കളക്ടറേറ്റ് സ്‌ഫോടനക്കേസിലെ നാല് പ്രതികളുടെയും റിമാൻഡ് കാലാവധി ഈ മാസം 30 വരെ നീട്ടി. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. മധുര സ്വദേശികളായ അബ്ബാസ് അലി, ദാവൂദ് സുലൈമാൻ, ഷംസുദ്ദീൻ കരീംരാജ, ഷംസുദ്ദീൻ എന്നിവരുടെ റിമാൻഡ് കാലാവധിയാണ് നീട്ടിയത്.

കൊല്ലത്തെ സ്‌ഫോടനക്കേസിൽ ആകെ അഞ്ചുപ്രതികളാണുണ്ടായിരുന്നത്. ഇതിൽ ഒരാളെ പോലീസ് പിന്നീട് മാപ്പുസാക്ഷിയാക്കി. മറ്റു നാല് പ്രതികളും എൻ.ഐ.എ. രജിസ്റ്റർ ചെയ്ത കേസിൽ പിടിയിലായി ബെംഗളൂരുവിലെ ജയിലിലായിരുന്നു. ഇവിടെനിന്നാണ് പ്രതികളെ കൊല്ലത്ത് എത്തിച്ച് കോടതിയിൽ ഹാജരാക്കിയത്.

2016 ജൂൺ 15-നാണ് കൊല്ലം കളക്ടറേറ്റ് വളപ്പിലെ മുൻസിഫ് കോടതിക്ക് സമീപം സ്‌ഫോടനമുണ്ടായത്. ഇവിടെ നിർത്തിയിട്ടിരുന്ന ഒരു ജീപ്പിൽ സ്‌ഫോടക വസ്തുക്കൾ സ്ഥാപിക്കുകയായിരുന്നു. തെങ്കാശിയിൽ ബസ് മാർഗം കൊല്ലത്ത് എത്തിയ ഷംസുദ്ദീൻ കരീംരാജയാണ് ജീപ്പിൽ സ്‌ഫോടക വസ്തു സ്ഥാപിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കർണാടകയിലെ മൈസൂരു, ആന്ധ്രപ്രദേശിലെ നെല്ലൂർ എന്നിവിടങ്ങളിലും ഇതേ സമയത്ത് സ്‌ഫോടനം നടന്നിരുന്നു. ഈ കേസുകൾ പിന്നീട് എൻ.ഐ.എ. ഏറ്റെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here