സിപിഎം പ്രവർത്തകനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി മർദ്ദിച്ചു

0

സിപിഎം പ്രവർത്തകനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി മർദ്ദിച്ചു. വടകരയ്ക്കടുത്ത് കല്ലേരിയിൽ ഒന്തമൽ ബിജുവിനാണ് മർദ്ദനമേറ്റത്. അദ്ദേഹത്തിന്റെ കാർ പൂർണമായും കത്തിക്കുകയും ചെയ്തു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. വാനിലെത്തിയ നാലംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന. അർജുൻ ആയങ്കിയെ ഒളിവിൽ പാർപ്പിച്ചുവെന്ന ആരോപണം നേരിട്ടയാളാണ് ബിജു.

ചൊവ്വാഴ്ച പുലർച്ചെ ഒന്നര മണിയോടെയാണ് സംഭവം. വാനിൽ എത്തിയ സംഘത്തിൽ നാല് പേർ ഉണ്ടായിരുന്നു. ആക്രമിച്ചവർക്ക് യുവാവുമായി മുൻപരിചയമുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇവർ ബിജുവിനെ വിളിച്ചിറക്കി വീടിന് പുറത്തേക്ക് കൊണ്ട് പോയി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിന് കാരണമെന്നും സൂചനയുണ്ട്.

ആക്രമണവുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. സ്വർണക്കടത്തു സംഘമാണ് ആക്രമണം നടത്തിയതെന്നാണ് ഒരു സംശയം. കണ്ണൂരിൽനിന്നെത്തിയ ക്വട്ടേഷൻ സംഘമാണ് ആക്രമണത്തിനു പിന്നിലെന്നും സൂചനയുണ്ട്. രാഷ്ട്രീയപരമായ കാരണമാണോ അതോ സാമ്പത്തിക കാരണങ്ങളാണോ എന്ന് അന്വേഷിച്ച് വരികയാണ്. ബിജുവിന്റെ കാർ വാടകയ്ക്ക് വേണം എന്ന് പറഞ്ഞായിരുന്നു സംഘം വിളിച്ചിറക്കിയതെന്നും പൊലീസ് പറയുന്നു.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് ഇരയായ യുവാവിന്റെ മൊഴി ഇതുവരെ പൂർണമായും രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. പ്രാഥമിക മൊഴി മാത്രമാണ് നിലവിൽ രേഖപ്പെടുത്തിയത്. യുവാവിന്റെ മൊഴി ലഭിക്കുന്നതോടെ അക്രമി സംഘത്തെക്കുറിച്ച് കൂടുതൽ സൂചനകൾ ലഭിക്കുമെന്ന വിശ്വാസത്തിലാണ് പൊലീസ്.

LEAVE A REPLY

Please enter your comment!
Please enter your name here